നിക്ഷേപ അവസരങ്ങൾ കണ്ടെത്താനായി നിരവധി ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള സിഇഒമാർ കശ്മീർ സന്ദർശിച്ച് ഏകദേശം ഒരു വർഷത്തിനുശേഷം, ശ്രീനഗറിൽ പുതിയ വികസനപദ്ധതികൾക്ക് തുടക്കമായി. ലോകത്തെ ഏറ്റവും വലിയ കെട്ടിടമായ ബുർജ് ഖലീഫ നിർമ്മിച്ച ദുബായ് ആസ്ഥാനമായുള്ള എമാർ ഗ്രൂപ്പാണ് ശ്രീനഗറിൽ ഷോപ്പിങ്ങ് മാളും ഐടി ടവറും പ്രഖ്യാപിച്ചത്.
കഴിഞ്ഞ വർഷം മാർച്ചിൽ നടന്നതിന് സമാനമായി ഇന്ത്യ-യുഎഇ നിക്ഷേപക സംഗമത്തിനു ശ്രീനഗർ ആതിഥേയത്വം വഹിച്ച ദിവസമായിരുന്നു പ്രഖ്യാപനം. കേന്ദ്രഭരണ പ്രദേശത്തെ ആദ്യത്തെ നേരിട്ടുള്ള വിദേശ നിക്ഷേപത്തെയാണ് (എഫ്ഡിഐ) എമാറിന്റെ പദ്ധതികൾ അടയാളപ്പെടുത്തുന്നതെന്ന് ജമ്മു കശ്മീർ സർക്കാർ പറഞ്ഞു.
ശ്രീനഗറിനടുത്തുള്ള സെമ്പോറയിൽ 10 ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണമുള്ള മെഗാ മാളായ ‘മാൾ ഓഫ് ശ്രീനഗർ’ – ഐടി ടവർ എന്നിവയ്ക്കായി ജമ്മു കശ്മീരിലെ ലെഫ്റ്റനന്റ് ഗവർണർ (എൽജി) മനോജ് സിൻഹ ‘ഭൂമി പൂജ’ നിർവഹിച്ചു.
“ജമ്മുവിൽ 150 കോടിയുടെ ഐടി ടവർ സ്ഥാപിക്കുന്നതിനായി സ്ഥലം നൽകിയിട്ടുണ്ട്. അതിന്റെ തറക്കല്ലിടൽ ചടങ്ങ് അടുത്ത മാസം നടക്കും. ” എമാറിന്റെ പദ്ധതികൾ ശ്രീനഗറിലും ജമ്മുവിലും തൊഴിലവസരങ്ങൾ വർധിപ്പിക്കുമെന്ന് സിൻഹ കൂട്ടിച്ചേർത്തു.
“മൊത്തത്തിൽ 500 കോടി രൂപയുടെ നിക്ഷേപമാണിത്. ജമ്മു കശ്മീരിലെ പ്രത്യേകിച്ച് ശ്രീനഗറിലെയും പരിസരങ്ങളിലെയും ജനങ്ങളുടെ ദീർഘകാല സ്വപ്നം പൂർത്തീകരിക്കുമെന്നും ജമ്മു കശ്മീർ വ്യാവസായിക പുരോഗതിയിലേക്ക് നീങ്ങുകയാണെന്നും കരുതുന്നു,” സിൻഹ കൂട്ടിച്ചേർത്തു.
‘മാൾ ഓഫ് ശ്രീനഗറിൽ’ 500 ഷോപ്പുകളുണ്ടാകുമെന്നും അവയിൽ പലതും യുഎഇ ആസ്ഥാനമായുള്ള കമ്പനികൾ നടത്തുന്നതായിരിക്കുമെന്നും എമാർ പ്രോപ്പർട്ടീസ് സിഇഒ അമിത് ജെയിൻ പറഞ്ഞു.
നിക്ഷേപ സാധ്യതകളെക്കുറിച്ചറിയാൻ കഴിഞ്ഞ വർഷം കശ്മീർ സന്ദർശിച്ച സൗദി അറേബ്യ ഉൾപ്പെടെയുള്ള ഗൾഫ് കോർപ്പറേഷൻ കൗൺസിൽ (ജിസിസി) രാജ്യങ്ങളിൽ നിന്നുള്ള 36 ഓളം സിഇഒമാരുടെ സംഘത്തിന്റെ ഭാഗമായിരുന്നു എമാർ.
റിയൽ എസ്റ്റേറ്റ്, ഹോസ്പിറ്റാലിറ്റി, ഡെവലപ്‌മെന്റ്, ഫുഡ് പ്രോസസിംഗ്, അഗ്രികൾച്ചറൽ എന്നീ മേഖലകളിൽ നിന്നുള്ള സിഇഒമാരെ ക്ഷണിച്ചിട്ടുണ്ടെന്ന് സർക്കാർ അറിയിച്ചു. ജമ്മു കശ്മീരിലെ സ്ഥിതികളെക്കുറിച്ചുള്ള അവരുടെ ആശങ്കകൾ ദൂരീകരിക്കാനാണിത്.
ഞായറാഴ്ച നടന്ന ഇന്ത്യ-യുഎഇ കൂടിക്കാഴ്ച ജമ്മു കശ്മീരിലെ നിക്ഷേപ അവസരങ്ങളെക്കുറിച്ച് വ്യക്തവുമായ വീക്ഷണങ്ങൾ കൈമാറുന്നതിനുള്ള അതുല്യ അവസരം എന്നാണ് എൽജി സിൻഹ വിശേഷിപ്പിച്ചത്. “ഇന്ന് ഒരു ചരിത്ര ദിനമാണ്” സിൻഹ കൂടിക്കാഴ്ചയിൽ പങ്കെടുക്കുന്ന വിദേശ നിക്ഷേപകരോട് പറഞ്ഞു.
ഇന്ത്യയും യുഎഇയും തമ്മിലുള്ള സാമ്പത്തിക സമന്വയം പ്രോത്സാഹിപ്പിക്കുന്നതിനായി രൂപീകരിച്ച ഔദ്യോഗിക ജോയിന്റ് ബിസിനസ് ചേമ്പറായ യുഎഇ-ഇന്ത്യ ബിസിനസ് കൗൺസിൽ (യുഐബിസി) അംഗങ്ങളും വിദേശ നിക്ഷേപക സംഗമത്തിൽ പങ്കെടുത്തു.
“സമീപ വർഷങ്ങളിൽ ഘടനാപരമായ പരിഷ്‌കാരങ്ങളിലൂടെ ജമ്മു-കശ്മീർ ശ്രദ്ധേയമായ പുരോഗതി കൈവരിച്ചു. ഈ വളർച്ചയുടെ പാത അതിനെ ആകർഷകമായ നിക്ഷേപ കേന്ദ്രമാക്കി മാറ്റുന്നു. നിക്ഷേപകർക്ക് എല്ലാവിധ സഹായവും സൗകര്യവും പിന്തുണയും ലഭിക്കുന്നുണ്ടെന്ന് ഞങ്ങൾ ഉറപ്പാക്കും,” യോഗത്തിൽ സിൻഹ പറഞ്ഞു.