ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരാക്രമണത്തിൽ രണ്ടു പൊലീസുകാരും പ്രദേശവാസികളും കൊല്ലപ്പെട്ടു. വെടിവയ്‌പിൽ രണ്ടു പൊലീസുകാരും രണ്ടു പ്രദേശവാസികളും കൊല്ലപ്പെട്ടതായി ഉദ്യോഗസ്ഥർ അറിയിച്ചു. ഇന്ന് ഉച്ചകഴിഞ്ഞായിരുന്നു ആക്രമണം.
ബരാമുല്ല ജില്ലയിലെ സോപോർ ടൗണിലെ മെയിൻ ചൗക്കിനു സമീപത്തായുണ്ടായിരുന്ന സിആർപിഎഫ് ജവാന്മാരെയും പൊലീസിനെയും ലക്ഷ്യമിട്ടാണ് ഭീകരർ വെടിയുതിർത്തത്. ഒരു പൊലീസുകാരനടക്കം മൂന്നുപേർക്ക് ആക്രമണത്തിൽ പരുക്കേറ്റതായും ഉദ്യോഗസ്ഥർ പറഞ്ഞു.
പരുക്കേറ്റ പ്രദേശവാസികളെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസുകാരെ ആർമിയുടെ 92 ബെയ്സ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. സംഭവ സ്ഥലം സുരക്ഷാ ഉദ്യോഗസ്ഥർ വളഞ്ഞിരിക്കുകയാണ്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.