ശ്രീനഗർ:​ ദക്ഷിണ കാശ്മീരിലെ അനന്തനാഗ് ജില്ലയിൽ ഇന്നലെ രാത്രി നടന്ന ആക്രമണത്തിൽ ഒരു ഹിസ്ബുൾ മുജാഹിദ്ദീൻ തീവ്രവാദിയെ സൈന്യം വധിച്ചു. അടുത്തിടെ ഭീകര സംഘടനയിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ട ജമ്മു കാശ്മീർ സ്വദേശിയാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിനിടെ വെടിയേറ്റ് മരിച്ച മറ്റൊരാളെ തിരിച്ചറിഞ്ഞിട്ടില്ല.

ഭീകരരുടെ സാന്നിദ്ധ്യം സംബന്ധിച്ച് രഹസ്യാന്വേഷണ റിപ്പോർട്ട് ലഭിച്ചതിനെ തുടർന്ന് സൈന്യം നടത്തിയ തിരച്ചിലിനിടെയാണ് ഹിസ്ബുൾ തീവ്രവാദികൾ വെടിയുതിർത്തത്. ഇതേ തുടർന്നാണ് സൈന്യവും ആക്രമണം നടത്തിയത്.

അനന്ത്നാഗ് ജില്ല സ്വദേശിയായ യാവർ എന്ന ഭീകരനാണ് ഇന്നലെ രാത്രി രണ്ട് മണിക്കൂറോളം നീണ്ട ആക്രമണത്തിൽ കൊല്ലപ്പെട്ടത്. എന്നാൽ ഇവിടെയുണ്ടായിരുന്ന മറ്റ് രണ്ട് പേരെ പിടികൂടാൻ സൈന്യത്തിന് സാധിച്ചില്ല. ഇരുട്ടിന്റെ മറവിൽ ഇരുവരും രക്ഷപ്പെട്ടെന്നാണ് സൈന്യത്തിന്റെ വിശദീകരണം.

കഴിഞ്ഞ മാസം ആദ്യമാണ് യാവർ ഭീകര സംഘടനയിൽ അംഗമായതെന്നാണ് സൈന്യം നൽകുന്ന വിശദീകരണം. ഇയാൾക്കെതിരെ സൈന്യത്തിന് നേർക്ക് കല്ലെറിഞ്ഞ സംഭവത്തിൽ കേസെടുത്തിരുന്നു. ഇയാളിൽ നിന്ന് പൊലീസിൽ നിന്ന് മോഷ്ടിക്കപ്പെട്ട ഒരു എസ്എൽആർ തോക്കും കണ്ടെത്തി.

മോട്ടോർ സൈക്കിൾ യാത്രികനായ ഒരാളാണ് ആക്രമണത്തിനിടെ വെടിയേറ്റ് മരിച്ചത്. ഇയാൾ ഭീകരനല്ല. ഇരുവിഭാഗവും വെടിയുതിർത്തതിനിടെ അബദ്ധത്തിൽ വെടിയേറ്റതാകാമെന്ന നിഗമനത്തിലാണ് സൈന്യം. വാഹനത്തിന്റെ നമ്പർ പ്ലേറ്റ് തിരിച്ചറിയാനാകാത്ത വിധം തകർന്നിരുന്നു. മരിച്ചയാളുടെ ശരീരത്തിൽ നിന്ന് തിരിച്ചറിയൽ കാർഡുകളൊന്നും ലഭിച്ചില്ല.

അതതേസമയം യാവറിന്റെ മൃതദേഹം സംസ്കരിക്കുന്നതിനായി കുടുംബത്തിന് വിട്ടുകൊടുത്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook