ശ്രീനഗർ: ജമ്മു കാശ്മീരിലെ ഷോപിയാൻ ജില്ലയ്‌ക്ക് സമീപത്തുണ്ടായ ഭീകരാക്രമണത്തിൽ മലയാളി ജവാനടക്കം നാല് പേർ കൊല്ലപ്പെട്ടു. പാലക്കാട് സ്വദേശി ശ്രീജിത്താണ് കൊല്ലപ്പെട്ട മലയാളി ജവാൻ. ഇതുകൂടാതെ മറ്റ് രണ്ട് ജവാന്മാരും ഒരു സ്ത്രീയുമാണ് മരിച്ചത്.  ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹിസ്ബുൾ മുജാഹിദ്ദീൻ ഏറ്റെടുത്തു.

സൈന്യം പട്രോളിംഗിന്  പോകുന്ന വഴിയിൽ പതിയിരുന്നാണ് ഭീകരരുടെ ആക്രമണം. ജവാന്മാർക്കൊപ്പം കൊല്ലപ്പെട്ടത് ഒരു സ്ത്രീയാണെന്ന് സൈന്യം സ്ഥിരീകരിച്ചു. പാലക്കാട് സ്വദേശി ശ്രീജിത്ത് എട്ട് വർഷത്തിലേറെയായി പട്ടാളത്തിൽ ജോലി ചെയ്യുന്നു. ഷോപിയാൻ ജില്ലയിലെ ചിത്താർഗ്രാമിലേക്ക് കാവലിനായി സൈന്യം പോകുന്നതിനിടെ ഇന്ന് രാവിലെയാണ് ആക്രമണം ഉണ്ടായത്.

പതിയിരുന്ന അക്രമികൾ വെടിയുതിർത്തപ്പോൾ പ്രത്യാക്രമണം നടത്തിയെങ്കിലും ഭീകരർ രക്ഷപ്പെട്ടുവെന്നാണ് ലഭിക്കുന്ന വിവരം. അപ്രതീക്ഷിതമായ ആക്രമണത്തിൽ സൈന്യം കൂടുതൽ പ്രതിരോധത്തിലായതാണ് നാല് പേർ കൊല്ലപ്പെടാൻ വഴിയൊരുക്കിയത്. ആക്രമണത്തിനിടെ വെടിയേറ്റാണ് നാട്ടുകാരിയായ സ്ത്രീ കൊല്ലപ്പെട്ടതെന്ന് പൊലീസ് വാർത്ത ഏജൻസിയായ എ.എൻ.ഐ യ്ക്ക് നൽകിയ  റിപ്പോർട്ടിൽ പറയുന്നു.

2017 ൽ ഇതുവരെ 26 സൈനികരാണ് ഭീകരരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുള്ളത്. സൈന്യം നടത്തിയ പ്രത്യാക്രമണത്തിൽ അന്പത് ദിവസത്തിനിടെ 20 ഭീകരരെ വധിച്ചു. സുരക്ഷാ ചുമതലയ്ക്കിടയിലാണ് 20 സൈനികർ കൊല്ലപ്പെട്ടത്. ഭീകരരെ വധിച്ച സൈന്യത്തിന്റെ ആക്രമണത്തിലാണ് ശേഷിച്ച  ആറ് സൈനികർ കൊല്ലപ്പെട്ടത്.

ഹിസ്ബുൾ മുജാഹിദ്ദീൻ കമ്മാന്റർ ബുർഹാൻ വാണി കൊല്ലപ്പെട്ട ശേഷം കാശ്മീരിൽ നൂറിലേറെ യുവാക്കൾ ഭീകര വാദ പ്രവർർത്തനങ്ങളിൽ പുതിയതായി ചേർന്നതായി രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് ചെയ്യുന്നു. സൈന്യം ജനവരി ഒന്നിന് ശേഷം നടത്തിയ 50 സൈനിക നീക്കങ്ങളിൽ 16 എണ്ണത്തിലാണ് 22 വിഘടനവാദികളെ കൊലപ്പെടുത്തിയതും മൂന്ന് പേരെ അറസ്റ്റ് ചെയ്തതുമെന്നാണ് പൊലീസ് എ.എൻ.ഐ യ്ക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നത്.

 

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ