വാഷിംഗ്ടണ്‍: ജമാല്‍ ഖഷോഗിയുടെ കൊലപാതകം സൗദി അറേബ്യ സ്ഥിരീകരിച്ചതിന് പിന്നാലെ പ്രതികരണവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. സൗദിയുടെ വിശദീകരണത്തില്‍ താന്‍ ‘തൃപ്തനല്ല’ എന്നാണ് ട്രംപ് പറഞ്ഞത്. ഇനിയും ഉത്തരങ്ങള്‍ ലഭിക്കാനുണ്ടെന്നും ട്രംപ് വ്യക്തമാക്കി. അതേസമയം ശക്തനായ സൗദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന് കൊലപാതകത്തെ കുറിച്ച് വിവരം അറിഞ്ഞിരിക്കാന്‍ സാധ്യതയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സൗദിക്കെതിരെ ഐക്യരാഷ്ട്ര സഭയും ലോക രാഷ്ട്രങ്ങളും വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്. അറബ് രാജ്യങ്ങളില്‍ ചിലര്‍ സൗദിക്ക് പിന്തുണയും പ്രഖ്യാപിച്ചിട്ടുണ്ട്. ഖഷോഗിയുടെ മൃതദേഹം കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

കോണ്‍സുലേറ്റിന് സമീപത്തെ കാടും ഫാമുകളും കേന്ദ്രീകരിച്ച് പുരോഗമിക്കുകയാണ് ഖഷോഗിയുടെ മൃതദേഹം കണ്ടെത്താനുള്ള പരിശോധന. ട്രംപിന്റെ പാര്‍ട്ടിയിലുള്ളവരും വിഷയത്തില്‍ നടപടി ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണം തീര്‍ന്ന ശേഷം പ്രതികരിക്കാമെന്ന നിലപാടിലായിരുന്നു ഭൂരിഭാഗം പേരും. സംഭവത്തില്‍ അന്വേഷണം നീതിയുക്തമാകണമെന്നാണ് ഇവരുടെ ആവശ്യം.

ജര്‍മനിക്കൊപ്പം, കാനഡ, ഫ്രാന്‍സ്, ബ്രിട്ടണ്‍ തുടങ്ങി മിക്ക രാജ്യങ്ങളും സമാന നിലപാടിലാണ്. ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറലും അന്വേഷണം നീതിയുക്തമാകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനിടെ സൗഹൃദ് രാജ്യങ്ങളായ യു.എ.ഇ, ബഹ്റൈന്‍, ഈജിപ്ത് എന്നിവര്‍ സൗദിക്ക് പിന്തുണയുമായി രംഗത്തുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ