ന്യൂഡല്‍ഹി: ജമ്മു കശ്മീരിനെ കേന്ദ്ര ഭരണ പ്രദേശങ്ങളായി വിഭജിച്ച കേന്ദ്ര നീക്കത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് ചൈന. ജമ്മു കശ്മീര്‍ മേഖലയില്‍ പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ഇന്ത്യ എകപക്ഷീയമായ നടപടികള്‍ ഒഴിവാക്കണമെന്നും ലഡാക്കിനെ കേന്ദ്ര ഭരണപ്രദേശമാക്കാനുള്ള തീരുമാനം അംഗീകരിക്കാന്‍ സാധിക്കാത്തതാണെന്നും ചൈന പ്രതികരിച്ചു.

ഇന്ത്യയുടേയും ചൈനയുടേയും അതിര്‍ത്തി പ്രദേശമായ അക്‌സായി ചിന്‍ ലഡാക്കിലാണ്. അതിനാല്‍ തീരുമാനം ചൈനയേയും ബാധിക്കുന്നതാണ്. ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെയാണ് എതിര്‍പ്പ് അറിയിച്ചത്. കശ്മീരിലെ നിലവിലെ അവസ്ഥയെ കുറിച്ച് ചൈന ആശങ്കപ്പെടുന്നുണ്ടെന്നും ചൈന പ്രതികരിച്ചു.

”കശ്മീര്‍ വിഷയത്തില്‍ ചൈനയുടെ നിലപാട് വ്യക്തവും സ്ഥിരതയുള്ളതുമാണ്. ഈ വിഷയം ഇന്ത്യയും പാക്കിസ്ഥാനും തമ്മിലെ ചരിത്രപ്രാധാന്യമുള്ളതാണ്. അതുകൊണ്ട് തന്നെ രാജ്യാന്തര സമൂഹത്തിന്റേയും ശ്രദ്ധ നേടുന്ന വിഷയമാണ്. രണ്ട് കൂട്ടരും ശ്രദ്ധാപൂര്‍വ്വം വേണം നീങ്ങാന്‍. നിലവിലെ അവസ്ഥ ഏകപക്ഷീയമായി മാറ്റുന്നതും പ്രശ്‌നം രൂക്ഷമാക്കുന്നതുമായ ഒന്നും ചെയ്യരുത്” പ്രസ്താവനയില്‍ പറയുന്നു.

Read More: സഭയില്‍ ഭൂരിപക്ഷമുണ്ടെന്ന് കരുതി എന്തും ആകരുത്: എ.എം.ആരിഫ്

രണ്ട് കൂട്ടരും ചര്‍ച്ചയിലൂടെ സമാധാനത്തിലെത്തണമെന്നും മേഖലയിലെ സുരക്ഷ ഉറപ്പു വരുത്തണെന്നും ചൈന അഭിപ്രായപ്പെട്ടു. ഇന്ത്യ വാക്കുകളിലും പ്രവര്‍ത്തികളിലും ജാഗ്രത പാലിക്കണമെന്നും ചൈന മുന്നറിയിപ്പ് നല്‍കുന്നു.

അതേസമയം, ഇന്ത്യയുടെ തീരുമാനത്തിന് പിന്തുണയുമായി യുഎഇ രംഗത്തെത്തി. ആര്‍ട്ടിക്കിള്‍ 370 എടുത്തുകളയാനുള്ള തീരുമാനം മേഖലയില്‍ മേഖലയെ സാമൂഹിക-സാമ്പത്തിക രംഗങ്ങളെ ശക്തിപ്പെടുത്തുമെന്നാണ് യുഎഇ അംബാസിഡര്‍ പ്രതികരിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook