ശ്രീനഗർ: ജമ്മു കശ്മീരിൽ പിഡിപി നേതാവിന് വെടിയേറ്റു. പുൽവാമ ജില്ലയിലെ പിഡിപി പ്രസിഡന്റ് അബ്ദുൽ ഗാനി ദറിനാണ് വെടിയേറ്റതെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു. കാറിൽ സഞ്ചരിക്കവേ അജ്ഞാതൻ അബ്ദുൽ ഗാനിയെ വെടിവയ്ക്കുകയായിരുന്നുവെന്നാണ് സൂചന. അദ്ദേഹത്തെ ഉടൻതന്നെ ശ്രീനഗറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ജമ്മു കശ്മീരിലെ നിലവിലെ സ്ഥിതിഗതികളെക്കുറിച്ച് ചർച്ച ചെയ്യാൻ ജമ്മു കശ്മീർ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹബൂബ മുഫ്‌തി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും രാജ്നാഥ് സിങ്ങുമായും ഇന്നു കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ ദിവസം തന്നെയാണ് പിഡിപി നേതാവിനു നേരെ ആക്രമണം ഉണ്ടായത്.

പുൽവാമയിൽ വിദ്യാർഥികളും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിൽ കുറച്ചു നാളുകളായി ഏറ്റുമുട്ടൽ തുടരുകയാണ്. ഇതേത്തുടർന്ന് കഴിഞ്ഞ ഒരാഴ്ചയായി അടച്ചിട്ടിരുന്ന സ്കൂളുകളും കോളജുകളും ഇന്നാണ് തുറന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ