ശ്രീനഗര്‍: കത്തുവയില്‍ ക്രൂരമായി കൂട്ടബലാത്സംഗം ചെയ്യപ്പെട്ട് കൊല്ലപ്പെട്ട എട്ടു വയസുകാരിയുടെ കുടുംബത്തിന്റെ അഭിഭാഷകയ്ക്ക് ഭീഷണിയെന്ന് പരാതി. ജമ്മു ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് തന്നെ ഭീഷണിപ്പെടുത്തിയതായി അഭിഭാഷകയായ ദീപിക എസ്.രജാവത്ത് എഎന്‍ഐയോട് വെളിപ്പെടുത്തി. കശ്മീര്‍ ഹൈക്കോടതിയില്‍ വച്ച് ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് ബി.എസ്.സലാത്തിയ തന്നെ പരസ്യമായി ഭീഷണിപ്പെടുത്തിയതായി ദീപിക പറഞ്ഞു. കുട്ടിയുടെ കുടുംബത്തിന് വേണ്ടി കോടതിയില്‍ ഹാജരാകരുതെന്നും സലാത്തിയ പറഞ്ഞതായി അഭിഭാഷക വ്യക്തമാക്കി.
പ്രതികളെ രക്ഷിക്കാന്‍ എന്തിനാണ് അഭിഭാഷകര്‍ ശ്രമിക്കുന്നതെന്നും ദീപിക ചോദിച്ചു. ‘കുറ്റപത്രം സമര്‍പ്പിക്കാനെത്തിയ പൊലീസുകാരെ പ്രാദേശിക അഭിഭാഷകര്‍ തടഞ്ഞത് നമ്മള്‍ കണ്ടതാണ്. എന്തിനാണ് ഇവര്‍ പ്രതികളെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നത്?’, ദീപിക പറഞ്ഞു.
കത്തുവ ജില്ലയില്‍ ക്ഷേത്രത്തിന് അകത്ത് വച്ചാണ് എട്ടു വയസുകാരി ബലാത്സംഗം ചെയ്ത് കൊല്ലപ്പെട്ടത്. മുഖ്യപ്രതി പ്രാര്‍ത്ഥനകളും പൂജയും നടത്തിയതിന് പിന്നാലെയാണ് കുട്ടിയെ പീഡിപ്പിച്ചത്. എട്ടു പ്രതികളില്‍ ഒരാളെ മീററ്റില്‍ നിന്നും അയാളുടെ കാമാസക്തി തീര്‍ക്കാന്‍ വിളിച്ചു വരുത്തുകയായിരുന്നു. മയക്കുമരുന്ന് നല്‍കി ബോധം കെടുത്തിയ ശേഷം കഴുത്ത് ഞെരിച്ചും തലയിൽ കല്ല് കൊണ്ട് ഇടിച്ചുമാണ് എട്ടു വയസുകാരിയെ കൊലപ്പെടുത്തിയത്. എന്നാല്‍ മരിക്കുന്നതിന് തൊട്ടു മുമ്പ് പ്രതിയായ ഒരു പൊലീസുകാരന്‍ മറ്റ് പ്രതികളോട് പറഞ്ഞത് ഇപ്രകാരമാണ്, ‘ഒന്ന് കാത്തിരിക്ക്, അവസാനം ഒരുവട്ടം കൂടി ഞാന്‍ ചെയ്യട്ടെ’. 18 പേജുളള കുറ്റപത്രത്തില്‍ ഞെട്ടിക്കുന്ന വസ്തുതകളാണ് പറയുന്നത്.
ജനുവരി 10ന് കാണാതായ കുട്ടിയുടെ മൃതദേഹം 7 ദിവസത്തിന് ശേഷം സമീപത്തെ വനപ്രദേശത്ത് നിന്നായിരുന്നു കണ്ടെത്തിയത്. ദീപക് ഖജൂരിയ, സുരീന്ദര്‍ കുമാര്‍, പര്‍വേസ് കുമാര്‍ എന്നീ സ്‌പെഷല്‍ പൊലീസ് ഓഫീസര്‍മാര്‍ 1.5 ലക്ഷം രൂപ കൈക്കൂലി വാങ്ങുകയും കൊലയ്ക്ക് കൂട്ടു നില്‍ക്കുകയും ചെയ്തെന്നും കുറ്റപത്രത്തില്‍ പറയുന്നു. ഹെഡ് കോണ്‍സ്റ്റബിളായ തിലക് രാജ്, എഎസ്ഐ ആനന്ദ് ദുട്ട എന്നിവരും കൂട്ടുനിന്നു.
വിരമിച്ച റവന്യൂ ഉദ്യോഗസ്ഥനായ സഞ്ജി റാം ആണ് കേസിലെ മുഖ്യപ്രതി. ഇയാളാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയി ക്ഷേത്രത്തിലെത്തിച്ച് പീഡിപ്പിച്ച് കൊല്ലാന്‍ പദ്ധതി തയ്യാറാക്കിയത്. കൂടാതെ ഇയാളുടെ മകനും അനന്തിരവനും കുറ്റം ചെയ്യാന്‍ കൂട്ടുനിന്നു. ബ്രാഹ്മണര്‍ മാത്രം താമസിക്കുന്ന പ്രദേശത്ത് 20 നാടോടി ബക്കര്‍വാള്‍ മുസ്‌ലിം കുടുംബങ്ങള്‍ സ്ഥലം വാങ്ങി വീടുവച്ച് താമസിച്ചതിനോടുള്ള പ്രതികാരമാണ് ഇതെന്നാണ് ആരോപണം.
കസാന ഗ്രാമവാസിയായ കുട്ടിയെ ജനുവരി പത്തിന് കാണാതാവുകയായിരുന്നു. വീട്ടിലെ കുതിരകളുമായി കുളക്കരയിലേക്ക് പോയ കുട്ടിയുടെ മൃതദേഹം ഒരാഴ്ച കഴിഞ്ഞ് കാട്ടിൽ നിന്ന് കണ്ടെത്തുകയായിരുന്നു. അതിക്രൂരമായ രീതിയിലായിരുന്നു കുട്ടിയെ പീഡിപ്പിച്ചതും കൊലപ്പെടുത്തിയതും.
പീഡിപ്പിച്ചതിന് ശേഷം ഇടത് തുട കൊണ്ട് പെണ്‍കുട്ടിയുടെ കഴുത്തില്‍ അമര്‍ത്തി ശ്വാസം മുട്ടിച്ചാണ് ഖജൂരിയ കുട്ടിയെ കൊല്ലാന്‍ ശ്രമിച്ചതെന്നും കുറ്റപത്രത്തില്‍ പറയുന്നു. എന്നാല്‍ കുട്ടി മരിക്കാത്തതിനെ തുടര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത അനന്തിരവനും കൊലപാതകത്തിന് സഹായിച്ചു. കുട്ടി മരിച്ചെന്ന് ഉറപ്പ് വരുത്താനായി കല്ല് കൊണ്ട് തലയ്ക്ക് അടിക്കുകയും ചെയ്തതായ് കുറ്റപത്രത്തില്‍ പറയുന്നു. അന്ന് വാഹനം കിട്ടാത്തതിനെ തുടര്‍ന്ന് ക്ഷേത്രത്തില്‍ തന്നെ കുട്ടിയുടെ മൃതദേഹം സൂക്ഷിക്കുകയായിരുന്നു. തുടര്‍ന്ന് ജനുവരി 15നാണ് മൃതദേഹം കാട്ടില്‍ ഉപേക്ഷിച്ചത്. പൊലീസുകാരനായ ഖജൂരിയയെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് ദേശീയ പതാക വീശി ബിജെപി, ഹിന്ദു ഏക്താ മഞ്ച് പ്രവർത്തകർ പ്രകടനം നടത്തിയത് വിവാദമായിരുന്നു.
Read About : ജമ്മു കശ്മീരിൽ എട്ട് വയസുകാരിയെ കൊന്ന കേസിലെ കുറ്റപത്രത്തിലെ ഞെട്ടിക്കുന്ന വസ്തുതകള്‍
അതേസമയം വര്‍ഗീയധ്രുവീകരണത്തിനുള്ള സാധ്യത കണക്കിലെടുത്ത് കേസ് രണ്ട് സിഖ് മതവിശ്വാസികളെ കൊണ്ട് അന്വേഷിപ്പിക്കാനാണ് ജമ്മു കശ്മീര്‍ പൊലീസിന്റെ തീരുമാനം. ഭുപീന്ദര്‍ സിങ്, ഹര്‍മീന്ദര്‍ സിങ് എന്നീ പൊലീസുകാര്‍ക്കാണ് കേസിന്റെ അന്വേഷണ ചുമതല.