ജമ്മു കശ്മീരിലെ ജില്ലാ വികസന കൗൺസിലുകളിലേക്ക് (ഡിഡിസി) നടന്ന തിരഞ്ഞെടുപ്പിൽ ഏഴ് കശ്മീരി മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളുടെ സഖ്യമായ പീപ്പിൾസ് അലയൻസ് ഫോർ ഗുപ്കർ ഡിക്ലറേഷൻ (പിഎജിഡി) മുന്നിൽ. 80 സീറ്റുകളാണ് പിഎജിഡി നേടിയത്. അതേസമയമം തിരഞ്ഞെടുപ്പിൽ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. 65 സീറ്റുകളാണ് ബിജെപി നേടിയത്. 39 സീറ്റുകൾ സ്വതന്ത്ര സ്ഥാനാർത്ഥികൾ നേടിയപ്പോൾ കോൺഗ്രസ് പാർട്ടി 20 സീറ്റുകൾ നേടി ജമ്മു കശ്മീരിലെ 280 ജില്ലാ വികസന കൗൺസിൽ സീറ്റുകളിലേക്കുള്ള വോട്ടെണ്ണൽ പുരോഗമിക്കുകയാണ്.
ഇതുവരെയുള്ള ഫലം സൂചിപ്പിക്കുന്നത് കശ്മീർ താഴ്വരയിൽ പിഎജിഡിയാണ് വിജയിച്ച പ്രധാന കക്ഷിയെന്നാണ്. അതേസമയം കേന്ദ്ര പിന്തുണയുള്ള ജമ്മു കശ്മീർ അപ്നി പാർട്ടിക്ക് ഈ തിരഞ്ഞെടുപ്പിൽ ഇതുവരെ ഒരു സീറ്റും നേടാനായിട്ടില്ല.
പ്രതീക്ഷകൾക്ക് അനുസൃതമായി ജമ്മു മേഖലയിൽ ബിജെപി ആധിപത്യം നിലനിർത്തി. ആദ്യമായി, കശ്മീർ താഴ്വരയിൽ രണ്ട് സീറ്റുകളും ബിജെപി നേടിയിട്ടുണ്ട്. ശ്രീനഗറിലും ബന്ദിപോര ജില്ലയിലെ തുലയിലുമാണ് ബിജെപി സീറ്റുകൾ നേടിയത്.
ജമ്മു കശ്മീരിൽ നിന്നുള്ളവർ ഗുപ്കർ സഖ്യത്തിന് പൂർണ്ണ പിന്തുണ നൽകിയിട്ടുണ്ടെന്ന് നാഷണൽ കോൺഫറൻസ് (എൻസി) വൈസ് പ്രസിഡന്റ് ഒമർ അബ്ദുല്ല പറഞ്ഞു. ബിജെപിക്ക് തക്ക മറുപടി നൽകിയതോടെ ജമ്മു കശ്മീരിന്റെ പദവി പുനഃസ്ഥാപിക്കുണമെന്ന സഖ്യത്തിന്റെ പദ്ധതിക്ക് ജനങ്ങൾ അംഗീകാരം നൽകിയിട്ടുണ്ടെന്നും ഒമർ അബ്ദുല്ല പറഞ്ഞു. “2019 ലെ നയത്തിന്റെ ഹിതപരിശോധനയായി ഈ തിരഞ്ഞെടുപ്പുകളെ മാറ്റിയത് ബിജെപിയാണ്. ജനങ്ങളുടെ ആഗ്രഹം അവർ മനസ്സിലാക്കിയിട്ടുണ്ടെന്ന് ഞാൻ പ്രതീക്ഷിക്കുന്നു,” അദ്ദേഹം പറഞ്ഞു.
ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കുന്നതിനായി രൂപീകരിച്ച പിഎജിഡിയുടെ ബാനറിൽ എൻസിയും പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടിയും (പിഡിപി) ഉൾപ്പെടെ ഏഴ് രാഷ്ട്രീയ പാർട്ടികൾ തിരഞ്ഞെടുപ്പിൽ മത്സരിച്ചു. കോൺഗ്രസ് തുടക്കത്തിൽ പിഎജിഡിയുടെ ഭാഗമായിരുന്നുവെങ്കിലും ‘ഗുപ്കർ ഗാംഗുമായി’ സഖ്യത്തിലേർപ്പെടുന്നുവെന്ന് പറഞ്ഞ് ബിജെപി കോൺഗ്രസിനെതിരെ ആക്രമണമഴിച്ചുവിട്ടിരുന്നു.
Read More: ഗുപ്കർ അലയൻസുമായി കോൺഗ്രസ് സഖ്യമുണ്ടാക്കുന്നതിനെ ബിജെപി എതിർക്കുന്നതെന്തിന്? അറിയേണ്ടതെല്ലാം
ജമ്മു കശ്മീരിലെ 280 ഡിഡിസി സീറ്റുകളിലേക്ക് 2,181 സ്ഥാനാർത്ഥികളാണ് ആകെ ജനവിധി തേടിയത്. എട്ട് ഘട്ടങ്ങളിലായി നടന്ന തിരഞ്ഞെടുപ്പ് നവംബർ 28 ന് ആരംഭിച്ച് ഡിസംബർ 19 ന് അവസാനിച്ചു.
കേരളത്തിലെ ജില്ലാ പഞ്ചാത്തിന് സമാനമാണ് ജമ്മുകശ്മീരിലെ ജില്ലാ വികസന കൗൺസിലുകൾ. 2019 ഓഗസ്റ്റിൽ ആർട്ടിക്കിൾ 370 ലെ വ്യവസ്ഥകൾ റദ്ദാക്കിയതിനുശേഷം ജമ്മു കശ്മീരിൽ നടന്ന ആദ്യത്തെ ബഹുജന വോട്ടെടുപ്പായിരുന്നു ഇത്.
വോട്ടെടുപ്പിൽ എല്ലാ ഘട്ടങ്ങളിലും ജമ്മു ശരാശരി 60 ശതമാനത്തിന് മുകളിൽ പോളിങ് രേഖപ്പെടുത്തിയിരുന്നു.
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ വർഷം പിഎജിഡി രൂപീകരിച്ചത്. കഴിഞ്ഞ വർഷം ഓഗസ്റ്റ് നാലിന് കശ്മീരി പാർട്ടികളുടെ നേടാക്കൾ ഗുപ്കർ റോഡിലുള്ള ഫാറൂഖ് അബ്ദുല്ലയുടെ വസതിയിൽ വച്ച് കൂടിക്കാഴ്ച നടത്തുകയും ജമ്മു കശ്മീരിന്റെ “സ്വത്വം, സ്വയംഭരണം, പ്രത്യേക പദവി എന്നിവ സംരക്ഷിക്കുമെന്ന്” പ്രഖ്യാപനം നടത്തുകയും ചെയ്തു. ഈ പ്രഖ്യാപനത്തിന്റെ തുടർ നടപടിയായാണ് ഈ വർഷം സഖ്യം പ്രഖ്യാപിച്ചത്.