ന്യൂഡൽഹി: കശ്മീർ സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗും ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി. കശ്മീർ താഴ്‌വരയിൽ തുടരുന്ന സംഘർഷങ്ങളെ കുറിച്ച് ഇരുവരും ചർച്ച നടത്തി.

തിങ്കളാഴ്ച അനന്ത്നാഗിൽ അമർനാഥ് തീർഥാടകർ സഞ്ചരിച്ച ബസിന് നേരെ തീവ്രവാദികൾ വെടിവെപ്പ് നടത്തിയിരുന്നു. 30 തീർഥാടകർ സഞ്ചരിച്ച ബസിന് നേരെയാണ് ആക്രമണം നടന്നത്.

അതേസമയം, ജമ്മു കശ്മീരിലെ ത്രാലിൽ ഉണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. അഞ്ചോളം ഭീകരർ ഒളിച്ചിരിക്കുന്ന കേന്ദ്രത്തിന് സമീപത്ത് സൈന്യം എത്തിയപ്പോഴായിരുന്നു ആക്രമണം ഉണ്ടായതെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. എന്നാൽ ഇക്കാര്യത്തിൽ ഇതുവരെയും സ്ഥിരീകരണമില്ല.

ഇന്നലെ രാത്രിയിലാണ് ആക്രമണം ഉണ്ടായത്. അതേസമയം ഇവിടെ ഇപ്പോഴും ഭീകരരും സൈന്യവും തമ്മിൽ ഏറ്റുമുട്ടൽ തുടരുകയാണെന്ന് ഒരു പൊലീസുദ്യോഗസ്ഥൻ വാർത്ത ഏജൻസിയായ പിടിഐക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു.

കൊല്ലപ്പെട്ട ഭീകരരുടെ മൃതദേഹങ്ങൾ ഇതുവരെ നീക്കം ചെയ്യാൻ സാധിച്ചിട്ടില്ലെന്നാണ് വിവരം. സാതൂറ വനാതിർത്തിയിൽ സൈന്യം തിരച്ചിൽ നടത്തുന്നതിനിടെയാണ് ഭീകരർ വെടിയുതിർത്തത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ