ന്യൂഡൽഹി: ജാമിയ മിലിയ ഇസ്‌ലാമിയ സർവകലാശാലയിലെ സംഘർഷവുമായി ബന്ധപ്പെട്ട് 10 പേരെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരെല്ലാം ക്രിമിനൽ പശ്ചാത്തലമുളളവരാണെന്നും ഇക്കൂട്ടത്തിൽ വിദ്യാർഥികളായ ഒരാൾ പോലും ഇല്ലെന്നും പൊലീസ് വക്താവ് പറഞ്ഞു.

”അക്രമവുമായി ബന്ധപ്പെട്ട് ജാമിയ നഗർ പ്രദേശത്തുനിന്നും 10 പേരെ അറസ്റ്റ് ചെയ്തു. ഇതിൽ ഭൂരിഭാഗം പേരും ക്രിമിനൽ പശ്ചാത്തലമുളളവരാണ്. അറസ്റ്റിലായവരിൽ വിദ്യാർഥികളാരുമില്ല. സിസിടിവി ദൃശ്യങ്ങളിൽനിന്നുമാണ് ഇവരെ തിരിച്ചറിഞ്ഞത്,” ഡൽഹി പൊലീസ് വക്താവ് എം.എസ്.റാന്ദവ ദി ഇന്ത്യൻ എക്‌സ്‌പ്രസിനോടു പറഞ്ഞു.

കൂടുതൽ അന്വേഷണത്തിന് ഇവരെ ക്രൈംബ്രാഞ്ചിനു കൈമാറുമെന്നും റാന്ദവ പറഞ്ഞു. അറസ്റ്റിലായവർ ജനക്കൂട്ടത്തെ പ്രേരിപ്പിക്കുകയും പൊതുമുതൽ നശിപ്പിക്കുകയും ചെയ്തുവെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. കൂടുതൽ അന്വേഷണത്തിന് ഡിസിപി ഈസ്റ്റ് ഡൽഹി ടീം ഇവരെ ക്രൈംബ്രാഞ്ചിന് കൈമാറുമെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also: പൊലീസ് ലാത്തിചാര്‍ജ്ജിനു ശേഷമുള്ള ജാമിയ ലൈബ്രറി ഇങ്ങനെ: വീഡിയോ

ഞായറാഴ്ച വൈകീട്ട് പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജാമിയ മിലിയ ഇസ്‌ലാമിയ സർവകലാശാല വിദ്യാർഥികൾ നടത്തിയ പ്രതിഷേധം അക്രമാസക്തമായിരുന്നു. ക്യാംപസിനകത്തേക്ക് കടന്ന പൊലീസ് വിദ്യാർഥികൾക്കുനേരെ ലാത്തി വീശി. ഇതിൽ നിരവധി പേർക്ക് പരുക്കേറ്റു. പൊലീസ് കണ്ണീർ വാതവും പ്രയോഗിച്ചു. ലൈബ്രറിക്കുളളിൽനിന്നും വിദ്യാർഥികളെ വലിച്ചിഴച്ച് പുറത്തേക്കിട്ടാണ് പൊലീസ് മർദിച്ചത്.

സംഭവത്തിൽ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ നജ്മ അക്തർ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ടു. അക്രമത്തിനും നശിപ്പിച്ചതിനും തിരിച്ചറിയാത്ത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ സർവകലാശാല എഫ്‌ഐആർ ഫയൽ ചെയ്യുമെന്നും അവർ പറഞ്ഞു.

അതേസമയം, വിദ്യാർഥികളുമായുളള സംഘർഷത്തിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥരടക്കം 30 പേർക്ക് പരുക്കേറ്റിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook