ജമ്മു: ജമ്മു വ്യോമസേനാ താവളത്തില്‍ സ്ഫോടനങ്ങൾ നടത്തിയത് രണ്ടു കിലോ വീതമുള്ള നാടൻ സ്ഫോടക വസ്തുകള്‍ ഉപയോഗിച്ചെന്ന് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞു. രണ്ട് ഡ്രോണുകൾ ഉപയോഗിച്ചാണ് സ്ഫോടനം നടത്തിയതെന്നാണ് സംശയിക്കുന്നത്.
“ആറ് മിനിറ്റ് ഇടവേളയില്‍ രണ്ട് ശബ്ദങ്ങളാണ് കേട്ടത്. എന്നാല്‍ ഡ്രോണുകളുടെ അവശിഷ്ടങ്ങളൊന്നും ലഭിച്ചില്ല. സ്ഫോടക വസ്തു വര്‍ഷിച്ചശേഷം ഡ്രോണുകൾ തിരികെ പോയെന്നാണ് നിഗമനം,” സുരക്ഷാ ഉദ്യോഗസ്ഥന് ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു
” ഏകദേശം 100 മീറ്റര്‍ ഉയരത്തില്‍ നിന്നാകാം സ്ഫോടകവസ്തുക്കൾ വർഷിച്ചതെന്നാണ് പ്രാഥമിക അന്വഷണത്തില്‍ തെളിയുന്നത്. സ്ഫോടന ശേഷിയുള്ള കൂടിയവയാണിത്. പെട്ടെന്നോ അല്പസമയത്തിന് ശേഷമോ ആകാം പൊട്ടിത്തെറിച്ചത്,” മറ്റൊരു സുരക്ഷാ ഉദ്യോഗസ്ഥന് പറഞ്ഞു.
“സ്ഫോടനത്തിന് ഉപയോഗിച്ചത് ആര്‍ഡിഎക്സ് ആകാനും സാധ്യതയുണ്ട്. എന്നാല്‍ ഫോറന്‍സിക് പരിശോധനയുടെ ഫലത്തില്‍ നിന്ന് മാത്രമേ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാകൂ. ഡ്രോണുകള്‍ എവിടെ നിന്നാണ് വന്നതെന്നതിലും അന്വേഷണം പുരോഗമിക്കുകയാണ്,” ഉദ്യോഗസ്ഥന് കൂട്ടിച്ചേര്‍ത്തു.
പുലര്‍ച്ചെ 1.37 നും1.42 നും നടന്ന രണ്ട് സ്ഫോടനങ്ങളില്‍ രണ്ടു വ്യോമസേനാ ഉദ്യോഗസ്ഥര്‍ക്കു പരുക്കേറ്റതായാണു രഹസ്യാന്വേഷണ വിഭാഗ വൃത്തങ്ങളില്‍നിന്നുള്ള വിവരം. ഇതിലൊരാള്‍ വാറന്റ് ഉദ്യോഗസ്ഥനും ഒരു വ്യോമസേനയും മറ്റേയാള്‍ എയര്മാനുമാണ്. സ്ഫോടനത്തിന്റെ കാരണം സ്ഥിരീകരിച്ചിട്ടില്ലെന്നും സ്ഫോടനത്തിന് മുമ്പ് ഡ്രോണിന്റെ ശബ്ദം കേട്ടിട്ടതായി സൈനിക രഹസ്യാന്വേഷണ വിഭാഗം വൃത്തങ്ങള്‍ പറഞ്ഞു.
ഒരു കെട്ടിടത്തിന്റെ മേല്‍ക്കൂര കേടായെങ്കിലും സമീപത്തെ ഹാംഗറി (വിമാനങ്ങൾ സൂക്ഷിക്കുന്ന കെട്ടിടം)നു ഭീഷണിയുണ്ടായില്ല. ആക്രമണത്തില്‍ വിലയേറിയ ഉപകരണങ്ങള്‍ക്കൊന്നും കേടുപാടുണ്ടായിട്ടില്ലെന്നും സൈനിക വൃത്തങ്ങൾ പറയുന്നു.
പാകിസ്ഥാനുമായുള്ള രാജ്യാന്തര അതിര്‍ത്തിയിലെ ഏറ്റവും അടുത്തുള്ള സ്ഥലത്തുനിന്ന് 14-15 കിലോമീറ്റര്‍ അകലെയാണ് വ്യോമസേനാ സ്റ്റേഷന്. ജമ്മു മേഖലയിലെ രാജ്യാന്തര അതിര്‍ത്തിയുടെയും നിയന്ത്രണ രേഖയുടെയും ഇന്ത്യന്‍ ഭാഗത്ത് ഇതുവരെ പാകിസ്ഥാനില്‍നിന്ന് ഒരു ഡ്രോണ്‍ സഞ്ചരിച്ച ഏറ്റവും കൂടിയ ദൂരം 12 കിലോമീറ്ററാണ്. അതേസമയം, ഇന്ത്യന്‍ പ്രദേശത്ത് നിന്ന് ഡ്രോണ്‍ നിയന്ത്രിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് അധികൃതര്‍ പറഞ്ഞു.
തീവ്രവാദി ആക്രമണം നടത്താന്‍ ഡ്രോണ്‍ ഉപയോഗിക്കുന്നത് രാജ്യത്തിന് പുതിയ സുരക്ഷാ ഭീഷണിയുടെ തുടക്കമാണ്. അഞ്ചുകിലോ ഗ്രാം നാടന്‍ സ്ഫോടകവസ്തുവുമായി ജമ്മുവില്‍ ലഷ്കര്‍-ഇ-തയ്ബ പ്രവര്‍ത്തകനെന്നു കരുതുന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് ഏതാനും മണിക്കൂറുകള്‍ക്കു ശേഷമാണ് വ്യോമസേനാ സ്റ്റേഷനു നേരെ ആക്രമണമുണ്ടായത്.
മേഖലയിലെ പ്രധാന സൈനിക, വ്യോമസേനാ കേന്ദ്രങ്ങള്‍ക്കു ഉയര്‍ന്ന ജാഗ്രതാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തിരഞ്ഞെടുത്ത സൈനിക കേന്ദ്രങ്ങളില്‍ ബോംബ് നിര്‍മാര്‍ജന സ്ക്വാഡുകള്‍ നിലയുറപ്പിച്ചിട്ടുണ്ട്. അവിടെ നിന്ന് ആവശ്യമെങ്കില്‍ സ്ക്വാഡുകളളെ മറ്റിടങ്ങളിലേക്ക് അയയ്ക്കാന്‍ കഴിയും.
അതിനിടെ, രത്നൂചക്-കലുചക് സൈനികമേഖലയിൽ ഞായറാഴ്ച അര്‍ധരാത്രി രണ്ട് ഡ്രോണുകള്‍ സൈന്യം കണ്ടെത്തി. ”ഞായറാഴ്ച അര്‍ധരാത്രി രണ്ട് വ്യത്യസ്ത ഡ്രോണുകള്‍ രത്നൂചക്-കലുചക് സൈനിക പ്രദേശത്ത് ജാഗ്രതാ വിഭാഗം കണ്ടെത്തി. ഉടന്‍ തന്നെ ജാഗ്രതാ നിര്‍ദേശം നല്‍കിയതോടെ ഇവയ്ക്കുനേരെ ദ്രുത പ്രതികരണ സംഘം വെടിയുതിര്‍ത്തു. ഇതോടെ ഇരു ഡ്രോണുകളും ദൂരേക്കു പറന്നുപോയി. സൈനികരുടെ ജാഗ്രതയും സജീവമായ സമീപനവും മൂലം വലിയ ഭീഷണി ഒഴിവായി. സുരക്ഷാ സേന അതീവ ജാഗ്രതയിലാണ്. തിരച്ചില്‍ തുടരുകയാണ്,”സേനാ പിആര്‍ഒ ലഫ്റ്റനന്റ് കേണല്‍ ദേവേന്ദര്‍ ആനന്ദ് ജമ്മു പറഞ്ഞു.
Also Read: ജമ്മു വിമാനത്താവളത്തില്‍ ഇരട്ട സ്ഫോടനം; രണ്ട് പേര്‍ക്ക് പരുക്ക്