ശ്രീനഗർ: ഷോപ്പിയാനിൽ നിന്നും കാണാതായ സൈനികനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഇർഫാൻ അഹമ്മർ ദർ (23) എന്ന സൈനികന്റെ മൃതദേഹമാണ് ഷോപ്പിയാൻ പ്രവിശ്യയിൽനിന്നും കണ്ടെത്തിയത്. അവധിയെടുത്ത് വീട്ടിലേക്കു പോയ ഇർഫാനെ കഴിഞ്ഞ ദിവസം വൈകിട്ടു മുതൽ കാണാതാവുകയായിരുന്നു. മൃതദേഹത്തിൽ വെടിയേറ്റ പാടുകൾ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.

ടെറിട്ടോറിയല്‍ ആർമി സൈനികനായ ഇര്‍ഫാന്‍ നിയന്ത്രണ രേഖയ്ക്കടുത്തുള്ള ഗുറേസില്‍ എന്‍ജിനിയറിങ് റെജിമെന്റിലായിരുന്നു ജോലി ചെയ്തിരുന്നത്. കഴിഞ്ഞ ദിവസം കാറിലാണ് ഇർഫാൻ വീട്ടിലേക്ക് പോയതെന്ന് മുതിർന്ന ഓഫീസർ പറഞ്ഞു. ഇന്നു രാവിലെയാണ് ഇർഫാന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തിയതിന് ഒരു കിലോമീറ്റർ അകലെനിന്നും കാറും കണ്ടെത്തിയെന്ന് അദ്ദേഹം പറഞ്ഞു.

സംഭവത്തെപ്പറ്റി അന്വേഷണം തുടങ്ങിയതായും ഭീകരരാണ് കൊലയ്ക്ക് പിന്നിലെന്ന് കരതുന്നുവെന്നും പൊലീസ് പറഞ്ഞു. ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയും മുൻ മുഖ്യമന്ത്രി ഒമർ അബ്ദുല്ലയും സംഭവത്തെ ശക്തമായി അപലപിച്ചു.

കശ്മീരില്‍ ഈവര്‍ഷം കൊല്ലപ്പെടുന്ന മൂന്നാമത്തെ സൈനികനാണ് ഇര്‍ഫാന്‍. കഴിഞ്ഞ മേയില്‍ ലഫ്. ഉമര്‍ ഫയാസ് എന്ന സൈനികനെ കുല്‍ഗാം ജില്ലയിലെ ബന്ധുവിന്റെ വിവാഹ വീട്ടില്‍നിന്ന് തട്ടിക്കൊണ്ടുപോയി ഭീകരർ കൊലപ്പെടുത്തിയിരുന്നു. കഴിഞ്ഞ സെപ്റ്റംബറില്‍ ബിഎസ്എഫ് ജവാനായ മുഹമ്മദ് റംസാനെ ഭീകരര്‍ വെടിവച്ചു കൊന്നിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ