ജമ്മു കശ്മീർ: പോലീസിനു നേർക്ക് വെടിവയ്പ്; രണ്ട് പേർ കൊല്ലപ്പെട്ടു, 12 പേർക്ക് പരിക്ക്

കശ്മീർ പോലീസിന്റെ സായുധ വിഭാഗത്തിലെ ഒമ്പതാം ബറ്റാലിയനിലെ ഉദ്യോഗസ്ഥർ സഞ്ചരിച്ച പോലീസ് ബസിനു നേരെ തീവ്രവാദികൾ വെടിയുതിർക്കുകയായിരുന്നു

ന്യൂഡൽഹി: തിങ്കളാഴ്ച ശ്രീനഗർ നഗരത്തിന് സമീപം അതീവ സുരക്ഷാ മേഖലയിൽ പോലീസ് ബസിനു നേരെ തീവ്രവാദികൾ നടത്തിയ വെടിവെപ്പിൽ രണ്ട് പോലീസുകാർ കൊല്ലപ്പെട്ടു. 12 പേർക്ക് പരിക്കേറ്റു.

ശ്രീനഗർ-ജമ്മു ദേശീയ പാതയിൽ ജമ്മു കശ്മീർ പോലീസിന്റെ സായുധ വിഭാഗത്തിലെ ഒമ്പതാം ബറ്റാലിയനിലെ ഉദ്യോഗസ്ഥർ സഞ്ചരിച്ച പോലീസ് ബസിനു നേരെ തീവ്രവാദികൾ വെടിയുതിർക്കുകയായിരുന്നു. ശ്രീനഗർ നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള സെവാനിലാണ് സംഭവം.

ആക്രമണത്തിൽ 14 പോലീസുകാർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് പോലീസ് ആദ്യം പറഞ്ഞത്. രണ്ട് പോലീസുകാർ പിന്നീട് മരണത്തിന് കീഴടങ്ങിയതായും അവർ അറിയിച്ചു.

“ശ്രീനഗറിലെ പന്തചൗക്കിലെ സെവാനിന് സമീപം പോലീസ് വാഹനത്തിന് നേരെ തീവ്രവാദികൾ വെടിയുതിർത്തു. ആക്രമണത്തിൽ 14 സൈനികർക്ക് പരിക്കേറ്റു. പരിക്കേറ്റ എല്ലാ ജീവനക്കാരെയും ആശുപത്രിയിലേക്ക് മാറ്റി.. കൂടുതൽ വിശദാംശങ്ങൾ പിന്നീട് അറിയാനാവും, ”ജമ്മു കശ്മീർ പോലീസ് ട്വീറ്റ് ചെയ്തു.

Also Read: പത്താം ക്ലാസ് ഇംഗ്ലീഷ് ചോദ്യപേപ്പറിലെ വിവാദ ചോദ്യം സിബിഎസ്ഇ പിൻവലിച്ചു

“പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥരിൽ ഒരു എഎസ്‌ഐയും (അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ) ഒരു സെലക്ഷൻ ഗ്രേഡ് കോൺസ്റ്റബിളും മരണത്തിന് കീഴടങ്ങുകയും രക്തസാക്ഷിത്വം വരിക്കുകയും ചെയ്തു,” അവർ കൂട്ടിച്ചേർത്തു.

പരിക്കേറ്റ നിരവധി പോലീസുകാർക്ക് ഗുരുതരമായി പരിക്കേറ്റതായും അതീവ ഗുരുതരാവസ്ഥയിലാണെന്നും പോലീസ് വൃത്തങ്ങൾ അറിയിച്ചു. മരണസംഖ്യ പിന്നീട് ഉയർന്നേക്കുമെന്ന് അവർ ആശങ്ക പ്രകടിപ്പിച്ചു.

പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം രണ്ട് തീവ്രവാദികൾ ആക്രമണത്തിൽ പങ്കെടുത്തതായി പൊലീസ് വൃത്തങ്ങൾ അറിയിച്ചു. ആക്രമണം നടത്തിയ രീതി സൂചിപ്പിക്കുന്നത് അക്രമികൾ ‘ഫിദായീൻ’ സംഘടനയുടെ ഭാഗമാണെന്നാണെന്നും അവർ കൂട്ടിച്ചേർത്തു.

പോലീസും അർദ്ധസൈനിക വിഭാഗവും ഉൾപ്പെടെയുള്ളവയിലെ സുരക്ഷാ ഉദ്യോഗസ്ഥരുടെ വൻ സാന്നിധ്യമുള്ള അതീവ സുരക്ഷാ മേഖലയിലാണ് തിങ്കളാഴ്ച ആക്രമണം നടന്നത്. നിരവധി സായുധ പോലീസ് ബറ്റാലിയനുകൾ ഉള്ള ജമ്മു കശ്മീർ പോലീസിന്റെ സായുധ സമുച്ചയം സെവാനിലാണ്. സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സ് (സിആർപിഎഫ്), ഇന്തോ ടിബറ്റൻ ബോർഡർ പോലീസ് (ഐടിബിപി) ഉദ്യോഗസ്ഥരുടെ ക്യാമ്പുകളും ഇവിടെയുണ്ട്.

Also Read: കാശി വിശ്വനാഥ് ഇടനാഴി ഉദ്ഘാടനം ചെയ്തു; പുതിയ ചരിത്രം സൃഷ്ടിക്കപ്പെടുകയാണെന്ന് പ്രധാനമന്ത്രി

ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന 370ാം അനുച്ഛേദം 2019ൽ റദ്ദാക്കിയ താഴ്‌വരയിൽ സുരക്ഷാ സേനയ്‌ക്കെതിരെ നടന്ന ആദ്യത്തെ വലിയ ആക്രമണമാണിത്.

ബന്ദിപ്പൂരിൽ തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ രണ്ട് പോലീസുകാരെ കൊലപ്പെടുത്തി രണ്ട് ദിവസത്തിന് ശേഷമാണ് സംഭവം. ആക്രമണം നടത്തിയ തീവ്രവാദിയെ തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചിരുന്നു.

സമീപകാലത്തായി താഴ്‌വരയിൽ പോലീസുകാരെ തീവ്രവാദികൾ ലക്ഷ്യമിടുന്നത് വർധിച്ചുവരികയാണ്. ഔദ്യോഗിക കണക്കുകൾ പ്രകാരം ഈ വർഷം തീവ്രവാദി ആക്രമണത്തിൽ 19 പോലീസുകാരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ട്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Jammu kashmir bus attack police injured militants live updates

The moderation of comments is automated and not cleared manually by malayalam.indianexpress.com