ശ്രീനഗർ: ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ലയുടെ വീട്ടിലേക്ക് അതിക്രമിച്ചു കടക്കാൻ ശ്രമിച്ചയാളെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവച്ച് കൊലപ്പെടുത്തി. അക്രമി താൻ സഞ്ചരിച്ച കാർ ഫറൂഖ് അബ്‌ദുളളയുടെ വീട്ടിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നുവെന്നാണ് ആദ്യം പുറത്ത് വന്ന വിവരം.
എന്നാൽ പിന്നീട് ജമ്മു കശ്‌മീർ പൊലീസിലെ സീനിയർ സൂപ്രണ്ട് വിവേക് ഗുപ്ത തന്നെ സുരക്ഷ വിഭാഗത്തിൽ വീഴ്ചയുണ്ടായെന്ന് സമ്മതിച്ചു. “അക്രമി പ്രധാന കവാടത്തിന് മുന്നിൽ നിന്ന കാവൽക്കാരനെ കബളിപ്പിച്ച് അകത്തുകടന്നു. പിന്നീട് വീടിനകത്ത് കയറി. വീടിനകത്ത് ചില വസ്തുക്കൾ നശിപ്പിക്കപ്പെട്ടിട്ടുണ്ട്. പക്ഷെ അയാളെ വെടിവച്ച് കൊലപ്പെടുത്തി,” വിവേക് ഗുപ്ത പറഞ്ഞു.
സംഭവത്തിനിടെ ഫറൂഖ് അബ്ദുളളയുടെ വസതിയിൽ കാവൽ നിന്ന സുരക്ഷ വിഭാഗത്തിലെ ഒരു ഉദ്യോഗസ്ഥന് പരുക്കേറ്റിട്ടുണ്ട്. അക്രമം നടക്കുമ്പോൾ ഫറൂഖ് അബ്‌ദുളള മകൻ ഒമർ അബ്ദുളളയ്ക്ക് ഒപ്പം പുറത്തായിരുന്നു. ഇക്കാര്യം ഒമർ അബ്ദുളള ട്വിറ്റർ വഴി അറിയിച്ചു.
അക്രമി സുരക്ഷ സൈന്യത്തെ മറികടന്ന് മുൻവശത്തെ വാതിൽ വഴി വീടിനുള്ളിൽ കയറിയ ശേഷം ഒന്നാമത്തെ നില വരെ എത്തിയെന്നും ഇവിടെ വച്ചാണ് സൈനികർ ഇയാളെ വെടിവച്ച് കൊലപ്പെടുത്തിയതെന്നും ഒമർ അബ്ദുളള ട്വീറ്റിൽ പറഞ്ഞു.
അക്രമി ആരാണെന്ന് തിരിച്ചറിഞ്ഞു. അതേസമയം സുരക്ഷ സേനയെ കുറ്റപ്പെടുത്തി അക്രമിയുടെ പിതാവ് രംഗത്ത് വന്നിട്ടുണ്ട്. ജമ്മുവിൽ ബാൻ തലാബ് എന്ന സ്ഥലത്ത് തോക്ക് ഫാക്ടറി നടത്തുന്ന ഇയാൾ എന്തുകൊണ്ടാണ് തന്റെ മകനെ അറസ്റ്റ് ചെയ്യാതെ വെടിവച്ച് കൊലപ്പെടുത്തിയത് എന്ന് ചോദിച്ചു.
“അവൻ ഇന്നലെ രാത്രിയിലും എന്നോടൊപ്പമായിരുന്നു. എല്ലാ ദിവസവും രാവിലെ അവൻ ജിമ്മിൽ പോകാറുണ്ട്. ഇന്ന് രാവിലെയും അതിനായാണ് വീട്ടിൽ നിന്ന് പുറപ്പെട്ടത്. എന്തുകൊണ്ടാണ് അവൻ കൊല്ലപ്പെട്ടതെന്ന് എനിക്കറിയണം. അവൻ ഗേറ്റ് കടന്ന് അകത്ത് കയറുമ്പോൾ സുരക്ഷ ജീവനക്കാർ എവിടെയായിരുന്നു? എന്തുകൊണ്ടാണ് അവരവനെ അറസ്റ്റ് ചെയ്യാതിരുന്നത്?” അദ്ദേഹം ചോദിച്ചു.