scorecardresearch
Latest News

സ്വാതന്ത്ര്യത്തിനായി നല്‍കിയ വില മറക്കരുത്; ജാലിയന്‍വാലാബാഗ് നൂറാംവാര്‍ഷികത്തില്‍ രാഹുല്‍ ഗാന്ധി

ബ്രിട്ടീഷ്-ഇന്ത്യന്‍ ചരിത്രത്തിലെ ഏറ്റവും നാണംകെട്ട ഏട് എന്നാണ് ബ്രിട്ടീഷ് ഹൈകമ്മീഷണര്‍ സര്‍ ഡൊമിനിക് അസ്‌ക്വിത് ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയെ വിശേഷിപ്പിച്ചത്

Rahul Gandhi

ന്യൂഡല്‍ഹി: ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയുടെ നൂറാം വാര്‍ഷിക ദിനത്തില്‍, രക്തസാക്ഷികള്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് വിവിധ രാഷ്ട്രീയ നേതാക്കള്‍. രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ട്വിറ്ററിലൂടെയാണ് കൂട്ടക്കൊലയെ ഓര്‍മ്മിച്ചത്. ‘രക്തസാക്ഷികളുടെ ധീരതയും ത്യാഗവും ഒരിക്കലും മറക്കില്ല,’ രാഷ്ട്രപതി കുറിച്ചു. ‘ആ ഓര്‍മ്മകള്‍ അവര്‍ അഭിമാനിക്കുന്ന ഇന്ത്യയെ പടുത്തുയര്‍ത്താന്‍ നമ്മെ പ്രചോദിപ്പിക്കുന്നു,’ മോദി ട്വീറ്റ് ചെയ്തു.

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രാജ്യ തലസ്ഥാനത്ത്, ജാലിയന്‍വാലാബാഗ് രക്തസാക്ഷികളുടെ ശവകുടീരത്തിലെത്തി ആദരാഞ്ജലി അര്‍പ്പിച്ചു. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. സ്വാതന്ത്ര്യത്തിനായി നാം നല്‍കിയ വില ഒരിക്കലും മറക്കരുതെന്ന് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

ബ്രിട്ടീഷ്-ഇന്ത്യന്‍ ചരിത്രത്തിലെ ഏറ്റവും നാണംകെട്ട ഏട് എന്നാണ് ബ്രിട്ടീഷ് ഹൈകമ്മീഷണര്‍ സര്‍ ഡൊമിനിക് അസ്‌ക്വിത് ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയെ വിശേഷിപ്പിച്ചത്. നാണംകെട്ട മുറിപ്പാട് എന്നാണ് ബ്രിട്ടന്‍ പ്രധാനമന്ത്രി തെരേസ മേയും ഇതിനെ വിശേഷിപ്പിച്ചത്. കൂട്ടക്കൊലയില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായു അവര്‍ പറഞ്ഞു.

Read More: ‘ജാലിയന്‍ വാലാബാഗ് കൂട്ടക്കൊല നാണംകെട്ട മുറിപ്പാട്’: തെരേസ മേ

ബ്രിട്ടീഷ് ഭരണകാലത്ത് 1919 ഏപ്രില്‍ 13-ന് പഞ്ചാബിലെ അമൃത്സറിനടുത്ത് ജാലിയന്‍വാലാബാഗില്‍ ബ്രിട്ടീഷ് പട്ടാളം നടത്തിയ വെടിവയ്പില്‍ ആയിരത്തിലേറെ ഇന്ത്യക്കാരാണു കൊല്ലപ്പെട്ടത്. ബ്രിട്ടീഷ് ഭരണത്തിനെതിരേ ഒത്തുകൂടിയ പതിനയ്യായിരത്തിനും ഇരുപതിനായിരത്തിനും ഇടയില്‍വരുന്ന ജനങ്ങള്‍ക്കുനേരെയാണ് ജനറല്‍ ഡയറിന്റെ നിര്‍ദേശപ്രകാരം വെടിവച്ചത്. ജാലിയന്‍വാലാബാഗിലെ മൈതാനം ചുറ്റിലും അടച്ചശേഷം തോക്കുധാരികളായ 50 പട്ടാളക്കാര്‍ 10 മിനിട്ടോളം തുടര്‍ച്ചയായി വെടിവയ്ക്കുകയായിരുന്നു. 1650 റൌണ്ട് വെടിവയ്പില്‍ ആയിരത്തിലേറെപ്പേര്‍ മരിക്കുകയും 1100 പേര്‍ക്കു ഗുരുതരമായി പരിക്കേല്ക്കുകയും ചെയ്തിരുന്നു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Jallianwala bagh massacre 100th anniversary rahul gandhi says cost of our freedom must never be forgotten