ബുർഹാൻ വാനിയെപ്പോലുള്ള പ്രാദേശിക നേതാക്കളുടെ ഉദയം അടയാളപ്പെടുത്തിയ ഒരു കാലഘട്ടത്തിന് ശേഷം, കശ്മീരിലെ തീവ്രവാദം അപകടകരമായ ഒരു ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണെന്നും ഇത് സുരക്ഷാ സംവിധാനത്തെ ആശങ്കയിലാഴ്ത്തിയെന്നും ജമ്മു കശ്മീരിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥർ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
കഴിഞ്ഞ ആറ് മാസത്തിനിടെ നൂറ്റിഇരുപതോളം തീവ്രവാദികളെ വധിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴത്തെ മാറ്റം എല്ലാ ഏജന്‍സികളേയും മുള്‍മുനയില്‍ നിര്‍ത്തുകയാണ്.
“മൂന്നു പതിറ്റാണ്ടിനിടയിൽ ആദ്യമായി ഞങ്ങൾ ഗറില്ലാ യുദ്ധത്തിന് അതിന്റെ യഥാർത്ഥ അർത്ഥത്തിൽ സാക്ഷ്യം വഹിക്കുകയാണ്. തീവ്രവാദബന്ധം വെളിപ്പെടുത്തി ഒളിവില്‍ പോയ ഇരുനൂറോളം പേരുടെ വിവരങ്ങള്‍ കൈവശമുണ്ട്. എന്നാല്‍ ആയുധങ്ങള്‍ കൈവശമുള്ള യൂവാക്കളുടെ എണ്ണം വര്‍ധിച്ചു വരുന്നതായാണ് സൂചന,” ഒരു ഉദ്യോഗസ്ഥന് പറഞ്ഞു.
1980 കള്‍ മുതല്‍ കാശ്മീരി തീവ്രവാദികള്‍ എപ്പോഴും പൊലീസിന്റെ രേഖകളില്‍ ഇടംപിടിച്ചിരുന്നു. 2016 ല്‍ വാനി കൊല്ലപ്പെടുന്നതുവരെ എല്ലാത്തിനും രഹസ്യ സ്വഭാവം നിലനിന്നിരുന്നു. എന്നാല്‍ പിന്നീട് പലരും തോക്കുകളുമേന്തി നില്ക്കുന്ന ചിത്രങ്ങല്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു. ഇത് കൂടുതല്‍ യുവാക്കളെ തീവ്രവാദത്തിലേക്ക് ആകര്‍ഷിച്ചിരുന്നെങ്കിലും സുരക്ഷാ ഏജന്‍സികളുടെ ജോലിയും എളുപ്പമാക്കി.
എന്നാല്‍ തീവ്രവാദികളില്‍ ഉള്‍പ്പട്ടവര്‍ക്ക് ഇപ്പോള്‍ പരസ്പരം അറിയുകപോലുമില്ലെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. “ഞങ്ങളുടെ ജില്ലയില്‍ ആറ് തീവ്രവാദികളുടെ പേരുകള്‍ മാത്രമാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാല്‍ 50 ലധികം പേരുണ്ടെന്നാണ് സൂചനകള്‍. അവര്‍ ആരാണെന്ന് ഞങ്ങള്‍ക്കറിയില്ല. അവരെ കണ്ടെത്താനുള്ള തീവ്ര ശ്രമങ്ങള്‍ നടത്തുന്നുണ്ട്. പക്ഷെ അത് അത്ര എളുപ്പമുള്ള ഒന്നല്ല,” ദക്ഷിണ കശ്മീരിലെ ഒരു ഉദ്യോഗസ്ഥന് പറഞ്ഞു.
“അടുത്തിടെ ഞങ്ങള്‍ ഒരു യുവാവിനെ ചോദ്യം ചെയ്യുകയുണ്ടായി. അയാള്‍ അഞ്ച് പിസ്റ്റളുകള്‍ വിതരണം ചെയ്തതായാണ് അറിയാന്‍ കഴിഞ്ഞത്. ആര്‍ക്കാണ് പിസ്റ്റളുകള്‍ കൊടുത്തതെന്ന് ചോദിച്ചപ്പോള്‍ അയാള്‍ അത് അറിയില്ലായിരുന്നു. ഒരു പ്രത്യേക സ്ഥലത്ത് കാത്തിരിക്കാനും ചുവന്ന ഷര്‍ട്ട് ധരിച്ചെത്തുന്നയാള്ക്ക് ഒരു പിസ്റ്റള്‍ കൈമാറാനുമായിരുന്നു അവന് ലഭിച്ച നിര്‍ദേശം. വന്നയാള്‍ മുഖം മൂടി ധരിച്ചിരുന്നതായുമാണ് ചോദ്യം ചെയ്യലില്‍ നിന്ന് മനസിലായത്,” ഉദ്യോഗസ്ഥന് കൂട്ടിച്ചേര്‍ത്തു.
തെക്കന്‍ കശ്മീരിലാണ് പുതിയ മാറ്റങ്ങള്‍ കണ്ടു വരുന്നതെന്നാണ് ഉദ്യോഗസ്ഥന്മാരുടെ നിരീക്ഷണം. എന്നാല്‍ കാശ്മീര്‍ താഴ്വരകളിലും ശ്രീനഗറിലും ഇതിന്റെ ചെറിയ ലക്ഷണങ്ങളും കണ്ടുവരുന്നതായും ഉദ്യോഗസ്ഥര്‍ പറയുന്നു. പൊലീസിനും കുടിയേറ്റ തൊഴിലാളികള്‍ക്കും നേരെയുണ്ടായ ആക്രമണങ്ങളിലേക്ക് ഇത് വിരല്‍ ചൂണ്ടുന്നു. ഈ വര്‍ഷം ഇതിനോടകം തന്നെ ഇത്തരത്തിലുള്ള 20 ആക്രമണങ്ങള്‍ ഉണ്ടായി.
യുവാക്കള്‍ക്ക് സാങ്കേതിക അറിവുകളുണ്ടെന്നും അതിനാന് സുരക്ഷാ വലയങ്ങള്‍ക്കുള്ളിലും നീക്കങ്ങള്‍ നടത്താന്‍ സാധിക്കുന്നുണ്ടെന്നുമാണ് പൊലീസ് വൃത്തങ്ങള്‍ പറയുന്നത്. തീവ്രവാദ സംഘടനകളുടെ വിവരങ്ങള്‍ ലഭിക്കാനുള്ള സാധ്യതകളും കുറയുന്നതായും നിരീക്ഷണമുണ്ട്. എന്താണ് കശ്മീരില്‍ ഇത്തരത്തിലുള്ള മാറ്റത്തിലേക്ക് നയിച്ചതെന്ന് മനസിലാക്കാനുള്ള ശ്രമങ്ങള്‍ സുരക്ഷാ സേനകള്‍ നടത്തുകയാണ്.