ന്യൂഡല്‍ഹി: ജമ്മു കശ്മീരിന് പ്രത്യേക പദവി നല്കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി. പ്രതിപക്ഷ പ്രതിഷേധത്തിനിടെ കേന്ദ്രത്തിന് പിന്തുണയുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. സംസ്ഥാനത്ത് സമാധാനവും വികസനവും കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നതായി കെജരിവാള്‍ ട്വീറ്റ് ചെയ്യുകയായിരുന്നു.
”ജമ്മു കശ്മീരില്‍ സര്‍ക്കാര്‍ തീരുമാനത്തെ പിന്തുണയ്ക്കുന്നു. ഇത് മേഖലയില്‍ സമാധവും വികസനവും കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു” എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. കേന്ദ്ര സര്‍ക്കാരിനും ബിജെപിയ്ക്കുമെതിരെ നിരന്തരം വിമര്‍ശനം ഉന്നയിച്ചിട്ടുള്ള കെജരിവാളില്‍ നിന്നുമുള്ള പിന്തുണ അപ്രതീക്ഷിതമായിരുന്നു.
We support the govt on its decisions on J & K. We hope this will bring peace and development in the state.
— Arvind Kejriwal (@ArvindKejriwal) August 5, 2019
രാഷ്ട്രപതി സ്വന്തം അധികാരം ഉപയോഗിച്ചാണ് പ്രത്യേക പദവി നീക്കം ചെയ്ത വിജ്ഞാപനം പുറപ്പെടുവിച്ചത്. ഇന്ത്യയുടെ എല്ലാ നിയമങ്ങളും ഭരണഘടനാ വ്യവസ്ഥകളും ഇനി ജമ്മു കശ്മീരിനും ബാധകമാണ്.
ജമ്മു കശ്മീരിനെ രണ്ടായി വിഭജിച്ചിരിക്കുകയാണ്. ജമ്മു ആന്‍ഡ് കശ്മീരും പിന്നെ ലഡാക്കും. ഇതില്‍ ജമ്മു കശ്മീര്‍ നിയമസഭയുള്ള കേന്ദ്രഭരണ പ്രദേശമായിരിക്കും. എന്നാല്‍, ലഡാക്ക് നിയമസഭയില്ലാത്ത കേന്ദ്രഭരണ പ്രദേശമായിരിക്കും. ലഡാക്ക് നേരിട്ട് കേന്ദ്രത്തിനു കീഴില്‍ ആയിരിക്കും. ലഡാക്കില്‍ ഒരു ലഫ്.ഗവര്‍ണര്‍ ഉണ്ടായിരിക്കും. ജമ്മു കശ്മീരില്‍ നിയമസഭയുണ്ടാകും. ഗോവ, പുതുച്ചേരി എന്നീ കേന്ദ്ര ഭരണ പ്രദേശങ്ങള്‍ പോലെയായിരിക്കും ജമ്മു കശ്മീരിലെ നിയമസഭ.
പ്രതിപക്ഷ പാര്‍ട്ടികള്‍ വലിയ പ്രതിഷേധം ഉയര്‍ത്തിയെങ്കിലും കേന്ദ്ര ആഭ്യന്ത്രമന്ത്രി അമിത് ഷാ രാജ്യസഭയില്‍ പ്രമേയം അവതരിപ്പിക്കുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയില്‍ ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിന് ശേഷമാണ് തീരുമാനം.
ജമ്മു കശ്മീരിന് പ്രത്യേക പദവി നല്കി പോന്നിരുന്ന വകുപ്പാണ് ആര്‍ട്ടിക്കള്‍ 370. ഇതിനെതിരെ ബിജെപി നേരത്തെ മുതലേ രംഗത്തുണ്ടായിരുന്നു. മറ്റെല്ലാ സംസ്ഥാനങ്ങളിലും നിയമസഭയുടെ കാലാവധി അഞ്ച് വര്‍ഷമാണ്. എന്നാല്‍, ജമ്മു കശ്മീര്‍ നിയമസഭയുടെ കാലാവധി ആറ് വര്‍ഷമായിരുന്നു. നിയമനിര്‍മാണത്തിനും കേന്ദ്രത്തിനു നിയമസഭയുടെ അനുമതി വേണമായിരുന്നു. ഇത്തരം അവകാശങ്ങളെല്ലാം ഇല്ലാതാക്കുന്നതാണ് ആര്‍ട്ടിക്കള്‍ 370 റദ്ദാക്കിയ നടപടി.
ജമ്മു കശ്മീരിനുള്ള 35 എ അധികാരവും റദ്ദാക്കിയിട്ടുണ്ട്. നിയമസഭയ്ക്ക് പ്രത്യേക പദവി നല്‍കുന്നതാണ് 35 എ അനുച്ഛേദം. ആര്‍ട്ടിക്കള്‍ 370 നോട് ചേര്‍ന്നുള്ള അനുച്ഛേദമാണ് ഇത്. രാഷ്ട്രപതിയുടെ പ്രത്യേക ഉത്തരവ് പ്രകാരമാണ് ഇതും റദ്ദാക്കിയിരിക്കുന്നത്.