ലണ്ടന്‍: ജാലിയന്‍ വാലാബാഗ് കൂട്ടക്കൊല ബ്രിട്ടീഷ് ഇന്ത്യന്‍ ചരിത്രത്തിലെ ഏറ്റവും നാണംകെട്ട മുറിപ്പാടാണെന്ന് ബ്രിട്ടന്‍ പ്രധാനമന്ത്രി തെരേസ മേ. ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയുടെ നൂറാം വാര്‍ഷിക ദിനത്തിന് മൂന്ന് ദിവസം ശേഷിക്കേയാണ് ബ്രിട്ടീഷ് പാര്‍ലമെന്റിൽ തെരേസ മേയുടെ പരാമര്‍ശം. 1919 ഏപ്രില്‍ 13 നാണ് ദുരന്തം നടന്നത്. ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയില്‍ അഗാധമായ ദുഖം രേഖപ്പെടുത്തുന്നതായും തെരേസ മേ പറഞ്ഞു. എന്നാല്‍, കൂട്ടക്കൊലയില്‍ മാപ്പ് പറയാന്‍ തെരേസ മേ തയ്യാറായിട്ടില്ല. പൂര്‍ണ ഖേദം പ്രകടിപ്പിക്കാന്‍ പ്രധാനമന്ത്രി തയ്യാറാകണമെന്നാണ് പ്രതിപക്ഷ നേതാവ് ജെറമി കോര്‍ബിന്‍ ആവശ്യപ്പെട്ടത്.
ബ്രിട്ടീഷ് ഭരണകാലത്ത് 1919 ഏപ്രില്‍ 13-ന് പഞ്ചാബിലെ അമൃത്സറിനടുത്ത് ജാലിയന്‍വാലാബാഗില്‍ ബ്രിട്ടീഷ് പട്ടാളം നടത്തിയ വെടിവയ്പില്‍ ആയിരത്തിലേറെ ഇന്ത്യക്കാരാണു കൊല്ലപ്പെട്ടത്. ബ്രിട്ടീഷ് ഭരണത്തിനെതിരേ ഒത്തുകൂടിയ പതിനയ്യായിരത്തിനും ഇരുപതിനായിരത്തിനും ഇടയില്‍വരുന്ന ജനങ്ങള്‍ക്കുനേരെയാണ് ജനറല്‍ ഡയറിന്റെ നിര്‍ദേശപ്രകാരം വെടിവച്ചത്. ജാലിയന്‍വാലാബാഗിലെ മൈതാനം ചുറ്റിലും അടച്ചശേഷം തോക്കുധാരികളായ 50 പട്ടാളക്കാര്‍ 10 മിനിട്ടോളം തുടര്‍ച്ചയായി വെടിവയ്ക്കുകയായിരുന്നു. 1650 റൌണ്ട് വെടിവയ്പില്‍ ആയിരത്തിലേറെപ്പേര്‍ മരിക്കുകയും 1100 പേര്‍ക്കു ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.