ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായി ഞായറാഴ്ച നടന്ന പ്രക്ഷോഭത്തിനിടെ ജാമിയ മിലിയ ഇസ്ലാമിയയിലെ രണ്ട് വിദ്യാർത്ഥികൾക്ക് വെടിയേറ്റതായി റിപ്പോർട്ട്. എന്താണ് സംഭവിച്ചതെന്ന് അന്വേഷിച്ച് വരികയാണെന്ന് ഡൽഹി പൊലീസ്. പരുക്കേറ്റ ഇരുവരും സഫ്ദർജംഗ് ആശുപത്രിയിൽ ചികിത്സയിലാണ്.
പ്രാഥമിക വിവരപ്രകാരം രണ്ടു പേർക്ക് വെടിയേറ്റതായാണ് അറിയുന്നതെന്ന് പൊലീസ് വൃത്തങ്ങൾ ഇന്ത്യൻ എക്‌സ്‌പ്രസിനോട് പറഞ്ഞു. “വെടിവച്ചത് പോലീസ് ഉദ്യോഗസ്ഥരാണോ അതോ മറ്റാരെങ്കിലുമാണോ എന്ന് അന്വേഷിക്കേണ്ടതുണ്ട്. കൂടുതൽ വ്യക്തതയ്ക്കായി പോലീസ് ബാലിസ്റ്റിക് വിദഗ്ധരെ സമീപിക്കാൻ സാധ്യതയുണ്ട്,” അവർ പറഞ്ഞു.
Read More: പൗരത്വ ഭേദഗതി നിയമം: സംസ്ഥാനത്ത് ഹർത്താൽ തുടങ്ങി, സുരക്ഷ ശക്തം
ബിഎ വിദ്യാർഥി അജാസ് അഹമ്മദ്(20), ബിടെക് വിദ്യാർത്ഥിയായ മുഹമ്മദ് സുഹൈബ്(23)എന്നിവർക്കാണ് വെടിയേറ്റതെന്ന് ഉദ്യോഗസ്ഥരും കുട്ടികളുടെ ബന്ധുക്കളും പറയുന്നു. എന്നാൽ വിദ്യാർഥികൾക്ക് നേരെ വെടിയുതിർത്തെന്ന റിപ്പോർട്ട് ഡൽഹി പൊലീസ് ഔദ്യോഗികമായി തന്നെ നിഷേധിച്ചു. സംഭവത്തിൽ അന്വേഷണം നടത്തുമെന്നും അറിയിച്ചു.
ഞായറാഴ്ച വൈകുന്നേരം രണ്ട് വിദ്യാർത്ഥികളെ കൊണ്ടുവന്നതായി ആശുപത്രി വൃത്തങ്ങൾ സ്ഥിരീകരിച്ചു. ഒരാൾക്ക് നെഞ്ചിനും മറ്റൊരാൾ കാലിനും പരിക്കേറ്റിട്ടുണ്ട്. തങ്ങൾക്ക് വെടിയേറ്റതായി ഇരുവരും ഡോക്ടർമാരോട് പറഞ്ഞു. പരുക്കുകളുടെ സ്വഭാവം സ്ഥിരീകരിക്കുന്നതിന് കൂടുതൽ പരിശോധനകൾ ആവശ്യമാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
അമ്മയ്ക്ക് മരുന്ന് വാങ്ങി വീട്ടിലേക്ക് മടങ്ങുകയായിരുന്നു അഹ്മദെന്നും അപ്പോഴാണ് പ്രദേശത്ത് കാറുകൾ തകർക്കുന്നത് കണ്ടതെന്നും അഹമ്മദിന്റെ ബന്ധുക്കൾ പറയുന്നു. തുടർന്ന് നെഞ്ചിൽ വെടിയേറ്റതായി വീട്ടുകാർ അവകാശപ്പെട്ടു. സുഹൈബിന് കാലിന് പരുക്കേറ്റതായി അദ്ദേഹത്തിന്റെ ബന്ധു പറയുന്നു. എന്നാൽ വെടിയേറ്റ കാര്യം ഡോക്ടർമാർ സ്ഥിരീകരിച്ചിട്ടില്ല.
രണ്ട് രോഗികൾക്കും ശസ്ത്രക്രിയ നടത്തിയെന്നും രണ്ട് ദിവസം കൂടി നിരീക്ഷണത്തിലായിരിക്കുമെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. രണ്ട് വാർഡുകളിലും പോലീസ് ഉദ്യോഗസ്ഥരെ കാവൽ നിർത്തിയിട്ടുണ്ട്.
അഹമ്മതിന്റെ നെഞ്ചിൽ നിന്നും ചെറിയൊരു വസ്തു നീക്കം ചെയ്തുവെന്നും എന്നാൽ അത് ബുള്ളറ്റാണോ കണ്ണീർ വാതക ഷെൽ ആണോ എന്ന് വ്യക്തമല്ലെന്ന് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു ഡോക്ടർ പറഞ്ഞു.
“സുഹൈബിന് ബോധമുണ്ട്. കാൽവിരലിന് ഒടിവ് സംഭവിച്ചിട്ടുണ്ട്. ബാൻഡേജ് ചുറ്റിയിരിക്കുകയാണ്. ഇത് നീക്കം ചെയ്തുകഴിഞ്ഞാൽ പരുക്കുകളുടെ സ്വഭാവം ഞങ്ങൾക്ക് വിലയിരുത്താൻ കഴിയും,”മറ്റൊരു ഡോക്ടർ പറഞ്ഞു.
വെടിവയ്പിൽ മൂന്നാമത് ഒരാളെക്കൂടി ഹോളി ഫാമിലി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചതായും ആരോപണങ്ങൾ ഉയർന്നിരുന്നു. എന്നാൽ ആശുപത്രി അധികൃതർ ഇത് നിഷേധിക്കുകയും ഡിസ്ചാർജ് റിപ്പോർട്ടിൽ ‘ഹിസ്റ്ററി’ കോളത്തിൽ ‘വെടിവയ്പ്പ് പരുക്ക്’ പരാമർശിച്ചിട്ടുണ്ടെന്നും കാരണം അതാണ് രോഗി അവരോട് പറഞ്ഞതാണെന്നും അധികൃതർ അറിയിച്ചു.