ന്യൂഡല്‍ഹി: മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ കൊലപാതകത്തില്‍ സൗദി അറേബ്യയെ പ്രതിരോധത്തിലാക്കി തുര്‍ക്കി ചീഫ് പ്രോസിക്യൂട്ടറുടെ വെളിപ്പെടുത്തല്‍. ഇസ്താംബൂളിലെ സൗദി കോണ്‍സുലേറ്റിലേക്ക് പ്രവേശിച്ച ഉടനെ ഖഷോഗിയെ ശ്വാസംമുട്ടിച്ച് കൊല്ലുകയും ശേഷം മൃതദേഹം തുണ്ടം തുണ്ടമാക്കുകയും ചെയ്തെന്നാണ് തുര്‍ക്കി ചീഫ് പ്രോസിക്യൂട്ടറുടെ വെളിപ്പെടുത്തല്‍.

മൂന്‍കൂട്ടി ആസൂത്രണം ചെയ്താണ് ഖഷോഗിയെ കൊലപ്പെടുത്തിയതെന്നും പ്രോസിക്യൂട്ടര്‍ അറിയിച്ചു. പ്രസ്താവനയിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. ഒക്ടോബര്‍ രണ്ടിനാണ് ഖഷോഗി സൗദി കോണ്‍സുലേറ്റിലെത്തിയത്. അദ്ദേഹം കോണ്‍സുലേറ്റില്‍ കടന്ന ഉടന്‍തന്നെ കൊലപ്പെടുത്തുകയായിരുന്നു.

അതേസമയം, കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥരുമായുള്ള തര്‍ക്കത്തിനിടെയാണ് ഖഷോഗി കൊല്ലപ്പെട്ടതെന്നായിരുന്നു സൗദി നല്‍കിയ വിശദീകരണം. ഖഷോഗിയെ വധിക്കാന്‍ ഉത്തരവിട്ടതാരാണെന്ന് അന്വേഷിക്കണമെന്ന് തുര്‍ക്കി പ്രസിഡന്റ് രജബ് തയ്യിപ് ഉര്‍ദുഗാന്‍ സൗദി ചീഫ് പ്രോസിക്യൂട്ടര്‍ സൗദ് അല്‍ മൊജീബിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഇതിനിടെ ഖഷോഗി കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി സൗദി ചീഫ് പ്രോസിക്യൂട്ടറും തുര്‍ക്കിയിലെ കോണ്‍സുലേറ്റിയിലെത്തിയിരുന്നു. തുര്‍ക്കി ചീഫ് പ്രോസിക്യൂട്ടറുമായും അദ്ദേഹം ചര്‍ച്ച നടത്തിയിരുന്നെങ്കിലും വിശദാംശങ്ങള്‍ വെളിപ്പെടുത്തിയിരുന്നില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook