ശ്രീനഗർ: സായുധസേനയുടെ വാഹനത്തിന് അകത്തേക്ക് ഭീകരർ എറിഞ്ഞ ഗ്രനേഡിൽ നിന്ന് സൈനികർ അദ്ഭുതകരമായി രക്ഷപ്പെട്ടു. ഗ്രനേഡ് പൊട്ടും മുൻപ് വാഹനത്തിന് അകത്തുണ്ടായിരുന്ന സ്പെഷൽ പൊലീസ് ഓഫീസർ ഇത് പെട്ടെന്ന് പുറത്തേക്ക് തന്നെ തിരിച്ചെറിഞ്ഞതാണ് വലിയ അപകടം ഒഴിവാക്കിയത്.

തദ്ദേശീയരായ രണ്ടു പേർക്കും രണ്ട് പൊലീസുകാർക്കും ഒരു കേന്ദ്ര റിസർവ് പൊലീസ് ഉദ്യോഗസ്ഥനും ബോംബ് റോഡിൽ വച്ച് പൊട്ടിയതിനെ തുടർന്ന് പരുക്കേറ്റു.

സോപോറിലാണ് ഞായറാഴ്ച രാവിലെ സംഭവം നടന്നത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ബ്രാഞ്ചിന് മുന്നിൽ നിർത്തിയിട്ടിരുന്ന വാഹനത്തിലേക്കാണ് ബോംബെറിഞ്ഞത്. കൃത്യമായി ജീപ്പിനകത്ത് തന്നെ ബോംബ് വന്നു വീണു. എന്നാൽ സൈനികൻ ബോംബ് പൊട്ടുന്നതിന് മുൻപ് തന്നെ തിരിച്ച് റോഡിലേക്ക് എറിഞ്ഞു.

ഇക്കാര്യം പൊലീസ് വക്താവായ എസ്‌പി മനോജ് കുമാർ സ്ഥിരീകരിച്ചു. ഗ്രനേഡെറിഞ്ഞപ്പോൾ വാഹനത്തിനകത്ത് 15 സൈനികർ ഉണ്ടായിരുന്നുവെന്നും ഇദ്ദേഹം പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook