ന്യൂഡൽഹി: ജമ്മു കാശ്മീർ വിഷയത്തിൽ ഇന്ത്യക്കെതിരെ കൂടുതൽ നീക്കങ്ങളുമായി പാക്കിസ്ഥാൻ. ഇന്ത്യയുമായുള്ള നയതന്ത്രബന്ധം വെട്ടിച്ചുരുക്കാനും വ്യാപാരബന്ധം അവസാനിപ്പിക്കാനും പാകിസ്ഥാന്‍ തീരുമാനിച്ചു. പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍റെ അധ്യക്ഷതയില്‍ ഇസ്ലാമാബാദില്‍ ചേര്‍ന്നദേശീയസുക്ഷാസമിതി യോഗത്തലാണ് തീരുമാനം. ജമ്മു കാശ്മീരിനുണ്ടായിരുന്ന പ്രത്യേക പദവി എടുത്തുകളയുന്ന പ്രമേയവും സംസ്ഥാനത്തെ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളാക്കി മാറ്റുകയും ചെയ്യുന്ന ബില്ലും കഴിഞ്ഞ ദിവസമാണ് ഇന്ത്യൻ പാർലമെന്റ് പാസാക്കിയത്. ഇതിന് പിന്നാലെയാണ് പാക്കിസ്ഥാന്റെ നടപടി.

കശ്‍മീരിനെ വിഭജിച്ച ഇന്ത്യന്‍ നടപടിക്കെതിരെ ഐക്യരാഷ്ട്രസഭയിലും സുരക്ഷാസമിതിയിലും വിഷയം ഉന്നയിക്കാനും ആഗസ്റ്റ് 14-ലെ പാകിസ്ഥാന്‍റെ ദേശീയസ്വാതന്ത്രദിനം കശ്മീരികളോടുള്ള ഐക്യദാര്‍ഢ്യദിനമായി ആചരിക്കാനും യോഗം തീരുമാനിച്ചു.

Also Read: കശ്മീരില്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥ, കോണ്‍ഗ്രസ് നെഹ്‌റുവിനെ മറന്നു: കോടിയേരി

നേരത്തെ പാക്കിസ്ഥാൻ പാർലമെന്റ് സംയുക്തസമ്മേളനം വിളിച്ച് ജമ്മു കശ്മീർ വിഷയം ചർച്ച ചെയ്തിരുന്നു. ആരും ജയിക്കാത്ത ഒരു യുദ്ധമായി വിഷയം മാറുമെന്നും ആഗോള തലത്തിൽ ഇത് ബാധിക്കുമെന്നും ഇമ്രാൻ ഖാൻ പറഞ്ഞു. ഇന്ത്യയുടെ നടപടി അന്താരാഷ്ട്ര ഉടമ്പടികളുടെ ലംഘനമാണ്. പുല്‍വാമ മോഡല്‍ ആക്രമണങ്ങള്‍ ഇനിയും ഇന്ത്യയിലുണ്ടാവുമെന്നും ഇതില്‍ പാകിസ്ഥാനെ കുറ്റപ്പെടുത്താന്‍ വരേണ്ടെന്നും ഇമ്രാന്‍ സമ്മേളനത്തിനിടെ പറഞ്ഞിരുന്നു.

ഇന്നലെയാണ് 370 റദ്ദാക്കിയുള്ള ബില്‍ ലോക്‌സഭയില്‍ പാസാക്കിയത്. 72 നെതിരെ 351 വോട്ടുകള്‍ക്കാണ് പ്രമേയം പാസാക്കിയത്. കശ്മീരിലെ വിഘടനവാദികളുമായി ചര്‍ച്ചയില്ലെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. ജമ്മു കശ്മീരിലെ മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികളുമായി ചര്‍ച്ചയാകാമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ പ്രത്യേക പദവി എടുത്തുകളയില്ലെന്നും ഷാ വ്യക്തമാക്കി. കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണ്. പാക്ക് അധിനിവേശ കശ്മീര്‍ ഇന്ത്യയുടേതാണെന്നും ഷാ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook