ശ്രീനഗര്‍: ജമ്മു കശ്മീരിലെ രജൗരി സെക്ടറില്‍ പാക് സൈന്യം നടത്തിയ വെടിവെപ്പില്‍ ഇന്ത്യന്‍ സൈനികന് വീരമൃത്യു. യാതൊരു പ്രകോപനവും കൂടാതെ പാക്കിസ്ഥാന്‍ നടത്തിയ ആക്രമണത്തില്‍ ലാന്‍സ് നായിക് മുഹമ്മദ് നസീറാണ് കൊല്ലപ്പെട്ടതെന്ന് സൈനികവൃത്തങ്ങള്‍ വ്യക്തമാക്കി.

ഉച്ചയ്ക്ക് 1.30ഓടെയാണ് പാക്കിസ്ഥാന്‍ ഷെല്ലാക്രമണവും വെടിവെപ്പും നടത്തിയത്. ഇന്ത്യന്‍ സൈന്യം ശക്തമായി തന്നെ തിരിച്ചടിക്കുന്നുണ്ടെന്ന് പ്രതിരോധ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. പൂഞ്ച് ജില്ലയിലെ അജൗട്ട് സ്വദേശിയാണ് കൊല്ലപ്പെട്ട നസീര്‍. വെടിവെപ്പില്‍ ഗുരുതരമായി പരുക്കേറ്റ അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാനായില്ല.

വളരെ ധീരതയും ആത്മാര്‍ത്ഥതയും ഉളള സൈനികനായിരുന്നു നസീറെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് പ്രസ്താവനയില്‍ അറിയിച്ചു. രാജ്യത്തിന് വേണ്ടി ജീവന്‍ ത്യജിച്ച അദ്ദേഹത്തോട് രാജ്യം എന്നും കടപ്പെട്ടിരിക്കുമെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു.

ജൂലൈ 12ന് നടന്ന പാക് ആക്രമണത്തില്‍ കേരാന്‍ സെക്ടറല്‍ രണ്ട് ജവാന്‍മാര്‍ കൊല്ലപ്പെട്ടിരുന്നു. ജൂലൈ 8ന് പാക്കിസ്ഥാന്‍ നടത്തിയ വെടിവെപ്പില്‍ രണ്ട് സാധാരണക്കാരും കൊല്ലപ്പെട്ടു. ജൂണില്‍ മാത്രം നടന്ന വെടിവെപ്പില്‍ മൂന്ന് ജവാന്മാരടക്കം നാല് പേരാണ് കശ്മീരില്‍ കൊല്ലപ്പെട്ടത്. 12 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ