ന്യൂഡല്‍ഹി: കശ്മീരില്‍ പീപ്പിള്‍സ് കോണ്‍ഫറന്‍സ് നേതാവ് സജ്ജാദ് ലോണ്‍, പിഡിപി യൂത്ത് വിങ് പ്രസിഡന്റ് വഹീദ് പര എന്നിവരെ തടവില്‍നിന്ന് വീട്ടുതടങ്കലിലേക്കു മാറ്റി. ഓഗസ്റ്റ് മുതല്‍ ശ്രീനഗറിലെ എംഎല്‍എ ഹോസ്റ്റലില്‍ തടവില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു ഇരുവരെയും.

കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെത്തുടര്‍ന്ന് സജ്ജാദ് ലോണും വഹീദ് പരയും ഉള്‍പ്പെടെ നിരവധി രാഷ്ട്രീയക്കാരെയാണു ഭരണകൂടം തടവിലാക്കിയത്. ഇവര്‍ക്കൊപ്പം അഭിഭാഷകര്‍, ബിസിനസുകാര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവരെയും തടങ്കലിലാക്കിയിട്ടുണ്ട്. ലോണിനെയും പരയെയും മോചിപ്പിച്ചെങ്കിലും ഇനിയും 13 രാഷ്ട്രീയ നേതാക്കള്‍ എംഎല്‍എ ഹോസ്റ്റലില്‍ തടങ്കലില്‍ കഴിയുകയാണ്. എംഎല്‍എ ഹോസ്റ്റലിനെ ഉപജയിലായി താല്‍ക്കാലികമായി മാറ്റിയാണ് ഇവരെ ഇവിടെ പാര്‍പ്പിച്ചത്.

തെക്കന്‍ കശ്മീരിലെ വാച്ചിയില്‍നിന്നുള്ള മുന്‍ പിഡിപി എംഎല്‍എ ഐജാസ് അഹമ്മദ് മിര്‍, കശ്മീര്‍ ഫെഡറേഷന്‍ ചേംബര്‍ ഓഫ് ഇന്‍ഡസ്ട്രീസ് മുന്‍ പ്രസിഡന്റ് ഷക്കീല്‍ അഹമ്മദ് ഖലന്ദര്‍ എന്നിവരെ ജമ്മു കശ്മീര്‍ ഭരണകൂടം ചൊവ്വാഴ്ച വിട്ടയച്ചിരുന്നു. ഞായറാഴ്ച മുതല്‍ എട്ട് നേതാക്കളെ കരുതല്‍ തടങ്കലില്‍നിന്ന് മോചിപ്പിച്ചു. 2002 ല്‍ ഭീകരര്‍ കൊലപ്പെടുത്തിയ അബ്ദുല്‍ ഗനി ലോണിന്റെ മകനാണു സജ്ജാദ് ലോണ്‍. 2014 നവംബറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സജ്ജാദ് കൂടിക്കാഴ്ച നടത്തിയിരുന്നു. മോദിയെ ‘ജ്യേഷ്ഠന്‍’ എന്നു വിളിച്ചിരുന്ന സജ്ജാദ് നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം പിഡിപി-ബിജെപി സഖ്യസര്‍ക്കാരില്‍ ബിജെപി ക്വാട്ടയില്‍ മന്ത്രിയായി ചുമതലയേറ്റിരുന്നു.

Read Also: ഡൽഹി കൂട്ടബലാത്സംഗം: വധശിക്ഷ ഒന്നിച്ചു മതി; നടപടികൾ ഏഴ് ദിവസത്തിനുള്ളിൽ പൂർത്തിയാക്കണം

കഴിഞ്ഞ വര്‍ഷം നടന്ന തദ്ദേശഭരണ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ നാഷണല്‍ കോണ്‍ഫറന്‍സ്, പിഡിപി കക്ഷികള്‍ തീരുമാനിച്ചിരുന്നു. ഇതേത്തുടര്‍ന്ന് തിരഞ്ഞെടുപ്പ് നടത്താന്‍ സജ്ജാദ് നിര്‍ണായക പങ്ക് വഹിച്ചു. എന്നാല്‍ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തെ സജ്ജാദ് ശക്തമായി എതിര്‍ത്തു. കേന്ദ്രനീക്കത്തിനു മുന്നോടിയായി ശ്രീനഗറില്‍ നടന്ന സര്‍വകക്ഷി യോഗത്തില്‍ പങ്കെടുത്ത അദ്ദേഹം ജമ്മു കശ്മീരിന്റെ പ്രത്യേക പദവിയുമായി ബന്ധപ്പെട്ട ഏതൊരു നീക്കവും സംസ്ഥാനത്തെ ജനങ്ങള്‍ക്കെതിരായ ആക്രമണമാണെന്ന് പറഞ്ഞിരുന്നു.

മുന്‍ മുഖ്യമന്ത്രിമാരായ ഒമര്‍ അബ്ദുല്ല, മെഹബൂബ മുഫ്തി, ഫാറൂഖ് അബ്ദുല്ല എന്നിവരും തടങ്കലില്‍ കഴിയുകയാണ്. ഒമര്‍ അബ്ദുല്ലയെ ജനുവരി 15 നു ഹരി നിവാസില്‍നിന്ന് ഔദ്യോഗിക വസതിക്കു സമീപത്തെ വീട്ടിലേക്കു മാറ്റിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook