ശ്രീനഗർ: കശ്മീരിലെ ത്രാളിൽ 15 മണിക്കൂറിൽ അധികം നീണ്ടുനിന്ന ഏറ്റുമുട്ടലിൽ ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരനടക്കം രണ്ടു പേരെ വധിച്ചു. കൊല്ലപ്പെട്ട ഭീകരരില്‍ ഒരാള്‍ പാക് സ്വദേശിയാണന്ന് സൈന്യം സ്ഥിരീകരിച്ചു.

തെക്കൻ കശ്മീരിലെ പുൽവാമ ജില്ലയിലെ ത്രാളിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. ഒരു പൊലീസുകാരനും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ജമ്മു കശ്മീര്‍ പൊലീസ് ഫോഴ്സിലെ ഉദ്യോഗസ്ഥനായ മന്‍സൂര്‍ അഹമ്മദ് ആണ് കൊല്ലപ്പെട്ടത്. മേജർ റാങ്കിലുള്ള ഉദ്യോഗസ്ഥൻ ഉൾപ്പെടെ മൂന്നു സുരക്ഷാ സൈനികർക്കു പരുക്കേറ്റു. ഇന്നലെ വൈകുന്നേരം ആറുമണിയോടെ ആരംഭിച്ച ഏറ്റുമുട്ടൽ ഇന്നുച്ചയോടെയാണ് അവസാനിച്ചത്.

മുൻപ് ഏറ്റുമുട്ടലിലൂടെ സൈന്യം വധിച്ച ഭീകരൻ ബുർഹാൻ വാനിയുടെ സ്വദേശമാണ് ത്രാൾ. ത്രാളിലെ ഹായുന ഗ്രാമത്തിലായിരുന്നു ഏറ്റുമുട്ടൽ. ഭീകരർ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യാന്വേഷണ വിവരത്തെ തുടർന്നാണ് സൈന്യം ഗ്രാമത്തിൽ എത്തിയത്. ജമ്മു കശ്മീർ പൊലീസ്, സൈന്യം, സിആർപിഎഫ് എന്നീ വിഭാഗങ്ങൾ സംയുക്തമായാണ് തിരച്ചിലിന് ഇറങ്ങിയത്. ഇവർക്കുനേരെ ഭീകരർ ഗ്രനേഡ് എറിയുകയും വെടിയുതിർക്കുകയും ചെയ്തു. ഇതോടെ സുരക്ഷാ സേന ഉടൻതന്നെ തിരിച്ചടിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook