ന്യൂഡൽഹി: ജാമിയ മിലിയ യൂണിവേഴ്സിറ്റിയിലെ ലൈബ്രറിയിൽ വിദ്യാർഥികളെ പൊലീസ് ക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ജാമിയ മിലിയ സർവകലാശാല കോ-ഓർഡിനേഷൻ കമ്മിറ്റിയാണ് ദൃശ്യങ്ങൾ ട്വിറ്ററിലൂടെ പുറത്ത് വിട്ടിരിക്കുന്നത്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ ഡിസംബർ 15ന് നടന്ന പൊലീസ് അതിക്രമത്തിന്റെ വീഡിയോയാണ് ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്.

ഓൾഡ് റീഡിങ് ഹാളിൽ പഠിക്കുകയായിരുന്നു വിദ്യാർഥികൾക്ക് നേരെ പാഞ്ഞെത്തിയ പൊലീസ് ലത്തി ഉപയോഗിച്ച് മർദിക്കുകയായിരുന്നു. ഇവിടെയുണ്ടായിരുന്ന സാധന സാമഗ്രികളും തകർത്തു. പൊലീസിൽ നിന്ന്​ രക്ഷനേടാൻ വിദ്യാർഥികൾ ഓടി മാറുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. 49 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ പൊലീസിനെ പ്രതികൂട്ടിലാക്കുകയാണ്.

കേസ് ക്രൈംബ്രാഞ്ചിനു നേരത്തെ കൈമാറിയതാണെന്നും വിഡിയോ ദൃശ്യങ്ങൾ അന്വേഷിക്കുമെന്നും ഡൽഹി പൊലീസ് പ്രതികരിച്ചു.

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം ശക്തമായി അലയടിച്ച കേന്ദ്രങ്ങളിലൊന്നായിരുന്നു ജാമിയ മിലിയ സർവകലാശാല. ഡിസംബർ 15ന് നാടകീയ രംഗങ്ങളാണ് സർവകലാശാലയിൽ അരങ്ങേറിയത്. സംഘർഷത്തിനിടെ പ്രദേശത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങൾ പൊലീസ് തകർക്കുകയും കത്തിക്കുകയും ചെയ്തിരുന്നു. ഇതിൽ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണ്.

കഴിഞ്ഞ ദിവസവും ജാമിയ മിലിയ സർവകലാശാലയിലെ വിദ്യാർഥികൾക്കു നേരെ പൊലീസ് അതിക്രമമുണ്ടായിരുന്നു. വിദ്യാർഥികളുടെ സ്വകാര്യ ഭാഗത്തു പോലും പൊലീസ് മർദിച്ചതായി റിപ്പോർട്ടുകളുണ്ട്. ജാമിയ മിലിയ സർവകലാശാലയിൽ നിന്നു പാർലമെന്റിലേക്കു നടത്തിയ പ്രതിഷേധ മാർച്ചിനിടെയാണ് സംഭവം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook