സാംബ: കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ഥികളെ ദേശവിരുദ്ധരെന്ന് വിളിച്ച് മര്‍ദിച്ചതിനു പിന്നാലെ ജമ്മു സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്യപ്പെട്ട നിലയില്‍. വിദ്യാര്‍ഥികള്‍ക്കെതിരായ നടപടിയില്‍ പ്രതിഷേധ സൂചകമായാണ് വെബ്സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് തമിഴ്നാട്ടില്‍ നിന്നും കേരളത്തില്‍ നിന്നുമുള്ള വിദ്യാര്‍ഥികള്‍ക്ക് നേരെ ദേശവിരുദ്ധ പരാമര്‍ശത്തോടെ മര്‍ദനം നേരിടേണ്ടി വന്നത്. പശുവിറച്ചി തിന്നുന്നവരും ദേശവിരുദ്ധരുമാണെന്ന് പറഞ്ഞ് മര്‍ദനം നേരിടേണ്ടി വന്നതായി നിരവധി വിദ്യാര്‍ഥികള്‍ പറയുന്നു.
Read More: ‘എതിര് അഭിപ്രായമുള്ളവരെ ശത്രുക്കളായോ ദേശവിരുദ്ധരായോ ബിജെപി കരുതിയിട്ടില്ല’: എല്‍.കെ.അദ്വാനി
എന്നാല്‍, കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് നേരെ ആക്രമണമുണ്ടായി എന്ന വാര്‍ത്ത യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ പ്രൊഫ. അശോക് ഐമ നിഷേധിച്ചു. വെബ്സൈറ്റ് ഹാക്ക് ചെയ്യപ്പെട്ട വിഷയത്തില്‍ പൊലീസിന് പരാതി നല്കിയിട്ടുള്ളതായും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ നിന്നുള്ള എഐഎസ്എഫ്, എസ്എഫ്ഐ സംഘടനകളില്‍ നിന്നുള്ള വിദ്യാര്‍ഥികളാണ് അവരെന്ന് വൈസ് ചാനസലര്‍ പറയുന്നു. അവര്‍ക്ക് സൗജന്യമായി ഭക്ഷണവും മദ്യവും വേണം എന്നാല്‍, അവരെ ആരും ചോദ്യം ചെയ്യാന്‍ പാടില്ലെന്ന നിലപാടാണ് അവർക്കെന്നും അദ്ദേഹം ആരോപിച്ചു.
യൂണിവേഴ്സിറ്റിയില്‍ പഠിക്കുന്ന കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് പൂര്‍ണ്ണ സുരക്ഷ നല്‍കണമെന്ന് കേരള ചീഫ് സെക്രട്ടറി ടോം ജോസ് കത്തിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തില്‍ നിന്നുള്ള രണ്ട് വിദ്യാര്‍ഥികള്‍ സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയില്‍ നടന്ന കാര്യങ്ങളെ കുറിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചതായാണ് റിപ്പോര്‍ട്ട്. ഇതേ തുടര്‍ന്നാണ് ചീഫ് സെക്രട്ടറിയുടെ ഇടപെടല്‍.
Read More: ആദ്യം മനുഷ്യര്‍, എന്നിട്ടാവാം പശുക്കള്‍; മധ്യപ്രദേശ് സര്‍ക്കാരിനെതിരെ സച്ചിന് പൈലറ്റ്
സര്‍വകലാശാലയില്‍ 1,500 ഓളം വിദ്യര്ഥികളുണ്ട്. അതില്‍ 60 മുതല്‍ 65 ശതമാനം വരെ മുസ്ലീം വിദ്യാര്‍ഥികളാണ്. കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ഥികളുടെ എണ്ണം 70 മുതല്‍ 80 വരെയും. അവര്‍ തീവ്രഇടതുപക്ഷ ചിന്താഗതിയുള്ളവരാണെന്നും എഐഎസ്എഫ് അംഗങ്ങളാണെന്നും വൈസ് ചാന്‍സലര്‍ പറയുന്നു.
വെബ്സൈറ്റ് ഹാക്ക് ചെയ്ത കേരള സൈബര്‍ വാരിയേഴ്സും ഇക്കാര്യത്തില്‍ പ്രതികരണവുമായി രംഗത്തെത്തി. കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ഥികളെ അക്രമിച്ചതിന് മറുപടിയായാണ് വെബ്സൈറ്റ് ഹാക്ക് ചെയ്തതെന്ന് അവര്‍ വ്യക്തമാക്കുന്നു. തലച്ചോറില്ലാത്ത എബിവിപി – ആര്‍എസ്എസ് പ്രവര്‍ത്തകരാണ് വിദ്യാര്‍ഥികളെ പശുവിറച്ചി തിന്നുന്നവരെന്ന് വിളിച്ച് അധിക്ഷിച്ചതും മര്ദിച്ചതുമെന്ന് കേരള സൈബര്‍ വാരിയേഴ്സ് പറയുന്നു.