ന്യൂഡല്‍ഹി: ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കി. രാഷ്ട്രപതി സ്വന്തം അധികാരം ഉപയോഗിച്ചാണ് പ്രത്യേക പദവി നീക്കം ചെയ്ത വിജ്ഞാപനം പുറപ്പെടുവിച്ചത്. ഇന്ത്യയുടെ എല്ലാ നിയമങ്ങളും ഭരണഘടനാ വ്യവസ്ഥകളും ഇനി ജമ്മു കശ്മീരിനും ബാധകമാണ്.
ജമ്മു കശ്മീരിനെ രണ്ടായി വിഭജിച്ചിരിക്കുകയാണ്. ജമ്മു ആന്‍ഡ് കശ്മീരും പിന്നെ ലഡാക്കും. ഇതില്‍ ജമ്മു കശ്മീര്‍ നിയമസഭയുള്ള കേന്ദ്രഭരണ പ്രദേശമായിരിക്കും. എന്നാല്‍, ലഡാക്ക് നിയമസഭയില്ലാത്ത കേന്ദ്രഭരണ പ്രദേശമായിരിക്കും. ലഡാക്ക് നേരിട്ട് കേന്ദ്രത്തിനു കീഴില്‍ ആയിരിക്കും. ലഡാക്കില്‍ ഒരു ലഫ്.ഗവര്‍ണര്‍ ഉണ്ടായിരിക്കും. ജമ്മു കശ്മീരില്‍ നിയമസഭയുണ്ടാകും. ഗോവ, പുതുച്ചേരി എന്നീ കേന്ദ്ര ഭരണ പ്രദേശങ്ങള്‍ പോലെയായിരിക്കും ജമ്മു കശ്മീരിലെ നിയമസഭ.
HM Amit Shah: Jammu and Kashmir to be a union territory with legislature and Ladakh to be union territory without legislature pic.twitter.com/nsEL5Lr15h
— ANI (@ANI) August 5, 2019
പ്രതിപക്ഷ പാര്‍ട്ടികള്‍ വലിയ പ്രതിഷേധം ഉയര്‍ത്തിയെങ്കിലും കേന്ദ്ര ആഭ്യന്ത്രമന്ത്രി അമിത് ഷാ രാജ്യസഭയില്‍ പ്രമേയം അവതരിപ്പിക്കുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയില്‍ ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിന് ശേഷമാണ് തീരുമാനം.
ജമ്മു കശ്മീരിന് പ്രത്യേക പദവി നല്കി പോന്നിരുന്ന വകുപ്പാണ് ആര്‍ട്ടിക്കള്‍ 370. ഇതിനെതിരെ ബിജെപി നേരത്തെ മുതലേ രംഗത്തുണ്ടായിരുന്നു. മറ്റെല്ലാ സംസ്ഥാനങ്ങളിലും നിയമസഭയുടെ കാലാവധി അഞ്ച് വര്‍ഷമാണ്. എന്നാല്‍, ജമ്മു കശ്മീര്‍ നിയമസഭയുടെ കാലാവധി ആറ് വര്‍ഷമായിരുന്നു. നിയമനിര്‍മാണത്തിനും കേന്ദ്രത്തിനു നിയമസഭയുടെ അനുമതി വേണമായിരുന്നു. ഇത്തരം അവകാശങ്ങളെല്ലാം ഇല്ലാതാക്കുന്നതാണ് ആര്‍ട്ടിക്കള്‍ 370 റദ്ദാക്കിയ നടപടി.
Constitution(application to Jammu and Kashmir) Order 2019 pic.twitter.com/ueZWl8VU59
— ANI (@ANI) August 5, 2019
ജമ്മു കശ്മീരിനുള്ള 35 എ അധികാരവും റദ്ദാക്കിയിട്ടുണ്ട്. നിയമസഭയ്ക്ക് പ്രത്യേക പദവി നല്‍കുന്നതാണ് 35 എ അനുച്ഛേദം. ആര്‍ട്ടിക്കള്‍ 370 നോട് ചേര്‍ന്നുള്ള അനുച്ഛേദമാണ് ഇത്. രാഷ്ട്രപതിയുടെ പ്രത്യേക ഉത്തരവ് പ്രകാരമാണ് ഇതും റദ്ദാക്കിയിരിക്കുന്നത്.
അതേസമയം, ശ്രീനഗറില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. സ്കൂളുകള്‍ അടഞ്ഞുകിടക്കും. ജമ്മു സര്‍വകലാശാലയും അടച്ചിട്ടു. ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പരീക്ഷകളൊന്നും നടക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. 35,000 ത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരിക്കുന്നത്. ഇന്റർനെറ്റ് സേവനങ്ങള്‍ നിര്‍ത്തലാക്കി. രാജൗരി, ഉദംപൂര്‍ ജില്ലകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.
ഇന്നലെ രാത്രി മുതലാണ് ജമ്മു കാശ്മീരില്‍ അസാധാരണ സംഭവങ്ങള്‍ അരങ്ങേറിയത്. പ്രധാന നേതാക്കളെയെല്ലാം വീട്ടുതടങ്കലിലാക്കി. നേതാക്കള്‍ തന്നെയാണ് തങ്ങള്‍ വീട്ടുതടങ്കലിലാണെന്ന കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. പിഡിപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ മെഹ്ബൂബ മുഫ്തി, പീപ്പിള്‍സ് കോണ്‍ഫറന്‍സ് നേതാവ് സജ്ജാദ് ലോണും മുന്‍ മുഖ്യമന്ത്രിയും ഒമര്‍ അബ്ദുള്ള എന്നിവരെല്ലാം വീട്ടുതടങ്കലിലാണെന്ന കാര്യം അറിയിച്ചതോടെ ജമ്മു കാശ്മീരില്‍ അനിശ്ചിതത്വം ആരംഭിച്ചു. പുലര്‍ച്ചെ 1.40 ഓടെ ഗവര്‍ണര്‍ സത്യപാല്‍ മാലിക് ചീഫ് സെക്രടട്ടറി, ഡിജിപി എന്നിവരുടെ അടിയന്തര യോഗം വിളിച്ചിരുന്നു.
“സമാധാനത്തിനു വേണ്ടി പോരാടിയ ഞങ്ങളെപ്പോലെയുള്ള തെരഞ്ഞെടുക്കപെട്ട നേതാക്കള്‍ വീട്ടു തടങ്കലില്‍ ആണ് എന്നത് എന്തൊരു വിരോധാഭാസമാണ്. ജമ്മു-കശ്മീരിലെ ജനങ്ങളെ നിശബ്ദമാക്കുന്നത് ലോകം കണ്ടു കൊണ്ടിരിക്കുകയാണ്. മതേതര-ജനാധിപത്യ ഇന്ത്യയെ തെരഞ്ഞെടുത്ത അതേ കശ്മീര്‍ തന്നെയാണ് സങ്കല്പ്പിക്കാന് പറ്റാത്ത തരത്തിലുള്ള ഒരു അടിച്ചമര്‍ത്തല്‍ നേരിടുന്നത്. ഉണരൂ ഇന്ത്യ,” മെഹബൂബ മുഫ്തി ട്വിറ്ററിൽ പറഞ്ഞു.
ഒമർ അബ്ദുള്ളയുടെ ട്വീറ്റ് ഇങ്ങനെ: “ഇന്ന് രാത്രി മുതല്‍ ഞാന്‍ വീട്ടുതടങ്കലില്‍ ആക്കപ്പെട്ടിരിക്കുന്നു എന്നാണു ഞാന്‍ വിശ്വസിക്കുന്നത്. ബാക്കിയുള്ള മുഖ്യധാരാ നേതാക്കള്‍ക്കും ഈ പ്രക്രിയ തുടങ്ങിക്കഴിഞ്ഞു. ഇത് സത്യമാണോ എന്നറിയാന്‍ ഒരു വഴിയുമില്ല, പക്ഷേ സത്യമാണെങ്കില്‍, ഭാവി നമുക്കായി കാത്തു വയ്ക്കുന്നതെന്തോ, അതിന്റെ മറുകരയില്‍ ഞാന്‍ നിങ്ങളെ ഇനി കാണും. അല്ലാഹു രക്ഷിക്കട്ടെ.”