ശ്രീനഗർ: ജമ്മു കാശ്മീരിൽ 2003 ന് ശേഷം 318 കുട്ടികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഭൂരിഭാഗം പേരും വെടിയേറ്റാണ് മരിച്ചതെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. ഒരു വർഷം ശരാശരി 26 കുട്ടികൾ കൊല്ലപ്പെടുന്നുണ്ടെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.
പ്രതിമാസം രണ്ട് പേരെങ്കിലും കൊല്ലപ്പെടുന്നുവെന്ന റിപ്പോർട്ട് പുറത്തുവന്നതോടെ കാശ്മീരിന്റെ മറ്റൊരു ഭീകര മുഖമാണ് ലോകരാഷ്ട്രങ്ങൾക്ക് മുൻപിൽ വെളിപ്പെടുന്നത്. ജമ്മു കാശ്‌മീർ സിവിൽ സൊസൈറ്റിയാണ് ഇത് സംബന്ധിച്ച രേഖകൾ പുറത്തുവിട്ടത്.
അതിർത്തിയിലെ ഇന്ത്യാ-പാക് ഏറ്റുമുട്ടലിന് ഇടയിലുണ്ടായ ഷെല്ലാക്രമണത്തിലും വിഘടനവാദികളുടെ വെടിയേറ്റും അജ്ഞാതരായ തോക്കുധാരികളുടെ വെടിയേറ്റും കുട്ടികൾ മരിച്ചിട്ടുണ്ട്. ഇതിന് പുറമേ ഇന്ത്യൻ സൈന്യത്തിന്റെ വെടിയേറ്റും കുട്ടികൾ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്.
കഴിഞ്ഞ പതിനഞ്ച് വർഷമായി പുറത്തുവന്ന പത്രവാർത്തകൾ അടിസ്ഥാനമാക്കി സിവിൽ സൊസൈറ്റി പ്രതിനിധികൾ നേരിട്ട് നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ടാണ് പുറത്തുവിട്ടത്. ജമ്മു – കാശ്മീരുമായി ബന്ധപ്പെട്ട തർക്കം കുട്ടികൾക്കേൽപ്പിക്കുന്ന ആഘാതം സംബന്ധിച്ച് പഠനം നടത്താനാണ് ഇതിലൂടെ ഉദ്ദേശിച്ചതെന്ന് സിവിൽ സൊസൈറ്റി വ്യക്തമാക്കി.
ഒന്നിനും 17 നും ഇടയിൽ പ്രായമുളള കുട്ടികളാണ് ഈ കാലയളവിൽ കൊല്ലപ്പെട്ടത്. ഈ കാലത്തിനിടെ കൊല്ലപ്പെട്ട 4571 സാധാരണക്കാരുടെ എണ്ണത്തിന്റെ 6.9 ശതമാനം വരുമിത്. ഈ കാലയളവിനിടെ 8537 വിഘടനവാദികൾ കൊല്ലപ്പെട്ടിട്ടുണ്ട്. സൈനികരടക്കം 16436 പേരാണ് ഈ കാലയളവിൽ കാശ്മീരിൽ കൊല്ലപ്പെട്ടത്.
ഒരു വർഷം 1095 പേരെങ്കിലും കാശ്മീരിൽ കൊല്ലപ്പെടുന്നുവെന്നാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്. ഇതിൽ വിഘടനവാദികളും സാധാരണക്കാരും കുട്ടികളും സൈനികരും ഉൾപ്പെടുന്നു.
കൊല്ലപ്പെട്ട കുട്ടികളിൽ 227 പേരും ആൺകുട്ടികളാണ്. ശേഷിച്ച 91 കുട്ടികൾ ഏത് ലിംഗത്തിൽ പെട്ടവരാണെന്ന് മരണസമയത്ത് രേഖപ്പെടുത്തിയിട്ടില്ല. കാശ്മീരിലാണ് 67 ശതമാനത്തിലേറെ മരണങ്ങളും നടന്നത്. ശേഷിച്ച ഭാഗം മാത്രമാണ് ശ്രീനഗർ മേഖലയിൽ ഉണ്ടായത്.
കുട്ടികൾ ഏറെയും കൊല്ലപ്പെട്ടത് ഇന്ത്യൻ സായുധസേനയുടെ ആക്രമണത്തിലാണ്. 144 കുട്ടികളാണ് ഇത്തരത്തിൽ കൊല്ലപ്പെട്ടത്. ആഭ്യന്തര കലാപത്തിനിടെയാണ് 110 പേരും മരിച്ചത്. എട്ടോളം കുട്ടികൾ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലേറ്റ മുറിവിനെ തുടർന്നാണ് മരിച്ചത്. ടിയർ ഗ്യാസ് ഷെല്ലാക്രമണത്തിലാണ് ഏഴ് കുട്ടികൾ മരിച്ചത്.
അതേസമയം 47 കുട്ടികളെ കൊലപ്പെടുത്തിയത് അജ്ഞാതരായ തോക്കുധാരികളാണ്. വിഘടനവാദികളുടെ ആക്രമണത്തിൽ 12 കുട്ടികൾ കൊല്ലപ്പെട്ടിട്ടുണ്ട്. കൊല്ലപ്പെട്ട കുട്ടികളിൽ 121 പേർ 12 വയസിൽ താഴെ പ്രായമുളളവരും മറ്റുളളവർ 13 നും 17 നും പ്രായമുളളവരുമാണ്. രണ്ട് വയസുവരെ പ്രായമുളള ശിശുക്കളിൽ 13 പേരാണ് ഇതുവരെ കാശ്മീരിൽ കൊല്ലപ്പെട്ടത്. 2010 ൽ കൊല്ലപ്പെട്ട പത്ത് മാസം മാത്രം പ്രായമുണ്ടായിരുന്ന ഇർഫാനാണ് കൊല്ലപ്പെട്ടവരിൽ ഏറ്റവും പ്രായം കുറഞ്ഞ കുട്ടി.