ശ്രീനഗർ: ബുധനാഴ്ച തെക്കൻ കശ്മീരിൽ നടന്ന രണ്ട് വ്യത്യസ്ത ഏറ്റുമുട്ടലുകളിലായി പാക്കിസ്ഥാനിൽ നിന്നുള്ള രണ്ട് പേർ ഉൾപ്പെടെ ആറ് ജെയ്ഷെ മുഹമ്മദ് തീവ്രവാദികൾ കൊല്ലപ്പെട്ടതായി പൊലീസ് അറിയിച്ചു. ഒരു പൊലീസുകാരനും രണ്ട് സൈനികർക്കും ഏറ്റുമുട്ടലിൽ പരുക്കേറ്റു.
കൊല്ലപ്പെട്ട ആറ് തീവ്രവാദികളിൽ നാലുപേരെ തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു. “നിരോധിത ഭീകര സംഘടനയായ ജെയ്ഷെ ഇഎമ്മിലെ ആറ് ഭീകരർ രണ്ട് വ്യത്യസ്ത ഏറ്റുമുട്ടലുകളിൽ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ട നാലുപേരിൽ രണ്ടുപേർ പാക്കിസ്ഥാനികളും രണ്ടുപേർ പ്രാദേശിക തീവ്രവാദികളുമാണെന്നാണ് ഇതുവരെ തിരിച്ചറിഞ്ഞത്. മറ്റ് രണ്ട് ഭീകരരെ തിരിച്ചറിഞ്ഞുവരികയാണ്.,” ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ് (ഐജിപി) വിജയ് കുമാറിനെ ഉദ്ധരിച്ച് പൊലീസ് പറഞ്ഞു.
ഭീകരർ ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് തിരച്ചിൽ നടത്തുന്നതിനിടെ സുരക്ഷ സേനയ്ക്ക് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. ഇതിലാണ് ഒരു പൊലീസുകാരനും രണ്ട് സൈനികർക്കും പരുക്കേറ്റത്.
ഞായറാഴ്ച തെക്കൻ കശ്മീരിലെ ഷോപ്പിയാൻ, പുൽവാമ, അനന്ത്നാഗ് ജില്ലകളിൽ നടന്ന മൂന്ന് വ്യത്യസ്ത ഏറ്റുമുട്ടലുകളിൽ അഞ്ച് തീവ്രവാദികൾ കൊല്ലപ്പെട്ടിരുന്നു.