ശ്രീനഗർ: ജമ്മുകാശ്മീർ താഴ്‌വരയിലെ പുൽവാമയിൽ വിഘനവാദികളും സൈന്യവുമായുള്ള ഏറ്റുമുട്ടൽ തുടരുന്നു. തിങ്കളാഴ്ച രാവിലെയാണ് വിഘടനവാദികൾ തമ്പടിച്ച വീട് സൈന്യം കണ്ടെത്തിയത്. ഒരു ഭീകരനെ സൈന്യം വധിച്ച ഉടനെ തന്നെ മറ്റ് രണ്ട് പേർ സൈന്യത്തിന് നേരെ വെടിയുതിർത്തു.

കിഫായത്ത് എന്ന ഭീകരനാണ് സൈന്യത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇരുപക്ഷത്തും ആക്രമണം തുടരുകയാണ്. അതേസമയം അതിർത്തി പ്രദേശത്തെ ആക്രമണത്തിൽ ക്രമാതീതമായ വർദ്ധനയാണ് കഴിഞ്ഞ മാസങ്ങളിൽ ഉണ്ടായതെന്ന് ഇന്ത്യൻ എക്സ്‌പ്രസ് പുറത്തുവിട്ട ജമ്മു കാശ്മീർ രേഖകൾ പറയുന്നു.

ഈ വർഷം ജനവരി മുതൽ ജൂൺ 21 വരെ 124 വെടിവയ്പ്പുകളാണ് ഇന്ത്യ-പാക് അതിർത്തിയിൽ ഉണ്ടായത്. 2016 ലെ ഇതേ കാലത്ത് വെറും അഞ്ച് തവണ മാത്രമാണ് വെടിവയ്പ്പുകൾ ഉണ്ടായത്. പാക് അധീന കാശ്മീരിലെ ഭീകരരുടെ സൈനിക ക്യാംപിന് നേർക്ക് സെപ്തംബറിൽ ഇന്ത്യൻ സൈന്യം നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് ഈ വർദ്ധനവുണ്ടായത്.

സെപ്തംബറിൽ ഇന്ത്യ നടത്തിയ ആക്രമണത്തിന് പിന്നാലെ അതുവരെ ശാന്തമായിരുന്ന ഇന്ത്യ-പാക് അതിർത്തിയിൽ രൂക്ഷമായ വെടിവയ്പ് ഉണ്ടായിരുന്നു. വെറും നാല് മാസം കൊണ്ട് 220 വെടിവയ്പ്പുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.

പാക് അധീന കാശ്മീർ അതിർത്തിയിൽ ഇന്ത്യയും പാക് സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടൽ കുറവാണ്. ഇവിടെ ഭീകരരാണ് ഇന്ത്യയുടെ പ്രധാന എതിരാളി. 2012 ൽ 79 ഉം, 2013 ൽ 236ഉം, 2014 ൽ 226ഉം 2015 ൽ 279 ഉം തവണയാണ് വെടിവയ്പ്പുണ്ടായത്. മേഖലയിൽ പാക്കിസ്ഥാന്റെ ഭാഗത്ത് നിന്നുള്ള ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിൽ ഇന്ത്യൻ ശ്രമങ്ങൾ പരാജയമാണെന്ന വിലയിരുത്തലാണ് രേഖകളിൽ നിന്നുള്ളത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ