scorecardresearch
Latest News

ഹൈക്കോടതിയില്‍ നാടകീയ രംഗങ്ങള്‍; ‘ഷെയിം ഷെയിം’ വിളിച്ച് അഭിഭാഷകര്‍

പ്രതിഷേധിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സുരക്ഷയൊരുക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയാണ് പരിഗണിച്ചത്

Jamia violence, ie malayalam

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങള്‍ തുടരുന്നതിനിടെ ഡല്‍ഹി ഹൈക്കോടതിയില്‍ നാടകീയ രംഗങ്ങള്‍. ജാമിയ മിലിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥി പ്രതിഷേധവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. പ്രതിഷേധിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സുരക്ഷയൊരുക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയാണ് പരിഗണിച്ചത്.

ഹര്‍ജി ഉടന്‍ പരിഗണിക്കണമെന്ന് അഭിഭാഷകര്‍ ആവശ്യപ്പെട്ടു. എന്നാല്‍, കോടതി സമ്മതിച്ചില്ല. ഇതോടെ രംഗം വഷളായി. അഭിഭാഷകര്‍ ഷെയിം ഷെയിം മുദ്രാവാക്യം വിളിച്ച് ബഹളമുണ്ടാക്കാന്‍ തുടങ്ങി. ജസ്റ്റിസ് ഡി.എന്‍.പട്ടേല്‍ അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിച്ചത്. അതേസമയം, ജാമിയ മിലിയയിലെ സംഭവങ്ങളില്‍ കേന്ദ്ര സര്‍ക്കാരിന് ഹൈക്കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. കേസ് ഫെബ്രുവരി നാലിലേക്കാണ് ഹൈക്കോടതി മാറ്റിയത്. ഡല്‍ഹി സര്‍ക്കാരിനും ഹൈക്കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.

Read Also: കോടികൾ വാരി ഓസിസ് താരങ്ങൾ; പാറ്റ് കമ്മിൻസിനെ കൊൽക്കത്തയിലെത്തിയത് റെക്കോർഡ് തുകയ്ക്ക്

രാജ്യതലസ്ഥാനത്ത് പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം തുടരുകയാണ്. ഡല്‍ഹിയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് മെട്രോ സ്റ്റേഷനുകള്‍ അടച്ചിട്ടിരിക്കുകയാണ്. 19 മെട്രോ സ്റ്റേഷനുകളാണ് അടച്ചത്. ഇന്‍ഡിഗോ എയര്‍ലൈന്‍സ് ഡല്‍ഹിയില്‍ നിന്നുള്ള 19 വിമാന സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്.

ബെംഗളൂരുവില്‍ പ്രതിഷേധിച്ചിരുന്ന നൂറോളം പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സമാധാന അന്തരീക്ഷം നിലനിര്‍ത്തണമെന്ന് മുഖ്യമന്ത്രി യെഡിയൂരപ്പ ആവശ്യപ്പെട്ടു. അഹമ്മദാബാദില്‍ പ്രതിഷേധിച്ചിരുന്നവര്‍ക്കെതിരെ പൊലീസ് ലാത്തി വീശി. ഇടത് പാര്‍ട്ടികളുടെ നേതൃത്വത്തിലായിരുന്നു അഹമ്മദാബാദിലെ പ്രതിഷേധം. പത്തോളം സംസ്ഥാനങ്ങളിലാണ് പ്രതിഷേധം നടക്കുന്നത്.

Read Also: ഭയപ്പെടുത്തി ഇല്ലാതാക്കാമെന്ന് കരുതുന്നത് മൗഢ്യമാണ്; കേന്ദ്രത്തിനെതിരെ പിണറായി

സര്‍ക്കാരിന്റെ ഉത്തരവ് പ്രകാരം ഡല്‍ഹിയുടെ ചില ഭാഗങ്ങളില്‍ ഇന്റര്‍നെറ്റ്, എസ്എംഎസ് സേവനങ്ങള്‍ നിര്‍ത്തിവച്ചിരിക്കുകയാണെന്ന് എയര്‍ടെല്‍ ഇന്ത്യ ട്വീറ്റ് ചെയ്തു. ഡാനിഷ് ഖാന്‍ എന്ന ഉപയോക്താവിന് മറുപടിയായി ടെലികോം കമ്പനി എഴുതിയതിങ്ങനെ ‘ഹായ്, ഡാനിഷ്! ഞങ്ങള്‍ പറഞ്ഞതു പോലെ, സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം. അധികാരികള്‍, വോയ്സ്, ഇന്റര്‍നെറ്റ്, എസ്എംഎസ് സേവനങ്ങള്‍ നിലവില്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുന്നു. സസ്പെന്‍ഷന്‍ ഓര്‍ഡറുകള്‍ എടുത്തുകഴിഞ്ഞാല്‍, ഞങ്ങളുടെ സേവനങ്ങള്‍ പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാകും. ഞങ്ങളോട് ക്ഷമിക്കണം.’ നിരവധി മാധ്യമ സ്ഥാപനങ്ങൾ ഉൾപ്പെടെ പ്രവർത്തിക്കുന്ന സ്ഥലങ്ങളിലാണ് സേവനങ്ങൾ റദ്ദാക്കിയിരിക്കുന്നത്.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Jamia milia protest advocates against high court