scorecardresearch
Latest News

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി; അറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങള്‍

ഇന്ത്യയുടെ എല്ലാ നിയമങ്ങളും ഭരണഘടനാ വ്യവസ്ഥകളും ഇനി ജമ്മു കശ്മീരിനും ബാധകമാണ്.

jammu kashmir, pakistan, ജമ്മു കാശ്മീർ, പാക്കിസ്ഥാൻ, ie malayalam, ഐഇ മലയാളം

ന്യൂഡല്‍ഹി: ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കി. രാഷ്ട്രപതി സ്വന്തം അധികാരം ഉപയോഗിച്ചാണ് പ്രത്യേക പദവി നീക്കം ചെയ്ത വിജ്ഞാപനം പുറപ്പെടുവിച്ചത്. ഇന്ത്യയുടെ എല്ലാ നിയമങ്ങളും ഭരണഘടനാ വ്യവസ്ഥകളും ഇനി ജമ്മു കശ്മീരിനും ബാധകമാണ്.

1.ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതായി ആഭ്യന്തര മന്ത്രി അമിത് ഷാ പ്രഖ്യാപിച്ചു. ജമ്മു കശ്മീരിനെ ലഡാക്ക്, ജമ്മു കശ്മീര്‍ എന്നിങ്ങനെ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളായി വിഭജിക്കും. ലഡാക്കിന് നിയമസഭയുണ്ടാകില്ല. ജമ്മു കശ്മീരിന് നിയമസഭയുണ്ടാകും.

Read More: Explained: What is Article 370?: എന്താണ് ആര്‍ട്ടിക്കിള്‍ 370?
2.1949 ഒക്ടോബര്‍ 17 തീയതി ഇന്ത്യയില്‍ ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ആര്‍ട്ടിക്കിള്‍ 370, ജമ്മു കശ്മീരിനെ ഇന്ത്യന്‍ ഭരണഘടനയില്‍ നിന്ന് ഒഴിവാക്കി (ആര്‍ട്ടിക്കിള്‍ 1 ഉം ആര്‍ട്ടിക്കിള്‍ 370 ഉം ഒഴികെ) സ്വന്തം ഭരണഘടന തയ്യാറാക്കാന്‍ സംസ്ഥാനത്തെ അനുവദിക്കുന്നു. ജമ്മു കശ്മീരിന്റെ കാര്യത്തിലുള്ള പാര്‍ലമെന്റിന്റെ നിയമനിര്‍മ്മാണ അധികാരങ്ങളെ ഇത് നിയന്ത്രിക്കുന്നു. ഇന്‍സ്ട്രുമെന്റ് ഓഫ് അസ്സെഷനില്‍ (ഐഒഎ) ഉള്‍പ്പെടുത്തിയിട്ടുള്ള വിഷയങ്ങളില്‍ കേന്ദ്ര നിയമം ഏര്‍പ്പെടുത്തുന്നതിന് സംസ്ഥാന സര്‍ക്കാരുമായി ‘കൂടിയാലോചന’ മാത്രം മതി എന്നും പ്രതിപാദിക്കുന്നു. എന്നാല്‍ ഇത് മറ്റ് കാര്യങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിന് സംസ്ഥാന സര്‍ക്കാറിന്റെ ‘സമ്മതം’ നിര്‍ബന്ധമാണ്.

3.കഴിഞ്ഞ ഒരാഴ്ചയായി കശ്മീരില്‍ നിന്നും ആശങ്കകളും അഭ്യൂഹങ്ങളും ഉയര്‍ന്നു വന്നിരുന്നു. അമര്‍നാഥ് യാത്ര റദ്ദാക്കുകയും കൂടുതല്‍ സൈന്യത്തെ വിന്യസിച്ചതും ആശങ്ക വര്‍ധിപ്പിച്ചിരുന്നു. ഇന്ന് പുലര്‍ച്ചയോടെയാണ് ശീനഗറില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കുന്നത്. ഇനിയൊരു അറിയിപ്പു വരുന്നത് വരെയാണ് നിരോധനാജ്ഞ.

4.നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ളയും പിഡിപി നേതാവ് മെഹബൂബ മുഫ്തിയുമടക്കമുള്ള പ്രധാന നേതാക്കളടക്കം വീട്ടുതടങ്കലില്‍.

5.മൊബൈല്‍, ബ്രോഡ്ബാന്റ്, കേബിള്‍ ടിവി സേവനങ്ങള്‍ വിച്ഛേദിച്ചിരിക്കുകയാണ്.

Also Read: ഭരണഘടന കീറിയെറിഞ്ഞ് എംപിമാര്‍; സഭയില്‍ നിന്ന് പുറത്താക്കി വെങ്കയ്യ നായിഡു
6.വെള്ളിയാഴ്ചയാണ് അമര്‍നാഥ് യാത്ര റദ്ദാക്കുന്നതും വിനോദ സഞ്ചാരികളോട് സംസ്ഥാനം വിടാന്‍ ആവശ്യപ്പെടുന്നത്. യാത്രയ്ക്കുനേരെ ഭീകരാക്രമണമുണ്ടാകും എന്ന അറിയിപ്പിനെ തുടര്‍ന്നായിരുന്നു നീക്കം. ഞായറാഴ്ചയോടെ 98 ശതമാനം വിനോദ സഞ്ചാരികളും മേഖലയില്‍ നിന്നും മടങ്ങിയതായി ടൂറിസം ഡയറക്ടര്‍ നിസാര്‍ വാനി അറിയിച്ചു.

7.ശ്രീനഗര്‍ എന്‍ഐടിയിലെ വിദ്യാര്‍ത്ഥികളോട് ഹോസ്റ്റലില്‍ നിന്നും മടങ്ങാന്‍ ആവശ്യപ്പെട്ടു. ഇനിയൊരു ഉത്തരവ് വരുന്നത് വരെ ജമ്മു കശ്മീരിലെ എല്ലാ സര്‍വ്വകലാശാലകളും സ്‌കൂളുകളും കോളേജുകളും അടച്ചിട്ടിരിക്കുകയാണ്. ഞായറാഴ്ചയോടെ മേഖലയിലുള്ള ഇതരസംസ്ഥാന തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങി.

8.പ്രതിപക്ഷ നേതാക്കള്‍ ബിജെപി സര്‍ക്കാരിനെിരെ വിമര്‍ശനം ഉന്നയിച്ചു. ”ജമ്മു കശ്മീരില്‍ എന്താണ് സംഭവിക്കുന്നത് ? ഒരു തെറ്റും ചെയ്യാതെ എന്തിനാണ് നേതാക്കളെ അര്‍ധ രാത്രി അറസ്റ്റ് ചെയ്യുന്നത് ? കശ്മീരികള്‍ നമ്മുടെ പൗരന്മാരാണെങ്കില്‍ ഭീകര്‍ക്കും വിഘടനവാദികള്‍ക്കും എതിരെ നീങ്ങുമ്പോള്‍ പ്രമുഖ നേതാക്കള്‍ അറിഞ്ഞിരിക്കേണ്ടേ?നമ്മള്‍ അവരെ അകറ്റിയാല്‍ ആരാണ് ബാക്കിയുണ്ടാവുക” എന്നായിരുന്നു ശശി തരൂര്‍ എംപിയുടെ ട്വീറ്റ്.

9.തുടര്‍ച്ചയായ സര്‍ക്കാര്‍ നടപടികളും ആശയവിനിമയം ഇല്ലായ്മയും ജമ്മു കശ്മീരില്‍ ആശങ്ക സൃഷ്ടിച്ചിരുന്നു. ജൂലൈ 28 ന് റെയില്‍വെ ഡിവിഷണല്‍ സെക്യൂരിറ്റി കമ്മീഷ്ണര്‍ റെയില്‍വെ ഉദ്യോഗസ്ഥരോട് നാല് മാസത്തേക്കുള്ള റേഷന്‍ സംഭരിച്ച് വയ്ക്കാനും കുടുംബാംഗങ്ങളെ കശ്മീരില്‍ നിന്നും മടക്കി അയക്കാനും നിര്‍ദേശിച്ചിരുന്നു. അടിന്തര സാഹചര്യങ്ങളില്‍ മാത്രം അവധി നല്‍കിയാല്‍ മതിയെന്നും നിര്‍ദ്ദേശിച്ചു. ഇതേദിവസം തന്നെ ശ്രീനഗറിലെ അധികൃതരോട് മേഖലയിലെ പള്ളികളെ സംബന്ധിച്ചുള്ള വിവരവും പൊലീസ് തേടി. ജൂലൈ 30 ന് ഓര്‍ഡറുകളൊന്നും സാധുവല്ലെന്ന് ഗവര്‍ണര്‍ സത്യ പാല്‍ മാലിക്ക് പറഞ്ഞു.

10.മേഖലിയില്‍ സൈന്യത്തിന്റെ വിന്യാസമടക്കുമുള്ള സുരക്ഷ മുന്നൊരുക്കങ്ങള്‍ പടിപടിയായി തന്നെ കേന്ദ്രം നടത്തിയിരുന്നു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Jammu kashmir article 370 scrapped 10 things you need to know

Best of Express