ന്യൂഡൽഹി: കോൺഗ്രസിന്‍റെ നേതൃത്വത്തിൽ രാജ്യ തലസ്ഥാനത്ത് നടക്കുന്ന ജൻ ആക്രോശ് റാലിയെ രാഹുൽ ഗാന്ധി അഭിസംബോധന ചെയ്തു. രാഹുൽ പാർട്ടി പ്രസിഡന്‍റായതിന് ശേഷം തലസ്ഥാനത്ത് നടക്കുന്ന ആദ്യ റാലിയെന്ന പ്രത്യേകത കൂടി ഈ റാലിക്കുണ്ട്. ഡൽഹിയിലെ രാം ലീല മൈതാനിയിലാണ് റാലി സംഘടിപ്പിച്ചത്.

റാലിയില്‍ മോദിക്കെതിരേയും ബിജെപിക്കെതിരേയും രാഹുല്‍ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ചു. മുന്‍ അദ്ധ്യക്ഷ സോണിയ ഗാന്ധിയും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും സംസാരിച്ചു. ‘നാല് വര്‍ഷം മുമ്പ് ജനങ്ങള്‍ നിങ്ങളെ വിശ്വസിച്ചിരുന്നു. ഇപ്പോള്‍ നിങ്ങളുടെ കളളങ്ങളിലൂടെയാണ് ജനം നിങ്ങളെ നോക്കിക്കാണുന്നത്’, റാലിക്ക് മുമ്പ് കോണ്‍ഗ്രസ് വ്യക്തമാക്കി.

രാജ്യത്തെ കര്‍ഷകരെ മോദി പറ്റിച്ചെന്ന് സോണിയ ഗാന്ധി ആരോപിച്ചു. നമ്മുടെ ജനാധിപത്യ സംവിധാനങ്ങള്‍ ആക്രമത്തിന് ഇരയാവുകയാണെന്ന് മന്‍മോഹന്‍ സിങ് ആരോപിച്ചു. ‘നിയമസംവിധാനവും പാര്‍ലമെന്റ് സംവിധാനവും തകര്‍ക്കപ്പെടുകയാണ്. നമ്മുടെ ജനാധിപത്യം തകര്‍ച്ചയുടെ വക്കിലാണ്. അതിനെ സംരക്ഷിക്കാനായി നമ്മള്‍ കൈകോര്‍ത്ത് പ്രവര്‍ത്തിക്കണം’, മന്‍മോഹന്‍ സിങ് പറഞ്ഞു.

രാജ്യത്തുടനീളമുളള ജനങ്ങളും ബിജെപി സര്‍ക്കാരിന്റെ കീഴില്‍ അസംതൃപ്തരാണെന്ന് രാഹുല്‍ പറഞ്ഞു. രാജ്യത്തെ ജനങ്ങളുടെ പണം നീരവ് മോദിയുടെ പോക്കറ്റിലേക്കാണ് പോയതെന്ന് അദ്ദേഹം ആരോപിച്ചു. ‘വ്യത്യസ്തങ്ങളായ വിശ്വാസങ്ങളും മതങ്ങളും ഉളള രാജ്യമാണ് നമ്മുടേത്. വിശ്വാസത്തിന്റേയും അടിത്തറ സത്യമാണ്. ദൈവത്തിന് മുമ്പില്‍ നമ്മള്‍ തല കുനിക്കുമ്പോള്‍ സത്യത്തിന് മുമ്പിലാണ് നമ്മള്‍ തല കുനിക്കുന്നത്. മോദി സംസാരിക്കുമ്പോള്‍ സത്യത്തിന്റെ കണികയെങ്കിലും കണ്ടെത്താന്‍ ജനങ്ങള്‍ തിരയേണ്ടി വരുന്നു’, രാഹുല്‍ വ്യക്തമാക്കി.

രാജസ്ഥാന്‍, കര്‍ണാടക, ഛത്തീസ്ഗഢ് എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ കോണ്‍ഗ്രസ് തയ്യാറെടുത്തുവെന്നും രാഹുല്‍ പറഞ്ഞു. സത്യത്തിന് വേണ്ടിയാണ് കോണ്‍ഗ്രസ് പോരാടുന്നതെന്നും അധികാരത്തിന് വേണ്ടിയല്ലെന്നും രാഹുല്‍ വ്യക്തമാക്കി. ആസന്നമായ കർണാടക തിരഞ്ഞെടുപ്പിന് തൊട്ട് മുൻപ് നടക്കുന്ന റാലിയിൽ വിഭാഗീയ രാഷ്ട്രീയത്തിനെതിരെയും വാഗ്‌ദാനം നൽകി വഞ്ചിച്ചതിനെതിരെയും രാഹുല്‍ ആഞ്ഞടിച്ചു. അഴിമതി, തൊഴിലില്ലായ്മ, സാമ്പത്തിക അവസ്ഥ, സ്ത്രീകൾക്ക് നേരെ വർധിച്ചു വരുന്ന അക്രമങ്ങൾ, ദലിതർക്ക് നേരെയുള്ള അക്രമങ്ങൾ എന്നിവയെക്കുറിച്ച് രാഹുൽ ഗാന്ധി തുറന്നടിച്ചു.

മോദി ഭരണത്തിനെതിരെ ദരിദ്രർ, വൃദ്ധർ, യുവാക്കൾ, കർഷകർ, സ്ത്രീകൾ തുടങ്ങി സമൂഹത്തിന്‍റെ വിവിധ തുറയിലുള്ളവരുടെ പ്രതിഷേധമാണിത്. അതിനാലാണ് ജൻ ആക്രോശ് റാലി എന്ന് പേരിട്ടിരിക്കുന്നതെന്നും കോണ്‍ഗ്രസ് നേരത്തെ വ്യക്തമാക്കിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook