ന്യൂഡൽഹി: ജമ്മു കശ്മീരിലെ കുട്ടികൾ ദേശീയവാദികളാണെങ്കിലും അവർ ചിലപ്പോൾ തെറ്റായ ദിശയിലേക്ക് നയിക്കപ്പെടുമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. ഡൽഹിയിലെ എൻസിസി റിപ്പബ്ലിക് ദിന ക്യാംപ് സന്ദർശിക്കുന്നതിനിടെയാണ് രാജ്‌നാഥ് സിങിന്റെ പ്രസ്താവന.

കശ്മീരിലെ പത്തിനും പന്ത്രണ്ടിനും ഇടയിൽ പ്രായമുള്ള പെൺകുട്ടികളും ആൺകുട്ടികളും തീവ്രവാദ ആശയങ്ങളിൽ ആകൃഷ്ടരാണെന്ന് പ്രതിരോധ ചീഫ് ജനറൽ ബിപിൻ റാവത്ത് പറഞ്ഞതിന് പിന്നാലെയാണ് പുതിയ പ്രസ്താവനയുമായി രാജ്‌നാഥ് സിങ് രംഗത്തെത്തിയത്.

Read More: ഞാൻ ആർഎസ്എസായിരുന്നു, ശാഖയിലും പോയിരുന്നു; തിരിച്ചറിവുണ്ടായതോടെ വിട്ടു: കണ്ണൻ ഗോപിനാഥൻ

“ജമ്മു കശ്മീരിലെ കുട്ടികൾ ദേശീയവാദികളാണ്. അവരെ മറ്റൊരു തരത്തിലും കാണരുത്,”  സംസ്ഥാനത്തെ കുട്ടികളെ എൻസിസിയിൽ ചേരാൻ‌ പ്രേരിപ്പിക്കുന്നതിനെക്കുറിച്ചുള്ള തന്റെ അഭിപ്രായത്തെക്കുറിച്ച് രാജ്‌നാഥ് സിങ് പറഞ്ഞു.

“കുട്ടികൾ കുട്ടികൾ മാത്രമാണ്. ചിലപ്പോൾ, അവരെ വേണ്ട രീതിയിൽ ആളുകൾ പ്രചോദിപ്പിക്കുന്നില്ല. വാസ്തവത്തിൽ അവർ തെറ്റായ ദിശയിലേക്ക് നയിക്കപ്പെടുന്നു. അതുകൊണ്ട് കുട്ടികളെ കുറ്റപ്പെടുത്തരുത്. അവരെ തെറ്റായി പ്രേരിപ്പിക്കുന്നവരെ കുറ്റപ്പെടുത്തണം. തെറ്റായ ദിശയിലേക്ക് സഞ്ചരിക്കാൻ അവരെ പ്രേരിപ്പിക്കുന്നവരാണ് കുറ്റവാളികൾ,” പ്രതിരോധ മന്ത്രി കൂട്ടിച്ചേർത്തു.

കശ്മീരി യുവാക്കൾക്കെതിരായ പ്രതിരോധ ചീഫ് ജനറൽ ബിപിൻ റാവത്തിന്റെ പ്രസ്താവന വിവാദമായിരുന്നു. ബിപിന്‍ റാവത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി എഐഎംഐഎം തലവനും ഹൈദരാബാദ് എംപിയുമായ അസദുദ്ദീന്‍ ഒവൈസി രംഗത്തെത്തിയിരുന്നു.

കശ്മീരിലെ യുവാക്കളെ ഭീകരവാദ വിരുദ്ധ ക്യാംപുകളിലേക്ക് അയക്കുകയാണെങ്കില്‍ അഖ്‌ലാഖിന്റെയും പെഹ്ലുഖാന്റെയും കൊലപാതകികളെ ഏത് ക്യാംപിലേക്കാണ് അയക്കേണ്ടതെന്ന് ഒവൈസി ചോദിച്ചിരുന്നു. ആള്‍ക്കൂട്ട കൊലപാതകികളെയും അവരുടെ രാഷ്ട്രീയ യജമാന്മാരെയും തീവ്രവാദത്തില്‍ നിന്നും ആര് പിന്തിരിപ്പിക്കുമെന്നും യോഗി ആദിത്യനാഥിനേയും പാകിസ്താനിലേക്ക് പോകാന്‍ പറയുന്ന മീററ്റ് എംപിയെയും തീവ്രവാദ വിരുദ്ധ ക്യാംപുകളിലേക്ക് അയക്കുമോയെന്നും ഒവൈസി ചോദിച്ചു.

കരസേനാ മേധാവിയായിരുന്ന സമയത്ത് പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചവര്‍ക്കെതിരെ റാവത്ത് വിമര്‍ശനം ഉന്നയിച്ചപ്പോഴും ഒവൈസി അടക്കമുള്ള പ്രതിപക്ഷ നേതാക്കള്‍ രംഗത്തെത്തിയിരുന്നു

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook