ഡൽഹി: പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ദേശിയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവൽ എന്നിവരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തി. രാജ്യത്തെ പ്രതിരോധ രംഗത്തെ ‘ഭാവി വെല്ലുവിളികളെ’ക്കുറിച്ചാണ് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിൽ ചർച്ച ചെയ്തത്. ഇന്ത്യൻ സേനയെ ആധുനിക ഉപകരണങ്ങൾ കൊണ്ട് സജ്ജമാക്കുന്നതിനെ കുറിച്ചും യോഗം ചർച്ച ചെയ്തു.
ജമ്മുവിലെ ഇന്ത്യൻ വ്യോമസേനയുടെ എയർപോർട്ടിൽ നടന്ന ഡ്രോൺ ആക്രമത്തിന് രണ്ടു ദിവസത്തിന് ശേഷമാണ് പ്രധാനമന്ത്രി യോഗം വിളിച്ചത്. ഡ്രോൺ ഉപയോഗിച്ചുള്ള ആക്രമണം രാജ്യത്തെ പുതിയ സുരക്ഷാ ഭീഷണിയായി മാറിയ സാഹചര്യത്തിലാണ് യോഗം.
ഞായറാഴ്ചത്തെ ഡ്രോൺ ആക്രമണത്തിന് ശേഷം ചെവ്വാഴ്ച രാവിലെയും ജമ്മുവിൽ സംശയകരമായ സാഹചര്യത്തിൽ ഡ്രോൺ കണ്ടെത്തിയിരുന്നു. ജമ്മു കശ്മീരിൽ സൈനിക താവളത്തിനു സമീപം ഇന്നു പുലർച്ചെ രത്നുചക്-കുഞ്ചവാനി പ്രദേശത്ത് മൂന്നു തവണയാണ് ഡ്രോൺ കണ്ടത്. എന്നാൽ ഇതു സംബന്ധിച്ച് സൈനിക ഭാഗത്തുനിന്നും ഔദ്യോഗിക സ്ഥിരീകരണമൊന്നും ലഭിച്ചില്ല.
ഞായറാഴ്ച രാത്രി കലുചക്-രത്നുചക് പ്രദേശത്ത് ഡ്രോണുകൾ കണ്ടതായി തിങ്കളാഴ്ച സൈന്യം അറിയിച്ചിരുന്നു. ”സൈനികരുടെ ജാഗ്രതയും സജീവവുമായ സമീപനമാണ് ഒരു വലിയ ഭീഷണി തടഞ്ഞത്. സുരക്ഷാ സേന അതീവ ജാഗ്രതയിലാണ്, തിരച്ചിൽ പുരോഗമിക്കുന്നു,” ആർമി പിആർഒ ലഫ്.കേണൽ ദേവേന്ദർ ആനന്ദ് പറഞ്ഞു.
Read Also: ജമ്മുവിലെ സേനാ കേന്ദ്രങ്ങൾക്കു സമീപം വീണ്ടും ഡ്രോൺ കണ്ടെത്തി
നേരത്തെ, പാകിസ്ഥാൻ ആസ്ഥാനമായുള്ള തീവ്രവാദ സംഘടനകളുടെ ഡ്രോൺ ആക്രമണം നേരിടാൻ വിശ്വസനീയവും സമഗ്രവുമായ നയവും നടപടികളും ആവശ്യമാണെന്ന് പ്രധാന പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസ്സ് പറഞ്ഞിരുന്നു. കൂടുതൽ തലക്കെട്ടുകൾ ഉണ്ടാക്കുന്നതിനു പകരം വിദഗ്ധരുടെ ഉപദേശപ്രകാരം മോദി സർക്കാർ പ്രവർത്തിക്കേണ്ടതുണ്ടെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി രൺദീപ് സുർജേവാല പറഞ്ഞു.
ഡ്രോൺ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ അതിർത്തികളിൽ സേന സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. തിരഞ്ഞെടുത്ത സൈനിക സ്റ്റേഷനുകളിൽ ബോംബ് നിർമാർജന സ്ക്വാഡുകൾ നിലയുറപ്പിച്ചിട്ടുണ്ട്.