ന്യൂഡൽഹി: ശ്രീനഗറിൽ പൊലീസ് ബസിനു നേരെ തീവ്രവാദികൾ നടത്തിയ വെടിവെപ്പിൽ പരുക്കേറ്റ് ചികിത്സയിൽ ആയിരുന്ന ഒരു പൊലീസുകാരൻ കൂടി മരിച്ചതായി ശ്രീനഗർ പൊലീസ്. ശ്രീനഗർ ആർമി ബേസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കോൺസ്റ്റബിൾ റമീസ് അഹമ്മദ് ആണ് മരിച്ചത്.
തിങ്കളാഴ്ച നടന്ന ആക്രമണത്തിൽ ഗുലാം ഹസ്സൻ (അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ) കോൺസ്റ്റബിൾ ഷെഫീഖ് അലി എന്നിവർ കൊല്ലപ്പെടുകയും 14 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. ശ്രീനഗർ-ജമ്മു ദേശീയ പാതയിൽ ജമ്മു കശ്മീർ പോലീസിന്റെ സായുധ വിഭാഗത്തിലെ ഒമ്പതാം ബറ്റാലിയനിലെ ഉദ്യോഗസ്ഥർ സഞ്ചരിച്ച പോലീസ് ബസിനു നേരെ തീവ്രവാദികൾ വെടിയുതിർക്കുകയായിരുന്നു. ശ്രീനഗർ നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള സെവാനിലാണ് സംഭവം. ആക്രമണത്തിന് പിന്നിൽ തീവ്രവാദ സംഘടനയായ ജയ്ഷെ മുഹമ്മദാണെന്ന് പൊലീസ് പറഞ്ഞു.
സംഭവം സംബന്ധിച്ച് പൊലീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പ്രാഥമിക അന്വേഷണം പൂർത്തിയായെന്നും ജോലി പൂർത്തിയാക്കി ക്യാമ്പിലേക്ക് മടങ്ങുകയായിരുന്ന പൊലീസുകാർ സഞ്ചരിച്ച ബസിനു നേരെ തീവ്രവാദികൾ വെടിവെക്കുകയായിരുന്നു എന്ന് പറഞ്ഞു. തിരിച്ചടിച്ചെങ്കിലും ഇരുട്ട് മുതലാക്കി തീവ്രവാദികൾ രക്ഷപ്പെട്ടെന്നും പൊലീസ് പറഞ്ഞു.
Also Read: ജമ്മു കശ്മീർ: പോലീസിനു നേർക്ക് വെടിവയ്പ്; രണ്ട് പേർ കൊല്ലപ്പെട്ടു, 12 പേർക്ക് പരിക്ക്
പൊലീസുകാരുടെ വെടിയേറ്റ് ഒരാൾക്ക് പരുക്കേറ്റതായും വ്യക്തമാക്കി. ജയ്ഷെ മുഹമ്മദിന്റെ ശാഖയായ കാശ്മീരി ടൈഗേഴ്സ് ആണ് ആക്രമണത്തിന് പിന്നിലെന്ന് വിശ്വാസയോഗ്യമായ വൃത്തങ്ങൾ പറഞ്ഞതായി പൊലീസ് പറഞ്ഞു.
പോലീസും അർദ്ധസൈനിക വിഭാഗവും ഉൾപ്പെടെയുള്ളവയിലെ സുരക്ഷാ ഉദ്യോഗസ്ഥരുടെ വൻ സാന്നിധ്യമുള്ള അതീവ സുരക്ഷാ മേഖലയിലാണ് തിങ്കളാഴ്ച ആക്രമണം നടന്നത്. നിരവധി സായുധ പോലീസ് ബറ്റാലിയനുകൾ ഉള്ള ജമ്മു കശ്മീർ പോലീസിന്റെ സായുധ സമുച്ചയം സെവാനിലാണ്. സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ് (സിആർപിഎഫ്), ഇന്തോ ടിബറ്റൻ ബോർഡർ പോലീസ് (ഐടിബിപി) ഉദ്യോഗസ്ഥരുടെ ക്യാമ്പുകളും ഇവിടെയുണ്ട്.