ദിവസങ്ങളോളം നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ ജമ്മുവിൽ നരോധനാജ്ഞ പിൻവലിച്ചു. സ്ഥലത്തെ സ്കൂളുകൾ നാളെ മുതൽ പ്രവർത്തനം ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. ജമ്മു കശ്മീർ അഡ്മിനിസ്ട്രേഷനാണ് ഓഗസ്റ്റ് അഞ്ചിന് പ്രഖ്യാപിച്ച നിരോധനാജ്ഞ പിൻവലിച്ചത്. ജമ്മു ജില്ലയിലെ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ മാത്രമാണ് നിരോധനാജ്ഞ പിൻവലിച്ചിരിക്കുന്നത്.

ഓഗസ്റ്റ് അഞ്ചിനാണ് കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുന്ന പ്രമേയവും സംസ്ഥാനത്തെ വിഭജിക്കുന്ന ബില്ലും പാർലമെന്റിൽ അവതരിപ്പിക്കുന്നതിന്റെ ഭാഗമായി ജമ്മു കശ്മീരിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. പാർലമെന്റിന്റെ ഇരു സഭകളും ബിൽ പാസാക്കുകയും ചെയ്തിരുന്നു.

ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ സംസ്ഥാനത്ത് തുടരുകയാണ്. കശ്മീരിൽ തങ്ങി സ്ഥിതിഗതികൾ വിലയിരുത്തുന്ന ഡോവൽ ചൊവ്വാഴ്ച വരെ സ്ഥലത്തുണ്ടാകുമെന്ന് അറിയിച്ചു.

അതേസമയം സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയേയും സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജയേയും ശ്രീനഗര്‍ എയര്‍പോര്‍ട്ടില്‍ വച്ച് തടഞ്ഞു. ശ്രീനഗറിലേക്ക് പ്രവേശിക്കാന്‍ കഴിയില്ലെന്നുള്ള ഉത്തരവ് കാണിച്ചാണ് തടഞ്ഞതെന്നും സംരക്ഷണത്തിന്റെ അകമ്പടിയില്‍ പോലും ശ്രീനഗറില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്നാണ് പറഞ്ഞതെന്നും യെച്ചൂരി അറിയിച്ചു. സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും എംഎല്‍എയുമായ യൂസഫ് തരിഗാമിയെ സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു ഇരുവരും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook