scorecardresearch

ജമ്മു കശ്മീർ: തിരഞ്ഞെടുപ്പ് നടക്കാൻ മണ്ഡല പുനർനിർണയം വേഗത്തിലാകണമെന്ന് പ്രധാനമന്ത്രി

നാല് മുൻ മുഖ്യമന്ത്രിമാർ ഉൾപ്പെടെ ജമ്മു കശ്മീരിൽനിന്നുള്ള 14 നേതാക്കളാണ് ഡൽഹിയിൽ നടക്കുന്ന യോഗത്തിൽ പങ്കെടുക്കുന്നത്

നാല് മുൻ മുഖ്യമന്ത്രിമാർ ഉൾപ്പെടെ ജമ്മു കശ്മീരിൽനിന്നുള്ള 14 നേതാക്കളാണ് ഡൽഹിയിൽ നടക്കുന്ന യോഗത്തിൽ പങ്കെടുക്കുന്നത്

author-image
WebDesk
New Update
narendra Modi, Narendra Modi jkK leaders meeting, kashmir, modi jk leaders meet, modi jk leaders meeting today, pm modi jk leaders, narendra modi modi jk leaders meeting today, kashmir delimitation, Kashmir all party meet, pm modi jk latest, pm modi jk latest news, JK delimitation, Centre calls all-party meet, Assembly elections, ie malayalam

ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ തിരഞ്ഞെടുപ്പ് നടത്തുന്നതിനു മണ്ഡല പുനര്‍നിര്‍ണയം വേഗത്തിലാകണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ജമ്മുകശ്മീരിലെ നേതാക്കളുമായി മൂന്നു മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചയ്ക്കുശേഷമാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.

Advertisment

''ജമ്മു കശ്മീരിലെ അടിത്തട്ടിലുള്ള ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതിനാണു ഞങ്ങളുടെ മുന്‍ഗണന. വോട്ടെടുപ്പ് നടത്തുന്നതിനു കഴിയുന്നത്ര വേഗത്തില്‍ മണ്ഡല പുനര്‍നിര്‍ണയം നടക്കണം. വികസനപാതയ്ക്ക് കരുത്തുപകരുന്ന തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ ജമ്മു കശ്മീരിന് ലഭിക്കും,'' പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

ജമ്മു കശ്മീരിലെ സംസ്ഥാന പദവി പുനസ്ഥാപിക്കുന്നതില്‍ മണ്ഡല പുനര്‍നിര്‍ണയ പ്രക്രിയയും സമാധാനപരമായ തിരഞ്ഞെടുപ്പും പ്രധാന നാഴികക്കല്ലുകളാണെന്നു ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. '' ജമ്മു കശ്മീരിന്റെ സമഗ്ര വികസനം ഉറപ്പാക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ് ... പാര്‍ലമെന്റില്‍ വാഗ്ദാനം ചെയ്തതുപോലെ സംസ്ഥാന പദവി പുനസ്ഥാപിക്കുന്നതിനു സുപ്രധാന നാഴികക്കല്ലുകളാണ് പുനര്‍നിര്‍ണയ പ്രക്രിയയും സമാധാനപരമായ തിരഞ്ഞെടുപ്പും,''ഷാ യോഗത്തിനുശേഷം ട്വീറ്റ് ചെയ്തു.

പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നടന്ന യോഗത്തിൽ, സംസ്ഥാന പദവി ഉടൻ നൽകുക തുടങ്ങി അഞ്ച് ആവശ്യങ്ങൾ ഉന്നയിച്ചതായി കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു. ജനാധിപത്യം പുനസ്ഥാപിക്കുന്നതിനു നിയമസഭാ തെരഞ്ഞെടുപ്പ് നടത്തുക, ജമ്മു കശ്മീരിലെ കശ്മീരി പണ്ഡിറ്റുകളെ പുനരധിവസിപ്പിക്കുക, എല്ലാ രാഷ്ട്രീയ തടവുകാരെയും വിട്ടയയ്ക്കുക എന്നീ ആവശ്യങ്ങൾക്കൊപ്പം സ്ഥിരവാസം സംബന്ധിച്ചും കോൺഗ്രസ് യോഗത്തിൽ പറഞ്ഞു.

Advertisment

കൂടിക്കാഴ്ചയെ “സൗഹാദപരവും” “ഗുണപരവും” എന്നാണ് പീപ്പിൾസ് കോൺഫറൻസ് നേതാവ് മുസഫർ ഹുസൈൻ ബെയ്ഗ് വിശേഷിപ്പിച്ചത്. ജമ്മു കശ്മീരിനെ സംഘർഷത്തിനുപകരം സമാധാനമേഖലയാക്കാൻ എല്ലാം ചെയ്യുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നൽകിയതായി അദ്ദേഹം പറഞ്ഞു.

'' എല്ലാ നേതാക്കളും സംസ്ഥാന പദവി ആവശ്യപ്പെട്ടു. പ്രധാനമന്ത്രി പറഞ്ഞതനുസരിച്ച്, മണ്ഡലാതിർത്തി നിർണയ പ്രക്രിയ പൂർത്തിയാക്കിയ ശേഷം മറ്റ് പ്രശ്നങ്ങൾ പരിഹരിക്കും. തൃപ്തികരമായ യോഗമായിരുന്നു. ജമ്മു കശ്മീരിൽ സമാധാനം പുനസ്ഥാപിക്കുന്നത് സംബന്ധിച്ച് പൂർണ ഐക്യമുണ്ടായിരുന്നു, ”ബെയ്ഗ് പറഞ്ഞു.

മണ്ഡലാതിർത്തി നിര്‍ണയ പ്രക്രിയ പൂര്‍ത്തിയാകുന്ന മുറയ്ക്കു തിരഞ്ഞെടുപ്പ് പ്രകിയ ആരംഭിക്കുമെന്നു പ്രധാനമന്ത്രി യോഗത്തില്‍ പറഞ്ഞതായി ജമ്മു കശ്മീര്‍ അപ്‌നി പാര്‍ട്ടി നേതാവ് അല്‍താഫ് ബുഖാരി പറഞ്ഞു. നല്ല അന്തരീക്ഷത്തിലാണ് ചര്‍ച്ച നടന്നതെന്നും എല്ലാ നേതാക്കളും ഉന്നയിച്ച പ്രശ്‌നങ്ങള്‍ പ്രധാനമന്ത്രി കേട്ടതായും അദ്ദേഹം പറഞ്ഞു.

മണ്ഡലാതിർത്തി പുനർനിര്‍ണയ പ്രക്രിയയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി എല്ലാവരോടും ആവശ്യപ്പെട്ടു. സംസ്ഥാനപദവി പദവി പുനസ്ഥാപിക്കുന്നതിനു പ്രതിജ്ഞാബദ്ധരാണെന്നു പ്രധാനമന്ത്രി വ്യക്തമാക്കിയതായും ബുഖാരി പറഞ്ഞു.

ജമ്മു കശ്മീരിലെ ഭാവി രാഷ്ട്രീയ ഗതിവിഗതികള്‍ക്കുള്ള പദ്ധതികള്‍ സംബന്ധിച്ച നിര്‍ണായക യോഗത്തില്‍ അവിടെനിന്നുള്ള 14 നേതാക്കളാണ് പങ്കെടുത്തത്. നാല് മുന്‍ മുഖ്യമന്ത്രിമാരും ഇക്കൂട്ടത്തില്‍ ഉള്‍പ്പെടും.

സര്‍വകക്ഷി യോഗത്തില്‍ സംസ്ഥാന പദവി വിഷയം ഉന്നയിക്കുമെന്ന് ജമ്മു കശ്മീര്‍ കോണ്‍ഗ്രസ് പ്രസിഡന്റ് ഗുലാം അഹ്‌മദ് മിര്‍ നേരത്തെ പറഞ്ഞിരുന്നു. യോഗത്തിനു മുന്നോടിയായി അദ്ദേഹം മുന്‍ മുഖ്യമന്ത്രി ഗുലാം നബി ആസാദിന്റെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി. ''2019 ലെ സംഭവവികാസങ്ങളെത്തുടര്‍ന്ന് സംസ്ഥാനത്തെ ജനങ്ങള്‍ ഞെട്ടലിലായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച ഇന്നത്തെ യോഗത്തിന്റെ അജന്‍യ്ക്കായി ഞങ്ങള്‍ കാത്തിരിക്കുകയും അതിനനുസരിച്ച് പ്രതികരിക്കുകയും ചെയ്യും,'' മിര്‍ പറഞ്ഞു.

Also Read: കേരളത്തിലെ പ്ലസ് വണ്‍ പരീക്ഷ; റദ്ദാക്കണമെന്ന ഹര്‍ജിയില്‍ ഇടപെടില്ലെന്ന് സുപ്രീം കോടതി

2019 ലാണു കേന്ദ്രസര്‍ക്കാര്‍ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി ഇല്ലാതാക്കുകയും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തത്. 2018 ജൂണില്‍ ഏര്‍പ്പെടുത്തിയ കേന്ദ്രഭരണം അവസാനിപ്പിച്ച്, തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ തിരിച്ചുവരവിനും നിയമസഭാ തെരഞ്ഞെടുപ്പ് നടത്താനുമുള്ള ആദ്യ സുപ്രധാന നടപടിയായാണ് ഡല്‍ഹിയിലെ ചര്‍ച്ചയെ കേന്ദ്രം കാണുന്നത്.

ജമ്മു കശ്മീര്‍ പാര്‍ട്ടികള്‍ ഉയര്‍ത്തുന്ന എല്ലാ പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയാറാണെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ നല്‍കുന്ന വിവരം. എന്നാല്‍ ഇപ്പോള്‍ വിഭജന നടപടികള്‍ പൂര്‍ത്തിയാക്കാനും ജമ്മു കശ്മീരില്‍ എത്രയും വേഗം തിരഞ്ഞെടുപ്പ് നടത്താനുമാണു ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

Narendra Modi Bjp Jammu And Kashmir

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: