ശ്രീനഗർ: ജമ്മു കശ്‌മീരിൽ കത്തുവ കൂട്ട ബലാത്സംഗ കൊലപാതകത്തിന് ശേഷം ഉണ്ടായ രാഷ്ട്രീയ പ്രതിസന്ധിക്ക് ആക്കം കൂട്ടി ബിജെപിയുടെ ഡപ്യൂട്ടി മുഖ്യമന്ത്രിയും രാജിവച്ചു. നിർമൽ സിങ്ങാണ് ഇന്നലെ രാത്രിയോടെ രാജി പ്രഖ്യാപിച്ചത്.
കത്തുവ കൂട്ടബലാത്സംഗ കൊലപാതക കേസിൽ പ്രതികളെ തുറന്ന് പിന്തുണച്ച് വിവാദത്തിലായതിന് പിന്നാലെ മന്ത്രിസഭയിലെ ഡപ്യൂട്ടി മുഖ്യമന്ത്രി ഒഴികെയുളള എല്ലാ മന്ത്രിമാരോടും രാജിവയ്ക്കാൻ ബിജെപി ആവശ്യപ്പെട്ടിരുന്നു. പിഡിപി നേതാവ് മെഹബൂബ മുഫ്തിയുടെ സർക്കാരിൽ കൂട്ടുകക്ഷിയാണ് ബിജെപി.
കത്തുവ കൂട്ട ബലാത്സംഗ കേസിൽ ബിജെപിയിലെ ഭൂരിഭാഗം നേതാക്കളും സിബിഐ അന്വേഷണം ആവശ്യപ്പെട്ടപ്പോൾ മുഫ്തിക്കൊപ്പം ക്രൈം ബ്രാഞ്ച് അന്വേഷണം എന്ന നിലപാടിൽ നിർമൽ സിങ് ഉറച്ചുനിന്നിരുന്നു. മുഫ്തിയുമായി ശക്തമായ സൗഹൃദം സ്ഥാപിച്ച സിങ്, ബിജെപിയ്ക്കും പിഡിപിക്കും ഇടയിലെ പാലമായാണ് പ്രവർത്തിച്ചിരുന്നത്.
സ്‌പീക്കറായ കവീന്ദർ ഗുപ്‌തയെയാണ് ബിജെപി ഡപ്യൂട്ടി മുഖ്യമന്ത്രി പദത്തിലേക്ക് പരിഗണിക്കുന്നത്. ഇദ്ദേഹം ആർഎസ്എസ് പ്രവർത്തകനാണ്. ആദ്യമായാണ് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 2005 മുതൽ 2010 വരെ ജമ്മു കശ്മീരിൽ മൂന്ന് വട്ടം മേയറായി സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്.