ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധിര്‍ രഞ്ജന്‍ ചൗധരിയുടെ ‘സെല്‍ഫ് ഗോളില്‍’ അതൃപ്തി അറിയിച്ച് രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും. ലോക്സഭയില്‍ കോണ്‍ഗ്രസിന്റെ നേതാവായ അധിര്‍ ജമ്മു കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയമല്ലെന്ന് അഭിപ്രായപ്പെട്ടതാണ് സോണിയയേയും രാഹുലിനേയും പ്രകോപിപ്പിച്ചത്. ചൗധരിയെ വിളിച്ചു വരുത്തി സോണിയ അതൃപ്തി രേഖപ്പെടുത്തുകയായിരുന്നു.
ജമ്മു കശ്മീരിനെ കേന്ദ്ര ഭരണ പ്രദേശമാക്കുന്നതിലൂടെ സര്‍ക്കാര്‍ നിയമത്തെ എടുത്ത് ദൂരേയ്ക്ക് എറിഞ്ഞിരിക്കുകയാണെന്നും അധിര്‍ ലോക്സഭയില്‍ പറഞ്ഞിരുന്നു. പാക് അധീന കശ്മീരിനെ കുറിച്ച് കേന്ദ്രം ആലോചിച്ചില്ലെന്നും സകല നിയമങ്ങളും മറി കടന്നെന്നും ചൗധരി പറഞ്ഞു. എന്നാല്‍ ജമ്മു കശ്മീര്‍ മൊത്തം ഇന്ത്യയുടെ ഭാഗമാണെന്നും അക്കാര്യത്തില്‍ യാതൊരു സംശയവുമില്ലെന്നായിരുന്നു ഷായുടെ മറുപടി. തുടര്‍ന്നായിരുന്നു ചൗധരിയുടെ വിവാദമായ പരാമര്‍ശം.
”എനിക്കൊരു സംശയമുണ്ട്. ഇതൊരു ആഭ്യന്തര പ്രശ്നമാണെന്ന് നിങ്ങള്‍ പറയുന്നു. സംസ്ഥാനത്തെ വിഭജിച്ചിരിക്കുന്നു. എനിക്ക് പറയാനുള്ളത്, 1948 മുതല്‍ കശ്മീര്‍ വിഷയം യുഎന്‍ നിരീക്ഷിക്കുന്നുണ്ട്. അതൊരു ആഭ്യന്തര വിഷയമാണോ? നമ്മള് ഷിംല കരാറും ലാഹോര്‍ ഡിക്ലറേഷനും ഒപ്പു വെച്ചിട്ടുണ്ട്. അതൊരു ആഭ്യന്തര വിഷയമാണോ? എസ് ജയശങ്കര്‍ യുഎസ് വിദേശകാര്യ മന്ത്രി മൈക്ക് പോംപോയോട് പറഞ്ഞത് ഇത് രണ്ട് പേര്‍ക്കിടയിലെ വിഷയമാണെന്നാണ്. ജമ്മു കശ്മീരിന് ഇനിയും ഒരു ആഭ്യന്തര വിഷയമായി നില്ക്കാന് പറ്റുമോ?” എന്നായിരുന്നു ചൗധരിയുടെ പ്രതികരണം.
ഇതേസമയം, ചൗധരിയുടെ സമീപത്തിരുന്ന സോണിയ ഗാന്ധിയുടെ ഭാവം മാറുന്നത് കാണാന്‍ സാധിക്കുമായിരുന്നു. ചൗധരിക്ക് അടുത്തിരുന്ന രാഹുലിനോട് എന്താണ് നടക്കുന്നതെന്ന അര്‍ത്ഥം വരുന്ന തരത്തിലുള്ള ആംഗ്യം കാണിക്കുന്നതും കണ്ടു. ബിജെപി അംഗങ്ങള്‍ ചൗധരിക്കെതിരെ നാണക്കേട് എന്ന് ശബ്ദമുയര്‍ത്തി. എന്നാല്‍ താന്‍ ഒരു ഫണ്ടമെന്റല്‍ സംശയം ചോദിക്കുക മാത്രമാണ് ചെയ്തതെന്നും ഉത്തരം അറിയണമെന്നും തന്നെ തെറ്റിദ്ധരിക്കരുതെന്നും ചൗധരി മറുപടി നല്കി.
കോണ്‍ഗ്രസിനും ഉത്തരം കേള്‍ക്കണം എന്ന് ചൗധരി പറഞ്ഞതോടെ സോണിയ കൂടുതല്‍ ആശങ്കാക്കുഴപ്പിലാക്കുന്നതായി കാണാം. എന്നാല്‍ ചൗധരിക്ക് രൂക്ഷമായ മറുപടിയുമായി അമിത് ഷാ എത്തി.
”ജമ്മു കശ്മീരിനെ ഇന്ത്യയുടെ ഭാഗമായി നിങ്ങള്‍ കാണുന്നില്ലേ? നിങ്ങള്‍ എന്താണ് പറയുന്നത്? ജമ്മു കശ്മീര്‍ ഇന്ത്യയുടെ പ്രധാന ഭാഗമാണ്. ഞാന്‍ എപ്പോള്‍ ജമ്മു കശ്മീര്‍ എന്നു പറയുന്നുവോ അതിനര്‍ത്ഥം പാക് അധീന കശ്മീര്‍ കൂടെയാണെന്നാണ്. അതിനായി മറിക്കാന്‍ പോലും ഞങ്ങള്‍ തയ്യാറാണ്” എന്നായിരുന്നു ഷായുടെ മറുപടി. ഇതേസമയം, ബിജെപി അംഗങ്ങള്‍ വന്ദേമാതരവും ഭാരത് മാതാ കി ജയ് മുഴക്കി.