ശ്രീനഗർ: ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദിന്റെ മുതിർന്ന കമാൻഡർ ഖാലിദ് അഹമ്മദ് ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ഇന്ത്യൻ സൈന്യം. വടക്കൻ കശ്മീരിലെ ലദൂര വില്ലേജിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിലാണ് ഇയാൾ മരിച്ചത്.

ഏഴ് വർഷമായി സൈന്യത്തിന് തലവേദന സൃഷ്ടിച്ചിരുന്ന എ പ്ലസ് പ്ലസ് വിഭാഗത്തിൽപ്പെട്ട ഭീകരനായിരുന്നു ഇയാൾ. വടക്കൻ കശ്മീരിലെ ജയ്ഷെ മുഹമ്മദിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിരുന്ന ഖാലിദ്, തെക്കൻ കശ്മീരിലും പ്രശ്നങ്ങൾ സൃഷ്ടിച്ചതായാണ് ജമ്മു കശ്മീർ പൊലീസിന്റെ റിപ്പോർട്ട്. ജമ്മു കശ്മീർ പൊലീസ് സ്പെഷൽ ഓപ്പറേഷൻ ഫോഴ്സ്, ലോക്കൽ പൊലീസ്, സിആർപിഎഫ് എന്നിവരടങ്ങിയ സംഘത്തിന്റെ ആക്രമണത്തിലാണ് ഖാലിദ് കൊല്ലപ്പെട്ടത്.

പട്രോളിങ് നടത്തിയ പൊലീസ് സംഘത്തിനെതിരെ വെടിയുതിർത്ത തീവ്രവാദികൾ പിന്നീട് ഇവിടെ അടുത്തുള്ള സ്വകാര്യവ്യക്തിയുടെ കെട്ടിടത്തിൽ ഒളിച്ചു. കൂടുതൽ സൈന്യം എത്തിയാണ് ഇവർക്കെതിരെ ആക്രമണം ആരംഭിച്ചത്. ഇയാൾ കശ്മീരിരിൽ യുവാക്കളെ ജയ്ഷെ മുഹമ്മദിലേക്ക് റിക്രൂട്ട് ചെയ്തിരുന്നുവെന്നാണ് പൊലീസ് പറഞ്ഞത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ