ശ്രീനഗർ: കനത്ത സുരക്ഷയിൽ ജമ്മു കശ്മീരിൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള ഒന്നാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. പതിനൊന്ന് ജില്ലകളിലായി 422 വാർഡുകളിലാണ് ആദ്യഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്നത്. 13 വർഷങ്ങൾക്കുശേഷം ഇതാദ്യമായാണ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നത്.
ആകെയുള്ള 1,145 വാർഡുകളിൽ 422 വാർഡുകളിലേക്കുള്ള തിരഞ്ഞെടുപ്പാണ് ഒന്നാം ഘട്ട തിരഞ്ഞെടുപ്പിൽ പുരോഗമിക്കുന്നത്. മിക്ക പോളിങ് ബൂത്തുകളിലും വോട്ടിങ് ശതമാനം വളരെ കുറവാണ്. ശ്രീനഗറിലെ 3 വാർഡുകളിൽ ആദ്യത്തെ രണ്ടു മണിക്കൂറിൽ 75 വോട്ടുകളാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നാണ് അധികൃതർ പറയുന്നത്.
ബരാമുള്ള മേഖലയിൽ തിരഞ്ഞെടുപ്പിനോട് തണുപ്പൻ പ്രതികരണമാണ് ലഭിക്കുന്നത്. ഉച്ചയ്ക്ക് 1.30 വര ഇവിടെ ആകെ ഒരു വോട്ട് മാത്രമാണ് രേഖപ്പെടുത്തിയിട്ടുളളത്. അതേസമയം, ജമ്മു മേഖലയിൽ പോളിങ് ബൂത്തിലെ നീണ്ട ക്യൂ തിരഞ്ഞെടുപ്പിനോടുള്ള മികച്ച പ്രതികരണത്തിനുള്ള തെളിവാണ്.
തിരഞ്ഞെടുപ്പിനിടെ നിരവധി പ്രദേശങ്ങളിൽ കല്ലേറുണ്ടായി. ബന്ദിപോര ജില്ലയിൽ 15-ാം വാർഡ് ബിജെപി സ്ഥാനാർത്ഥി ആദിൽ അഹമ്മദ് ബുഹ്റുവിന് കല്ലേറിൽ പരുക്കേറ്റു. ദാചിഗാമിൽ വോട്ടു ചെയ്യാൻ പോകവേയാണ് ബുഹ്റുവിനുനേരെ കല്ലേറുണ്ടായത്.
തിരഞ്ഞെടുപ്പിന് മുന്നോടിയായി തെക്കൻ കശ്മീരിൽ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. മറ്റുള്ള ഭാഗങ്ങളിൽ ഇന്റർനെറ്റ് വേഗത 2ജിയായ് കുറച്ചിട്ടുണ്ട്.
ഏഴ് മണിക്ക് ആരംഭിച്ച വോട്ടിങ് വൈകീട്ട് നാലു മണിക്ക് അവസാനിക്കുമെന്നും, അടുത്ത മൂന്നു ഘട്ടങ്ങളിലെ തിരഞ്ഞെടുപ്പ് ഒക്ടോബർ 10, 13, 16 തിയതികളിലായി നടക്കുമെന്നും, 2,990 സ്ഥാനാർത്ഥികൾ മത്സരിക്കുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷ്ണർ ഷലീൻ കബ്റ പറഞ്ഞു.
150 പോളിങ്ങ് ബൂത്തുകൾ കശ്മീർ മേഖലയിലും, 670 ബൂത്തുകൾ ജമ്മു മേഖലയിലും സജ്ജീകരിച്ചിട്ടുണ്ട്. കശ്മീർ മേഖലയിലെ 138 ബൂത്തുകളും ,ജമ്മു ഡിവിഷനിലെ 52 ബൂത്തുകളും പ്രശ്നബാധിത ബൂത്തുകളാണെന്ന് കബ്റ പറഞ്ഞു.
പ്രധാന പാർട്ടികളായ നാഷ്ണൽ കോൺഫറൻസും പിഡിപിയും തിരഞ്ഞെടുപ്പ് ബഹിഷ്കരിച്ചിട്ടുണ്ട്. ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്നതിലെ കേന്ദ്ര നയത്തിലെ വ്യക്തത കുറവ് ആരോപിച്ചാണ് ഇരു പാർട്ടികളും തിരഞ്ഞടുപ്പിൽനിന്നും വിട്ട് നിൽക്കുന്നത്. ഇതോടെ കോൺഗ്രസും ബിജെപിയും നേർക്കു നേർ പോരാടുന്ന അവസ്ഥയാണ് സംജാതമായിരിക്കുന്നത്. 2005-ലാണ് അവസാനമായി തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടന്നത്.