ന്യൂഡൽഹി: ജമ്മു കാശ്മീരിൽ ബിജെപിക്ക് കനത്ത തിരിച്ചടി. സംസ്ഥാനത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ നാഷണൽ കോൺഫറൻസും പിഡിപിയും ചേർന്ന് സർക്കാർ രൂപീകരിക്കും. പിഡിപി നേതാവ് അൽത്താഫ് ബുഖാരിയെ മുഖ്യമന്ത്രിയാക്കാനും ധാരണയായി.
സർക്കാരുണ്ടാക്കുമെന്നും അൽത്താഫ് ബുഖാരി മുഖ്യമന്ത്രിയാകുമെന്നും പിഡിപി നേതാവ് മെഹബൂബ മുഫ്തിയാണ് പത്രക്കുറിപ്പിൽ പറഞ്ഞത്. പിഡിപിക്ക് ബിജെപി നൽകി വന്ന പിന്തുണ പിൻവലിച്ചതോടെയാണ് സംസ്ഥാനത്ത് ഗവർണർ ഭരണം ഏർപ്പെടുത്തിയത്.
മൂന്ന് പാർട്ടികളും യോജിച്ചതോടെ സംസ്ഥാനത്ത് മുന്നണിക്ക് മൂന്നില്‍ രണ്ട് ഭൂരിപക്ഷമായി. പിഡിപിയിൽ നിന്ന് ഒരു വിഭാഗത്തെ അടർത്തി സർക്കാരുണ്ടാക്കാനുളള ബിജെപിയുടെ ശ്രമവും ഇതോടെ പാളി.
ലോക്‌സഭ തിരഞ്ഞെടുപ്പിന് മുൻപ് വിശാല സഖ്യ നീക്കവുമായി മുന്നോട്ട് പോകുന്ന കോൺഗ്രസിന് ഊർജ്ജം നൽകുന്നതാണ് ഈ സഖ്യം. ബിജെപി വിരുദ്ധ മഹാസഖ്യത്തിലേക്ക് ജമ്മു കാശ്മീരിൽ നിന്ന് നേട്ടമുണ്ടാക്കാൻ ഇതോടെ കോൺഗ്രസിന് സാധിക്കും. രൂപീകരിക്കപ്പെട്ട കാലം മുതൽ ശത്രുപക്ഷത്തായിരുന്ന പിഡിപിയെയും നാഷണൽ കോൺഫറൻസിനെയും ഒരേ കുടക്കീഴിൽ കൊണ്ടുവരാൻ സാധിച്ചതിൽ ദേശീയ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് അഭിമാനിക്കാനും വകയായി.
Have been trying to send this letter to Rajbhavan. Strangely the fax is not received. Tried to contact HE Governor on phone. Not available. Hope you see it @jandkgovernor pic.twitter.com/wpsMx6HTa8
— Mehbooba Mufti (@MehboobaMufti) November 21, 2018
എന്നും എതിർത്ത് നിലനിന്നിരുന്ന നാഷണൽ കോൺഫറൻസും പിഡിപിയും ഒന്നായത് ബിജെപിക്ക് കനത്ത വെല്ലുവിളിയായി. കാശ്മീരിൽ 87 അംഗ നിയമസഭയിൽ ഏറ്റവും വലിയ ഒറ്റക്കക്ഷി പിഡിപിയാണ്. 28 സീറ്റുകളിലാണ് പിഡിപി വിജയിച്ചത്. ബിജെപിയ്ക്ക് 25 അംഗങ്ങളുണ്ട്. നാഷണൽ കോൺഫറൻസിന് 15 ഉം കോൺഗ്രസിന് 12 ഉം അംഗങ്ങളാണ് ഉളളത്.
മൂന്ന് രാഷ്ട്രീയ കക്ഷികളും ഒന്നായതോടെ സഭയിൽ 55 അംഗങ്ങളുടെ പിന്തുണയാണ് മുന്നണിക്കുളളത്. നേരത്തെ പിഡിപിയെ ഭിന്നിപ്പിച്ച് സർക്കാർ രൂപീകരിക്കാനാണ് ബിജെപി ശ്രമിച്ചത്. എന്നാൽ ഈ നീക്കം പാളിയത് അവർക്ക് തിരിച്ചടിയായി.