ശ്രീനഗർ: സുഞ്ജുവാൻ സൈനിക ക്യാപിലെ സൈനിക ക്വാർട്ടേർസ് ആക്രമിച്ച ഭീകരരുടെ ആക്രമണത്തിൽ ഇതുവരെ അഞ്ച് സൈനികരടക്കം ആറ് പേർ മരിച്ചു. ആക്രമണം നടത്തിയ നാല് ഭീകരരെ സൈന്യം കൊലപ്പെടുത്തി. അതേസമയം ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്.

ശനിയാഴ്ച രാവിലെ അഞ്ച് മണിയോടെയാണ് നാല് ഭീകരരുടെ സംഘം സൈനിക ക്യാംപിന് പുറകുവശത്ത് ജൂനിയർ കമ്മാന്റിംഗ് ഓഫീസർമാരുടെ ക്വാർട്ടേർസിന് സമീപത്തേക്ക് നുഴഞ്ഞുകയറിയത്. ഒരു ജൂനിയർ കമ്മാന്റിംഗ് ഓഫീസർ ഭീകരാക്രമണത്തിൽ മരിച്ചു. ഇതിന് പുറമേ സ്ത്രീകളും കുട്ടികളും അടക്കം 11 പേർക്ക് പരിക്കേറ്റു.

ഭീകരരെ ഇവിടെ നിന്നും എങ്ങോട്ടും നീങ്ങാനാകാത്ത വിധം വലയം ചെയ്താണ് സൈന്യം തിരിച്ചാക്രമിച്ചത്. എന്നാൽ ഭീകരരുടെ ആക്രമണവും ശക്തമായിരുന്നു. അഫ്‌സൽ ഗുരുവിന്റെ വധശിക്ഷയ്ക്ക് ഒരു വർഷം പൂർത്തിയായപ്പോഴാണ് ആക്രമണം. ജയ്ഷെ മുഹമ്മദ് ഭീകരരാണ് ആക്രമണം നടത്തിയതെന്നാണ് സംശയം.

ഇന്ന് രാവിലെ കാശ്മീരിൽ സുഞ്ജുവാൻ സൈനിക ക്യാംപിന് മുകളിൽ ഹെലികോപ്റ്ററിലൂടെ ഏരിയൽ സന്ദർശനം നടത്തിയ ശേഷം കരസേന മേധാവി ബിപിൻ റാവത്ത് ഡൽഹിയിലേക്ക് മടങ്ങി. ഇന്ന് രാവിലെ നാലാമത്തെ ഭീകരനും മരിച്ചതോടെ സൈനിക ക്യാംപിൽ ഇനി ഭീകരർ അവശേഷിക്കുന്നില്ലെന്ന തോന്നലാണ് ഉളളത്. അതേസമയം ഇവിടെ സൈന്യം തിരച്ചിൽ തുടരുകയാണ്.

 

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ