scorecardresearch

ജമ്മു കശ്മീർ മന്ത്രിസഭയിൽ അഴിച്ചുപണി, ഉപമുഖ്യമന്ത്രിയായി കവിന്ദര്‍ ഗുപ്ത സത്യപ്രതിജ്ഞ ചെയ്തു

ഗാന്ധിനഗർ എംഎൽഎയും സ്‌പീക്കറുമാണ് കവിന്ദർ ഗുപ്ത

ജമ്മു കശ്മീർ മന്ത്രിസഭയിൽ അഴിച്ചുപണി, ഉപമുഖ്യമന്ത്രിയായി കവിന്ദര്‍ ഗുപ്ത സത്യപ്രതിജ്ഞ ചെയ്തു

ശ്രീനഗർ: ജമ്മു കശ്മീർ പിഡിപി-ബിജെപി സഖ്യ മന്ത്രിസഭയിൽ അഴിച്ചുപണി. ജമ്മു കശ്മീര്‍ ഉപമുഖ്യമന്ത്രിയായി കവിന്ദര്‍ ഗുപ്ത സത്യപ്രതിജ്ഞ ചെയ്തു. മന്ത്രിസഭാ പുനഃസംഘടനയ്ക്ക് മുന്നോടിയായി ഉപമുഖ്യമന്ത്രി നിർമൽ സിങ് ഇന്നലെ രാജിവച്ച സാഹചര്യത്തിലാണ് കവിന്ദർ ഗുപ്ത സ്ഥാനമേറ്റത്. ഗാന്ധിനഗർ എംഎൽഎയും സ്‌പീക്കറുമാണ് കവിന്ദർ ഗുപ്ത. അദ്ദേഹം ഉൾപ്പെടെ എട്ടു പേർ പുതുതായി സത്യപ്രതിജ്ഞ ചെയ്തു.

ബിജെപി സംസ്ഥാന ഘടകം തലവനും എംഎൽഎയുമായ സാത് ശർമ, സാംബ എംഎൽഎ ദേവിന്ദർ കുമാർ, ദോഡ ശക്തി രാജിലെ ബിജെപി എംഎൽഎ ശക്തി പരിഹാർ, പിഡിപിയുടെ പുൽവാമ എംഎൽഎ മുഹമ്മദ് ഖലീൽ ബാന്ദ്, സോൻവാർ എംഎൽഎ മുഹമ്മദ് അഷ്റഫ് മിർ എന്നിവർ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.

ശ്രീനഗറിലെ കണ്‍വെന്‍ഷന്‍ സെന്ററിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടന്നത്. കത്തുവയിലെ ബിജെപി എംഎൽഎ രാജീവ് ജാസ്‌രോട്ടിയയ്ക്ക് മന്ത്രിസഭയിൽ സ്ഥാനക്കയറ്റം നൽകി. കാബിനറ്റ് പദവിയോടെയാണ് അദ്ദേഹം മന്ത്രിസഭയിൽ എത്തുന്നത്.

കത്തുവയിൽ എട്ടു വയസുകാരി കൂട്ട ബലാൽസംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിലെ പ്രതികളെ ബിജെപി നേതൃത്വം പിന്തുണച്ചിരുന്നു. ഇത് വിവാദമാതോടെ മന്ത്രിസഭയിലെ മുഴുവൻ മന്ത്രിമാരോടും രാജിവയ്ക്കാൻ ബിജെപി നേതൃത്വം ആവശ്യപ്പെട്ടിരുന്നു.

അതേസമയം, മന്ത്രിസഭ പുനഃസംഘടനയ്ക്ക് കത്തുവ സംഭവവുമായി ബന്ധമില്ലെന്നാണ് ബിജെപി ജനറൽ സെക്രട്ടറി റാം മാധവ് പറഞ്ഞത്. പുതുമുഖങ്ങൾക്ക് അവസരം കൊടുക്കുന്നതിന്റെ ഭാഗമായിട്ടാണ് പുനഃസംഘടനയെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Jammu kashmir kavinder gupta sworn in as deputy cm predecessor nirmal singh is now speaker cabinet reshuffle