ഫ്രാൻസ്: ജി-7 ഉച്ചകോടിക്കിടെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മില്‍ കൂടിക്കാഴ്ച നടത്തി. ജമ്മു കശ്മീര്‍ വിഷയത്തെ കുറിച്ച് ഇരു നേതാക്കളും ചര്‍ച്ച ചെയ്തു. കശ്മീര്‍ വിഷയം ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.

കശ്മീര്‍ വിഷയത്തെ സംബന്ധിച്ച് നരേന്ദ്ര മോദിയുമായി കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയിരുന്നു. എല്ലാ വിഷയങ്ങളും നിയന്ത്രണ വിധേയമാണെന്നാണ് നരേന്ദ്ര മോദി പറയുന്നത്. അവര്‍ പാക്കിസ്ഥാനുമായി ചര്‍ച്ച നടത്തണമെന്നും ട്രംപ് പറഞ്ഞു.

ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള കാര്യങ്ങള്‍ ആഭ്യന്തര പ്രശ്‌നങ്ങളാണ്. മറ്റൊരു രാജ്യം ഇക്കാര്യത്തില്‍ ഇടപെടേണ്ട ആവശ്യം ഇല്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കശ്മീര്‍ വിഷയത്തില്‍ മൂന്നാം കക്ഷിയുടെ ഇടപെടല്‍ ആവശ്യമില്ലെന്നും ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ അത് ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നും ട്രംപിന്റെ സാന്നിധ്യത്തില്‍ മോദി പറയുകയുണ്ടായി. 1947 വരെ ഇന്ത്യയും പാക്കിസ്ഥാനും ഒന്നിച്ചായിരുന്നു. പ്രശ്‌നങ്ങളെല്ലാം ഒന്നിച്ച് ചര്‍ച്ച ചെയ്ത് പരിഹരിക്കാമെന്ന് പ്രതീക്ഷയുള്ളതായും നരേന്ദ്ര മോദി ഫ്രാന്‍സില്‍ പറഞ്ഞു.

Read Also: സെക്രട്ടറിയേറ്റിൽ നിന്നും ജമ്മു കശ്മീർ പ്രത്യേക പതാക നീക്കം ചെയ്തു

ജമ്മു കശ്മീർ വിഷയത്തിൽ മൂന്നാമതൊരു കക്ഷിയുടെ ഇടപെടൽ ആവശ്യമില്ലെന്ന് നരേന്ദ്ര മോദി നേരത്തെയും വ്യക്തമാക്കിയിട്ടുണ്ട്. ഉഭയകക്ഷി ചർച്ചയിലൂടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നാണ് നേരത്തെയും അമേരിക്ക പറഞ്ഞിട്ടുള്ളത്. എന്നാൽ, കശ്മീർ വിഷയം ഇന്ത്യ ഏകാധിപത്യ ശെെലിയിൽ കെെകാര്യം ചെയ്തു എന്നാണ് പാക്കിസ്ഥാൻ പറയുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook