ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യമൊട്ടാകെ പ്രതിഷേധം ശക്തമാകുന്നു. പ്രധാന പ്രതിഷേധ കേന്ദ്രമായ ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാലയിൽ നടന്ന പ്രതിഷേധത്തിനിടെ കസ്റ്റഡിയിലെടുത്ത അൻപതോളം വിദ്യാർഥികളെ പൊലീസ് ഇന്ന് പുലർച്ചെ വിട്ടയച്ചു. ഇവരിൽ 35 പേരെ കൽക്കാജി പോലീസ് സ്റ്റേഷനും ബാക്കി 15 പേരെ ന്യൂ ഫ്രണ്ട്സ് കോളനിയിൽ നിന്നും വിട്ടയച്ചു.

രാജ്യതലസ്ഥാനത്തെ അക്ഷരാർഥത്തിൽ യുദ്ധക്കളമാക്കിയ പ്രക്ഷോഭങ്ങൾ​ അരങ്ങേറിയത് ഇന്നലെ വൈകുന്നേരമായിരുന്നു. കോളേജ് ക്യാമ്പസിനകത്തേക്ക് പ്രവേശിച്ച പൊലീസ് കണ്ണീർ വാതകം പ്രയോഗിക്കുകയും ലൈബ്രറിയിൽ നിന്നും പള്ളിയിൽ നിന്നും വലിച്ചിഴച്ച് ആക്രമിക്കുകയും ചെയ്തു. പ്രക്ഷോഭത്തിൽ നിരവധി പൊലീസുകാർക്കും വിദ്യാർഥികൾക്കും അഗ്നിശമന സേനാംഗങ്ങൾക്കും പരുക്കേറ്റു.

Read More: പൗരത്വ ഭേദഗതി നിയമം: പൊലീസ് ജാമിയ മിലിയ ക്യാമ്പസിൽ, പ്രതിഷേധകർക്കുനേരെ കണ്ണീർവാതക പ്രയോഗം

തെക്കൻ ദില്ലിയിലെ ചില ഭാഗങ്ങളിൽ നിയമത്തിനെതിരായ അക്രമങ്ങൾ പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്നാണ് പോലീസ് നടപടി. മഥുര റോഡ്, ന്യൂ ഫ്രണ്ട്സ് കോളനി, ജാമിയ നഗർ, സരായ് ജുലീന എന്നിവിടങ്ങളിൽ ആയിരത്തിലധികം പ്രതിഷേധക്കാർ പൊലീസുമായി ഏറ്റുമുട്ടി. കുറഞ്ഞത് ആറ് ബസുകളും 50 ഓളം വാഹനങ്ങളും കത്തിച്ചു.

കഴിഞ്ഞ വെള്ളിയാഴ്ച കാമ്പസിന് പുറത്ത് നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ ജാമിയ വിദ്യാർത്ഥികളും പ്രദേശവാസികളും ഉൾപ്പെട്ട സംഘം പൊലീസുമായുള്ള ഏറ്റുമുട്ടലിനെ തുടർന്ന് 27 പേരെ കസ്റ്റഡിയിലെടുത്ത ശേഷം ദേശീയ തലസ്ഥാനത്ത് നടന്ന രണ്ടാമത്തെ പ്രക്ഷോഭമാണിത്. ഹൈദരാബാദിലെ മൗലാന ആസാദ് ഉറുദു സർവകലാശാല, അലിഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റി, പശ്ചിമ ബംഗാളിലെ ജാദവ്പൂർ യൂണിവേഴ്‌സിറ്റി എന്നിവയുൾപ്പെടെ രാജ്യത്തുടനീളം ഈ പ്രതിഷേധ പ്രകടനങ്ങൾ​ നടക്കുന്നുണ്ട്.

അതേസമയം വിദ്യാർത്ഥി സമരത്തെ പിന്തുണച്ച് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി രംഗത്തെത്തി. യുവത്വത്തിന്റെ പ്രതിഷേധം ഭരണകൂടത്തിനുള്ള താക്കീതാണെന്നും യുവാക്കളുടെ ശബ്ദം കേൾക്കാതെ മോദിക്ക് മുൻപോട്ട് പോകാനാവില്ലെന്ന് പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തു.

വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധം അക്രമാസക്തമായതോടെ ഇതുവരെ നാല് പേരാണ് അസമില്‍ കൊല്ലപ്പെട്ടത്. വെടിവയ്പ്പില്‍ പരുക്കേറ്റ ഒരാള്‍ കൂടി ഇന്ന് മരിച്ചു. വ്യാഴാഴ്ച രണ്ടുപേരും ശനിയാഴ്ച ഒരാളും അസമില്‍ കൊല്ലപ്പെട്ടിരുന്നു. നാനാതുറകളില്‍ നിന്നുമുള്ള ആളുകള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയിരിക്കുകയാണ്. അസം ജനതയുടെ എല്ലാ അവകാശങ്ങളും പാലിക്കപ്പെടുമെന്ന് മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍ പറഞ്ഞു. പ്രതിഷേധക്കാര്‍ സംയമനം പാലിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook