ന്യൂഡൽഹി: ജമ്മു കശ്മീർ ജമാഅത്തെ ഇസ്ലാമിയെ കേന്ദ്ര സർക്കാർ നിരോധിച്ചു. രാജ്യവിരുദ്ധ-വിധ്വംസക പ്രവർത്തനങ്ങളുടെ പേരിലാണ് നിരോധനമെന്ന് സർക്കാർ വ്യക്തമാക്കി. നിയമവിരുദ്ധ സംഘടനകളുടെ പട്ടികയിലാണ് ജമാഅത്തെ ഇസ്ലാമിയെ ഉൾപ്പെടുത്തിയിരിക്കുന്നത്.
അഞ്ച് വർഷത്തേക്കാണ് സംഘടനയെ നിരോധിച്ചിരിക്കുന്നത്. നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം (യുഎപിഎ) ചട്ടത്തിന്റെ മൂന്നാം സെഷൻ പ്രകാരമാണ് നിരോധനം. ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നു എന്നതിനാലാണ് സംഘടനയെ നിരോധിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സുരക്ഷാകാര്യ ഉന്നതതല യോഗത്തിനുശേഷം ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. കശ്മീരിലെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്ന ജമാഅത്തെ ഇസ്ലാമിക്ക് ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ വിജ്ഞാപനത്തിൽ വിശദമാക്കുന്നു.
ഫെബ്രുവരി 14ന് പുൽവാമയിലുണ്ടായ ആക്രമണത്തിന് ശേഷം കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ജമാഅത്തെ ഇസ്ലാമിക് നേതാക്കളുടെ വീടുകൾ റെയ്ഡ് ചെയ്തിരുന്നു. റെയ്ഡുകളില് സംഘടനയുമായി ബന്ധമുള്ള 30ല്‍ അധികം പേരെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ഇപ്പോൾ സംഘടനയെ നിയവിരുദ്ധമായി പ്രഖ്യാപിച്ചിരിക്കുന്നത്. ജമാഅത്തെ ഇസ്ലാമി നേതാവ് ഡോ.അബ്ദുള്‍ ഹാമിദ് ഫായിസ്, വക്താവ് സാഹിദ് അല്‍, മുന്‍ ജനറല്‍ സെക്രട്ടറി ഗുലാം ക്വാദില്‍ ലോണ്‍ എന്നിവരടക്കമാണ് അറസ്റ്റിലായിട്ടുള്ളത്.